Latest News

സ്‌കൂള്‍ മേല്‍ക്കൂര നിര്‍മാണവും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി സര്‍ക്കാര്‍

സ്‌കൂള്‍ മേല്‍ക്കൂര നിര്‍മാണവും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി സര്‍ക്കാര്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെയും അങ്കണവാടികളുടെയും മേല്‍ക്കൂര നിര്‍മ്മാണത്തിനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്ന സാഹചര്യത്തിലാണ് അടിയന്തര നിര്‍ദേശം. പുതുതായി നിര്‍മിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും അങ്കണവാടികള്‍ക്കും നിശ്ചിത നിലവാരത്തിലുള്ള നോണ്‍ ആസ്ബറ്റോസ് ഷീറ്റ് മേല്‍ക്കൂരകള്‍ ഉപയോഗിക്കാം. നോണ്‍ ആസ്ബറ്റോസ് ഹൈ ഇംപാക്ട് പോളി പ്രൊപിലിന്‍ റീ ഇന്‍ഫോഴ്‌സ്ഡ് സിമന്റ് 6 എം എം തിക്ക് കൊറുഗേറ്റ് ഷീറ്റ് ഉപയോഗിക്കാനാണ് അനുമതി. സ്വകാര്യ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഇതിന് പുറമേ നോണ്‍ ആസ്ബസ്‌റ്റോസ് സാന്‍ഡ് വിച്ച് ഷീറ്റ് ഉപയോഗിച്ചും മേല്‍ക്കൂര നിര്‍മിക്കാം.

ടിന്‍/അലുമിനിയം/ഷീറ്റ് മേഞ്ഞ സ്‌കൂള്‍/അങ്കണവാടി കെട്ടിടങ്ങള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തിനുള്ളില്‍ ഫാള്‍സ് സീലിങ് ചെയ്യണം. ഇതിനൊപ്പം ഫാനും ഘടിപ്പിക്കണം. ഈ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഫിറ്റ്‌നസ് നല്‍കും. 2019ലെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് നിര്‍മാണം ആരംഭിച്ചതും, 2019ന് ശേഷം പൂര്‍ത്തിയായതുമായ കെട്ടിടങ്ങള്‍ക്ക് ഫയര്‍ ആന്റ് സേഫ്റ്റി സൗകര്യം ഒരുക്കുന്നതില്‍ ഇളവ് നല്‍കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് നടത്തിയ ഉന്നതയോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 2019ലെ കേരള കെട്ടിട നിര്‍മാണ ഭേദഗതി പ്രകാരം 1000 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഫയര്‍ ആന്റ് സേഫ്റ്റി അനുമതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 2019ന് മുമ്പ് ഇത്തരമൊരു അനുമതി ആവശ്യമില്ലാത്തതിനാല്‍ സ്‌കൂളുകളില്‍ അതിനുള്ള സൗകര്യമൊരുക്കിയിരുന്നില്ല. ഈ പ്രശ്‌നത്തിനാണ് പുതിയ ഉത്തരവ് വഴി പരിഹാരം കാണുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സ്‌കൂള്‍ വികസന പ്രവര്‍ത്തനത്തിലും ശുചീകരണത്തിലും പ്രവേശനോല്‍സവത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ ക്രിയാത്മകമായി ഇടപെടണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it