Latest News

മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്: ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം

മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്: ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം
X

വി പി സൈതലവി

കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിച്ചുവരുന്ന ആനുകൂല്യങ്ങളെയും അവകാശങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ട് ഈയിടെയായി വംശീയ-വര്‍ഗീയ കുപ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ രംഗത്ത് മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളുടെയും മറ്റും രൂപത്തില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നുണ്ട് എന്നത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുസ്ലിംകള്‍ ആണെന്നും ഈ വകുപ്പുപയോഗിച്ച് തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട ആനുകൂല്യങ്ങളും മറ്റും മുസ്ലിം വിഭാഗങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ കടുത്ത ആരോപണം.

ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രി പദവി നല്‍കപ്പെടും എന്ന് പാര്‍ട്ടി കേന്ദ്രങ്ങളും പാര്‍ട്ടി പത്രവും പറഞ്ഞ മുസ്ലിം മന്ത്രി ഉറങ്ങിയെണീറ്റപ്പോള്‍ വകുപ്പ് നഷ്ടമായതും ഇതുകൊണ്ടുതന്നെയാണ്.

2011ല്‍ രൂപീകൃതമായ ന്യൂനപക്ഷക്ഷേമ വകുപ്പ് 2001 മുതല്‍ മുസ്ലിംകള്‍ കൈകാര്യം ചെയ്യുന്നു എന്ന കള്ളപ്രചാരണവും മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നികുതിപ്പണം ഉപയോഗിച്ച് ശമ്പളം നല്‍കുന്നു എന്ന കള്ളവും കേരളത്തിലെ സാമുദായിക സൗഹൃദ അന്തരീക്ഷത്തില്‍ പടര്‍ന്നു പിടിച്ചിട്ടും ഇടതുപക്ഷ സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിടാതെ ഗുരുതരമായ മൗനംപാലിച്ചു.

എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തന്നെ ദുഷ്പ്രചരണങ്ങളോ അല്ലെങ്കില്‍ വസ്തുതകളെ മറച്ചുവെച്ചുള്ള ആരോപണങ്ങളോ മാത്രമാണെന്ന് ഇതിന്റെ ഔദ്യോഗികമായ വിവരങ്ങളും കണക്കുകളും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ന്യൂനപക്ഷക്ഷേമ വകുപ്പ് ആരോപണവിധേയമായതോടെ 80-20 അനുപാത വിഷയത്തിലെ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ഈ ആനുകൂല്യങ്ങള്‍ റദ്ദാക്കി.

ഇപ്പോള്‍ മദ്രസ അധ്യാപക ക്ഷേമനിധിയും കോടതിയുടെ പരിഗണനയിലാണ്. സര്‍ക്കാരിനോട് കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.മതസൗഹാര്‍ദ്ദത്തിനും മനുഷ്യസൗഹാര്‍ദ്ദത്തിനും കേളികേട്ട കേരളത്തിലെ മണ്ണില്‍ ദുഷ്പ്രചാരണം നടന്നാല്‍ വര്‍ഗീയമായ ചെരിവിലൂടെ വോട്ട് ലാഭിക്കാം എന്ന അജണ്ടയോടെ കണക്കുകള്‍ പുറത്തുവിടാതെ മൗനം പാലിക്കുന്ന നയം തന്നെയാണ് മദ്രസാധ്യാപക ക്ഷേമനിധി വിഷയത്തിലും സര്‍ക്കാര്‍ തുടരുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പിലും മറ്റാനുകൂല്യങ്ങളിലും മദ്രസ അധ്യാപകരുടെ ക്ഷേമനിധിയടക്കം എല്ലാ കാര്യങ്ങള്‍ക്കും വിശദമായ കണക്കുകള്‍ ലഭ്യമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണ്.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ മുസ് ലിം ന്യൂനപക്ഷം നേരിടുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പിന്നാക്കാവസ്ഥയുടെ വെളിച്ചത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്തുകൊണ്ട് സച്ചാര്‍ കമ്മീഷന് പോലെയുള്ള പഠന സംഘങ്ങളെ നിയോഗിക്കുന്നത്. ഇതേതുടര്‍ന്ന് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടും അതുപോലെ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പദ്ധതികള്‍ പോലെയുള്ള കര്‍മപരിപാടികളിലൂടെയും രാജ്യത്തെ അരികുവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇപ്പോള്‍ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട പല സ്‌കോളര്‍ഷിപ്പുകളും ഇത്തരത്തില്‍ കേന്ദ്രം നേരിട്ട് നടപ്പിലാക്കുകയും സംസ്ഥാനം കേവലമായി ഇതിന്റെ വിതരണ ദൗത്യം നിര്‍വഹിക്കുന്നതുമായ സ്‌കോളര്‍ഷിപ്പുകളാണ് എന്നതാണ് യാഥാര്ഥ്യം.

ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍സെക്കണ്ടറി തലത്തിലും ന്യൂനപക്ഷ ക്ഷേമവകുപ്പിന് പൊതു സ്‌കോളര്‍ഷിപ്പുകള്‍ ഇല്ല. എന്നാല്‍, മുഴുവന്‍ എ-പ്ലസ് നേടുന്ന വിദ്യാര്ഥികള്‍ക്കും മാത്രം മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ഹൈസ്‌കൂള്‍, ഹയര്‌സെക്കന്ററി തലത്തില്‍ മുന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 2000, 4000 എന്നിങ്ങനെ 'സമുന്നതി' സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുമ്പോള്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന പൊതു സ്‌കോളര്‍ഷിപ്പുകളൊന്നും തന്നെ നിലവിലില്ല. ഇതിനു പകരം, ഫുള് എ-പ്ലസ് നേടുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രം (പൊതു അല്ല) ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് നിലവിലുള്ളത്. പ്രൊഫഷണല്‍-നോണ് പ്രൊഫഷണല്‍ ഡിഗ്രി, പി.ജി തുടങ്ങിയ തലങ്ങളിലെല്ലാം തന്നെയും ന്യൂനപക്ഷ വിദ്യാര്‍ഥികള്ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് മുന്നാക്കക്കാര്‍ക്ക് ലഭിക്കുന്നത്.

ഇതുകൂടാതെ, എന്‍ ഐ ടി പോലെയുള്ള ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന മുന്നാക്കക്കാര്‍ക്ക് 50,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നിലവിലുള്ളപ്പോള്‍ പിന്നാക്കക്കാരായ ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം പദ്ധതികളൊന്നും തന്നെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. ഇതുപോലെ തന്നെയാണ് എം.ഫില്‍, പി.എച്ച്.ഡി സ്‌കോളര്‍ഷിപ്പുകളുടെ അവസ്ഥയും. 25,000 രൂപ വെച്ച് എം.ഫിലോ പി.എച്ച്.ഡിയോ ചെയ്യുന്ന മുന്നാക്കക്കാരായ വിദ്യാര്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ഇതിന് തതുല്യമായ യാതൊരു സ്‌കോളര്ഷിപ്പും ന്യൂനപക്ഷ വിദ്യാര്‍്ഥികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടില്ല. എന്നാല്‍, ഇത്തരത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെയും അല്ലെങ്കില്‍ ആശ്ചര്യം ജനിപ്പിക്കുന്ന കണക്കുകളെയും മറച്ചുവെച്ച് കൊണ്ടുള്ള വിദ്വേഷ-വര്‍ഗീയ പ്രചരണങ്ങളുടെ പല വാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് വസ്തുതാ വിശകലനങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടുന്നുണ്ട്.

ഹിന്ദു സമുദായത്തില്‍ നിന്ന് നായര്‍ നമ്പൂതിരി തുടങ്ങിയ വിഭാഗങ്ങളും ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് ലത്തീന്‍ പരിവര്‍ത്തിത വിഭാഗങ്ങളും ഒഴിച്ച് ബാക്കി മുഴുവന്‍ കൃസ്ത്യാനികളും മുന്നോക്ക വിഭാഗത്തില്‍ പെടുന്നവരാണ്.

അതുകൊണ്ടുതന്നെ മുന്നോക്ക വികസന കോര്‍പ്പറേഷന്റെ സമുന്നതി സ്‌കോളര്‍ഷിപ്പിന് ക്രിസ്ത്യന്‍ വിഭാഗം അര്‍ഹരമാണ്. ഒരേ സമയം മുന്നോക്ക വികസന കോര്‍പ്പറേഷന്റേയും ന്യൂനപക്ഷ വകുപ്പിന്റെയും ആനുകൂല്യങ്ങള്‍ ക്രൈസ്തവര്‍ക്ക് മാത്രം ലഭിക്കുന്നുണ്ട്.

മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.kswcfc.org യില്‍ രേഖപ്പെടുത്തിയ കണക്കുകളനുസരിച്ച് 2017-18 വര്‍ഷത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മുന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 2000 രൂപ വെച്ച് 20829 ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ മുന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 3,000 രൂപ വെച്ച് (ഇപ്പോള്‍ 4,000 രൂപയാക്കി ഉയര്‍ത്തി)15,015 പേര്‍ക്ക് നല്‍കിയപ്പോള്‍ നോണ്‍ പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപ വെച്ച് 4,989 പേര്‍ക്ക് നല്‍കി.

പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 7,000 രൂപ വെച്ച് 2,657 പേര്‍ക്ക് നല്‍കി. എന്‍ഐടി വിദ്യാര്‍ത്ഥികള്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കമ്പനി സെക്രട്ടറിഷിപ്പ് തുടങ്ങിയ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി യഥാക്രമം 50,000, 10,000, 6,000 രൂപ വീതം നല്‍കിയിട്ടുണ്ട്. മുന്നോക്ക വിഭാഗത്തിന് പുറത്തുള്ള ആര്‍ക്കും തന്നെ ഈ ഫണ്ടില്‍ നിന്നും ഒരു പൈസ പോലും ലഭിക്കില്ല.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കണക്കുകള്‍ കൂടുതല്‍ ബോധ്യമാകും.

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ ഉര്‍ദു സ്‌കോളര്‍ഷിപ്പ് ഒഴിച്ച് പ്രധാനമായും ഏഴ് സ്‌കോളര്‍ഷിപ്പുകള്‍ ആണുള്ളത്. ഈ ഏഴെണ്ണത്തില്‍ സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് ഒഴികെ ബാക്കി ആറിലും മുഴുവന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്കും അര്‍ഹതയുണ്ട്. അതായത് മുന്നോക്ക വിഭാഗത്തിലെ സമുന്നതി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ് എന്നര്‍ത്ഥം.

സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് മുസ് ലിം ലാറ്റിന്‍ മറ്റു പരിവര്‍ത്തിത ക്രിസ്ത്യന്‍സ് വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിനു പുറമേ, രണ്ടു വര്‍ഷത്തേക്ക് 20,000 രൂപയും ഒരു വര്‍ഷത്തേക്ക് 10,000 രൂപയും നല്‍കുന്ന ഐടിസി റീ ഇമ്പേഴ്‌സ്‌മെന്റ് സ്‌കോളര്‍ഷിപ്പ്,

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കമ്പനി സെക്രട്ടറിഷിപ്പ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്,

സിവില്‍ സര്‍വീസ് പരീക്ഷക്ക് ട്യൂഷന്‍ ഫീസായി നല്‍കുന്ന 20,000 രൂപയുടേയും ഹോസ്റ്റല്‍ ഫീസായി നല്‍കുന്ന 10,000 രൂപയുടേയും സ്‌കോളര്‍ഷിപ്പ്,

80 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിച്ച ന്യൂനപക്ഷ വിഭാഗത്തിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും 75 ശതമാനം മാര്‍ക്ക് വാങ്ങിച്ച ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും 15,000 രൂപ വീതം നല്‍കുന്ന ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്, നഴ്‌സിംഗ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 15,000 രൂപ പ്രതിവര്‍ഷം നല്‍കുന്ന മദര്‍തെരേസ സ്‌കോളര്‍ഷിപ്പ്, മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ വെച്ച് നല്‍കുന്ന എപിജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ് എന്നിവയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലുള്ള മറ്റു സ്‌കോളര്‍ഷിപ്പുകള്‍. ഇവയെല്ലാംതന്നെ ക്രൈസ്തവര്‍ ഉള്‍പ്പെടെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

സച്ചാര്‍ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ മുസ് ലിം വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പിലായ വകുപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്ന് പേര് നല്‍കിയപ്പോള്‍ മുസ് ല ിംകള്‍ വിവാദങ്ങളുണ്ടാക്കിയില്ല.

പാലോളി കമ്മിറ്റിയുടെ പ്രഥമ സിറ്റിങ്ങില്‍ സമിതി അംഗമായ കെ ഇ ഇസ്മയിലിന്റെ ചോദ്യം പ്രസക്തമായിരുന്നു.

പൊതുവായ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനാണോ അതോ മുസ്‌ലിം വിഭാഗത്തിന്റെ മാത്രം പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനാണോ കമ്മറ്റിയുടെ രൂപീകരണം എന്നതായിരുന്നു ചോദ്യം.

മുസ്‌ലിം പ്രശ്‌നങ്ങള്‍ മാത്രം പഠിക്കുന്നതിന് എന്ന് സമിതി ചെയര്‍മാനായ പാലോളിയുടെ ഉത്തരത്തില്‍ നിന്നുള്ള ടേംസ് ഓഫ് റഫറന്‍സ് മനസ്സിലാക്കിയത് കൊണ്ടാണ് സമിതി അംഗമായ വില്‍സണ്‍ പോലും തന്റെ സമുദായത്തിന്റെ കാര്യം കമ്മറ്റിയില്‍ ഉന്നയിക്കാത്തിരുന്നത്.

പൂര്‍ണ്ണമായും മുസ് ലിം സമുദായത്തിന് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും 80-20 അനുപാതത്തില്‍ മറ്റു വിഭാഗങ്ങള്‍ക്ക് കൂടി നല്‍കാന്‍ തീരുമാനിച്ചതും കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ് ലിം യൂത്ത് എന്ന പേര് മാറ്റി കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്നാക്കിയതും പോലെ സ്‌കോളര്‍ഷിപ്പുകളില്‍ രണ്ടെണ്ണത്തിന് ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് എന്നും മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് എന്ന പേരു നല്‍കിയതും വലിയ ദുഷ്പ്രചാരണത്തിന് ഇടയാക്കി. ഈ സ്‌കോളര്‍ഷിപ്പുകള്‍ 'പോലും' 20% മാത്രം മറ്റുള്ളവര്‍ക്ക് നല്‍കി 80% മുസ് ലിംകള്‍ 'അനധികൃതമായി അടിച്ചെടുക്കുന്നു' എന്ന ദുഷ്പ്രചരണമാണ് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പ്രചരിപ്പിച്ചത്.

ഒരു പ്രത്യേക സമുദായത്തിന് മാത്രം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നികുതിപ്പണത്തില്‍ നിന്ന് സഹായങ്ങള്‍ ഒരുക്കുന്നതാണ് പരാതിയെങ്കില്‍ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തിത ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനും ഇത് ബാധകമാകേണ്ടതല്ലേ.

Kerala State DÃlopment Corporation for Converted Chtsriians from SC and the Recommended Communities Ltd എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് കോടികള്‍ ഫണ്ടും സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥരും ഉണ്ട്. മറ്റു മതങ്ങളില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് ഈ കോര്‍പ്പറേഷന്‍ വഴി കൃഷി, ഭവനനിര്‍മ്മാണം, സ്വയംതൊഴില്‍- വിദ്യാഭ്യാസ- വ്യക്തിഗത വായ്പകള്‍ എന്നിവ നല്‍കുന്നുണ്ട്. മറ്റു സമുദായങ്ങള്‍ക്കൊന്നും തന്നെ ഈ വകുപ്പില്‍ നിന്ന് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കില്ല.

12/5/2017 ന് അന്നത്തെ വകുപ്പ് മന്ത്രി ബാലന്‍ ചോദ്യം നമ്പര്‍ 3457ന് നിയമസഭയില്‍ നല്‍കിയ മറുപടി ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കും.

ഈ കോര്‍പ്പറേഷന്‍ വഴി നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്ന് സംഘപരിവാര്‍ പ്രചാരണം നടത്തിയപ്പോഴും മുസ് ലിം വിഭാഗം കോലാഹലങ്ങളൊന്നും ഉണ്ടാക്കിയില്ല.

ഈ കോര്‍പ്പറേഷന് 17 കോടി അനുവദിച്ചത് 40 കോടിയാക്കി ഉയര്‍ത്തിയപ്പോള്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന് അനുവദിച്ച 107 കോടി രൂപ 42 കോടി രൂപയാക്കി കുറച്ചതും കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും യോഗ്യതയുണ്ട് എന്നതുകൂടി ഇതോടൊപ്പം മനസ്സിലാക്കണം.

ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണെങ്കിലും അവരില്‍ 6% മാത്രമാണ് പിന്നോക്കക്കാര്‍ ഉള്ളത്. അതുകൊണ്ടുതന്നെ മുന്നോക്ക വിഭാഗത്തിന്റെയും ന്യൂനപക്ഷ വിഭാഗത്തിന്റെയും പിന്നോക്ക പരിവര്‍ത്തിത വിഭാഗത്തിന്റെയും ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒരേയൊരു വിഭാഗമാണ് ക്രിസ്ത്യന്‍ സമുദായം.

എന്നാല്‍ മുസ് ലിം വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്ന് മാത്രമാണ്. 100% അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ മറ്റു വിഭാഗങ്ങളുമായി പങ്കു വെച്ചിട്ടും എല്ലാം അനധികൃതമായി നേടിയെടുക്കുന്നു എന്ന പ്രചാരണം നടത്തി കോടതിയുടെ ഇടപെടലിലൂടെ ആ ആനുകൂല്യങ്ങളും ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുന്നു.

മുന്നോക്ക വികസന കോര്‍പ്പറേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് പേരിനു മാത്രമുള്ള ഒരു വകുപ്പാണെന്ന് മനസ്സിലാകും.

കേരളത്തില്‍ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന് ക്യാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. എന്നാല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചെയര്‍മാന് ക്യാബിനറ്റ് പദവിയില്ല. വിവിധ സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ പോലും ന്യൂനപക്ഷക്ഷേമ വകുപ്പ് ചെയര്‍മാന് ക്യാബിനറ്റ് പദവിയുണ്ട്.

കേന്ദ്ര ഗവണ്‍മെന്റ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡിനും ഹജ്ജ് കമ്മിറ്റിക്കും വകുപ്പ് സെക്രട്ടറി പോലുമില്ലാതെ റവന്യൂ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ദേവസ്വം ബോര്‍ഡിന്റെ സംവിധാനങ്ങളോ സൗകര്യങ്ങളോ വഖഫ് ബോര്‍ഡിനും ഹജ്ജ് കമ്മിറ്റിക്കും ഇല്ലെങ്കില്‍ പോലും മുസ്‌ലിംകള്‍ അനധികൃതമായി എല്ലാം കയ്യടക്കുന്നു എന്നതാണ് പ്രചാരണം.

മതസൗഹാര്‍ദ്ദത്തിനും മനുഷ്യ സൗഹാര്‍ദ്ദത്തിനും കേളികേട്ട കേരളത്തിലെ മണ്ണ് ദുഷ്പ്രചാരണം നടത്തി വര്‍ഗീയമായ ചേരിതിരിവിലേക്ക് പോവരുത്.

എല്ലാ മതമേലധ്യക്ഷന്മാരും ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് നീതി പരമായി കാര്യങ്ങള്‍ തീരുമാനിച്ച് പരസ്പരം അറിയാനും അടുക്കാനും ഉള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം മുസ് ലിം സമുദായത്തിന് അര്‍ഹമായത് നല്‍കാന്‍ എല്ലാ വിഭാഗങ്ങളും കൂടെ നില്‍ക്കുകയും ചെയ്യണം. കേരളത്തിന്റെ മാനുഷിക സൗഹാര്‍ദം എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണ്.

(വി പി സൈതലവി എംഇഎസ് പൊന്നാനി കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്)

Next Story

RELATED STORIES

Share it