Latest News

മുല്ലപ്പെരിയാറില്‍ ഉന്നതാധികാരസമിതിയുടെ ശുപാര്‍ശകള്‍ കേരളവും തമിഴ്‌നാടും നടപ്പാക്കണം: സുപ്രിംകോടതി

മുല്ലപ്പെരിയാറില്‍ ഉന്നതാധികാരസമിതിയുടെ ശുപാര്‍ശകള്‍ കേരളവും തമിഴ്‌നാടും നടപ്പാക്കണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേരളത്തിനും തമിഴ്‌നാടിനും സുപ്രിംകോടതി നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള അനുമതിക്കായി വീണ്ടും കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കണം. ഇത്തരത്തില്‍ തമിഴ്‌നാട് അപേക്ഷ നല്‍കുമ്പോള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ കേരളത്തില്‍ വേഗത്തിലാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളായിരുന്നു ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്.

ഇതിനുപുറമേ, അണക്കെട്ടിന്റെ അറ്റകുറ്റ പണികള്‍ക്ക് അനുമതി നല്‍കുക, അണക്കെട്ടിലേക്ക് പോകുന്ന ഗാട്ട് റോഡിന്റെ നവീകരണം നടത്തുക തുടങ്ങി വ്യത്യസ്തമായ നിര്‍ദേശങ്ങളായിരുന്നു ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്. ഉന്നതാധികാര സമിതിയുടെ ഈ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഇരുസംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് സുപ്രിംകോടതി ഇന്ന് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ഇരുസര്‍ക്കാരുകള്‍ക്കും എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം ഇന്നും സുപ്രിംകോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഉന്നതാധികാര സമിതി മുന്നോട്ടുവെച്ചിട്ടുള്ള ശുപാര്‍ശകളുടെ നടത്തിപ്പുമായി മുന്നോട്ടുപോകാനാണ് കോടതി നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it