Latest News

പെര്‍മിറ്റില്ലാതെ ഹജ്ജിന് ശ്രമിച്ചാല്‍ ശിക്ഷ; പിഴയും നാടുകടത്തലും പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം

പെര്‍മിറ്റില്ലാതെ ഹജ്ജിന് ശ്രമിച്ചാല്‍ ശിക്ഷ; പിഴയും നാടുകടത്തലും പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം
X

മക്ക: ഹജ്ജ് സീസണ്‍ സുരക്ഷിതവും ക്രമബദ്ധവുമായി നടത്തുന്നതിനായി ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റില്ലാതെ തീര്‍ത്ഥാടനത്തിന് ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. നിയമലംഘകര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തുന്നതോടൊപ്പം വിദേശികളായാല്‍ നാടുകടത്തലും നേരിടേണ്ടിവരും.

മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശപ്രകാരം, ദുല്‍ഖഅദ് ഒന്ന് (ഏപ്രില്‍ 18) മുതല്‍ ദുല്‍ഹജ്ജ് 14 (മെയ് 31) വരെ വിവിധ വിസിറ്റ് വിസകളില്‍ രാജ്യത്തെത്തുന്നവര്‍ക്ക് മക്കയിലേക്കും മറ്റു വിശുദ്ധ കേന്ദ്രങ്ങളിലേക്കും പ്രവേശിക്കാനോ അവിടെ താമസിക്കാനോ അനുമതിയുണ്ടാകില്ല. ഉംറ വിസയില്‍ എത്തിയവര്‍ക്ക് രാജ്യത്ത് തുടരാവുന്ന അവസാന തിയ്യതി ഏപ്രില്‍ 18 ആണെന്നും അതിന് ശേഷം തുടരുന്നവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹജ്ജ് പെര്‍മിറ്റില്ലാത്തവരെ സഹായിക്കുന്നവര്‍ക്കും താമസ സൗകര്യം ഒരുക്കുന്നവര്‍ക്കും ഗതാഗതം നല്‍കുന്നവര്‍ക്കും ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. നിയമലംഘകരുടെ എണ്ണം കൂടുന്നതനുസരിച്ച് പിഴത്തുകയും ഉയരും. പെര്‍മിറ്റില്ലാത്തവരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

നിയമലംഘനം നടത്തുന്ന പ്രവാസികളെയും വിസ കാലാവധി കഴിഞ്ഞിട്ടും തുടരുന്നവരെയും ഉടന്‍ നാടുകടത്തുകയും 10 വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. ശിക്ഷ ലഭിക്കുന്നവര്‍ക്ക് 30 ദിവസത്തിനകം ബന്ധപ്പെട്ട കമ്മിറ്റിയില്‍ പരാതി നല്‍കാനും, തുടര്‍ന്ന് 60 ദിവസത്തിനകം അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുമുള്ള അവസരമുണ്ടാകും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക മേഖലയിലുള്ളവര്‍ 911 നമ്പറില്‍ വിവരം അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it