Latest News

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍

കരിപ്പൂരില്‍ നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വീസുകളുണ്ടാകുക

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍
X

മലപ്പുറം: പത്തുവര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദി എയര്‍ലൈന്‍സ് വിമാനം കരിപ്പൂരിലെത്തി. കരിപ്പൂരില്‍ നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വീസുകളുണ്ടാകുക. ഇന്ന് രാവിലെയാണ് വിമാനം സര്‍വീസ് പുനരാരംഭിച്ചത്. രാവിലെ 8.15 ഓടെയാണ് വിമാനം ഇറങ്ങിയത്. 9.45ന് കരിപ്പൂരില്‍ നിന്ന് റിയാദിലേക്ക് പുറപ്പെടും. 185 മുതല്‍ 239 വരെ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. അരമണിക്കൂര്‍ നേരത്തെ എത്താനായെന്ന് യാത്രക്കാര്‍ പറഞ്ഞു.

നല്ല സര്‍വീസാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം. സൗദി എയര്‍ലൈന്‍സിന്റെ ചെറിയ വിമാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഭാവിയില്‍ വലിയ വിമാനങ്ങള്‍ എത്തിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും മലബാര്‍ ഡെവലപ്മെന്റ് ഫോറം ഭാരവാഹികള്‍ പറഞ്ഞു. മലബാറിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കാന്‍ സൗദി എയര്‍ലൈന്‍സിന്റെ വരവ് സഹായിക്കുമെന്നാണ് കരുതുന്നത്. കോല്‍ക്കളിയും അറബന മുട്ടും ശിങ്കാരി മേളവുമായാണ് നാട്ടുകാര്‍ വിമാനത്തിന് വരവേല്‍പ്പൊരുക്കിയത്.

തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് സൗദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 14വരെയാണ് ഈ സമയക്രമം. മാര്‍ച്ച് 15 മുതല്‍ ആഴ്ചയില്‍ ആറു ദിവസവും സര്‍വീസുണ്ടാകും. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. മാര്‍ച്ച് 28വരേയുള്ള സമയക്രമമാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2015ല്‍ റണ്‍വേ നവീകരണത്തെതുടര്‍ന്നാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂര്‍ വിട്ടത്. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതുടര്‍ന്നായിരുന്നു ഇത്.

യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിദ്ദ സര്‍വീസ് ആരംഭിക്കാന്‍ ഇനിയും സമയമെടുക്കും. അഞ്ച് മണിക്കൂറില്‍ താഴെ പറക്കാന്‍ സമയമുള്ള സ്ഥലങ്ങളിലേക്കേ ചെറിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകു. ജിദ്ദ സര്‍വീസിന് ആറു മണിക്കൂറിന് മുകളില്‍ സമയമെടുക്കും. ഇത്ര സമയം പറക്കാനുള്ള ഇന്ധനം സംഭരിക്കാന്‍ വലിയ വിമാനങ്ങള്‍ക്കേ സാധിക്കു. റെസ നവീകരണം പൂര്‍ത്തിയായാലേ കരിപ്പൂര്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുകയുള്ളു.

Next Story

RELATED STORIES

Share it