Latest News

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി; മന്ത്രി വി അബ്ദുറഹിമാന്‍ സമസ്ത കാര്യാലയം സന്ദര്‍ശിക്കും

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി; മന്ത്രി വി അബ്ദുറഹിമാന്‍ സമസ്ത കാര്യാലയം സന്ദര്‍ശിക്കും
X

കോഴിക്കോട്: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരേ വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ മന്ത്രി വി അബ്ദുറഹിമാന്‍ മുത്തുക്കോയ തങ്ങളെ സന്ദര്‍ശിക്കും. രാവിലെ പതിനൊന്നേ മുക്കാലിനാണ് മന്ത്രി കോഴിക്കോട്ടെ സമസ്ത ഓഫിസിലെത്തുക.

ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാവുമെന്ന് ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. മലപ്പുറം ആനക്കയം, ചേപ്പൂര്‍ സിദ്ദീഖിയ ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പൊതു പരിപാടിയിലാണ് തനിക്കെതിരേ ഒപ്പമുള്ളവരില്‍നിന്നുള്ള വധഭീഷണിയെ കുറിച്ച് സമസ്ത അധ്യക്ഷന്‍ വെളിപ്പെടുത്തിയത്.

''ഒരു പ്രസ്ഥാനവുമായി മുന്നോട്ടു പോകാന്‍ വലിയ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരും. പലേ ഓഫറുകളും ഇപ്പോള്‍ ഉണ്ട്. സി എമ്മിന്റെ അനുഭവം ഉണ്ടാകും. മറ്റു ചിലരുടെ അനുഭവം ഉണ്ടാകും എന്നൊക്കെ. വിവരമില്ലാത്ത പലരും വിളിച്ചു പറഞ്ഞിട്ടുണ്ട്. അങ്ങനെ പല അനുഭവവും. ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതുകൊണ്ടൊന്നും പിന്നോട്ട് പോകുന്ന ആളല്ല. ധൈര്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. അങ്ങനെയാണ് മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെയാകും..'' എന്നിങ്ങനെയായിരുന്ന സമസ്ത അധ്യക്ഷന്റെ പരാമര്‍ശങ്ങള്‍.

വഖഫ് വിഷയത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാടെടുത്തതുമായി ബന്ധപ്പെട്ടാണ് ഭീഷണി സന്ദേശം വന്നത്. അതേസമയം പോലിസില്‍ പരാതിപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു.

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി എം അബ്ദുല്ല മുസ്‌ല്യാരുടെ മൃതദേഹം വീട്ടില്‍നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ മല്‍സ്യ തൊഴിലാളികള്‍ കണ്ടത്.

കാസര്‍കോട് ജില്ലയിലെ ചില മുസ്‌ലിംലീഗ് നേതാക്കളും ജില്ലയിലെ തന്ന പ്രമുഖ സമസ്ത നേതാവുമാണ് ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണത്തില്‍ സംശയനിഴലിലുള്ളത്. വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ഉറച്ച നിലപാടുകളുടെ പേരില്‍ ജിഫ്രി തങ്ങള്‍ക്കെതിരേയും സമാന സാഹചര്യമാണ് സംജാതമായത്.

Next Story

RELATED STORIES

Share it