Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: 'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; അറസ്റ്റ് റിപോര്‍ട്ട്

തന്ത്രി 14 ദിവസം റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു; അറസ്റ്റ് റിപോര്‍ട്ട്
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിളപ്പാളികള്‍ കൈമാറിയത് താന്ത്രിക വിധികള്‍ പാലിക്കാതെയാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം, അറസ്റ്റിലായ കണ്ഠര് രാജീവരെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ. സി എസ് മോഹിതിന് മുമ്പാകെ ഹാജരാക്കി. തേവള്ളിയിലെ ജഡ്ജിയുടെ ക്വാര്‍ട്ടേഴ്‌സിലാണ് അല്‍പ്പസമയം മുന്‍പ് ഹാജരാക്കി. തന്ത്രി 14 ദിവസം റിമാന്‍ഡില്‍. ജാമ്യാപേക്ഷ ജനുവരി 13ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

ആചാര ലംഘനത്തിനെതിരേ യാതൊരു നടപടിയും സ്വീകരിച്ചില്ല. താന്ത്രിക വിധികള്‍ പാലിക്കാതെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയത്. ദേവന്റെ അനുവാദം വാങ്ങിയില്ല. ദേവസ്വം ബോര്‍ഡ് പോറ്റിക്ക് പാളികള്‍ കൈമാറിയപ്പോള്‍ തന്ത്രി തടഞ്ഞില്ലെന്നും പാളികള്‍ കൊണ്ടുപോകുവാന്‍ കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും നോട്ടീസില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ അവസരങ്ങള്‍ നല്‍കിയത് തന്ത്രിയാണെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. മുന്‍ തിരുവിതാകൂര്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയും തന്ത്രിക്ക് കുരുക്കായി.

ശബരിമലയിലെ മൂല്യമേറിയ വസ്തുക്കള്‍ പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ തന്ത്രിയുടെ അനുമതി വേണമെന്നിരിക്കെ സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയിട്ടില്ല എന്നായിരുന്നു കണ്ഠരര് രാജീവരുടെ ആദ്യ മൊഴി. എന്നാല്‍ മഹസര്‍ റിപോര്‍ട്ടിലും കണ്ടെടുത്ത രേഖകളിലുമെല്ലാം തന്ത്രിയും ഒപ്പിട്ടിട്ടുണ്ടെന്ന് എസ്ഐടി മനസിലാക്കുകയും അതിന്റെ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റടക്കമുള്ളവരുടേയും ഉദ്യോഗസ്ഥരുടേയും മൊഴികളും തന്ത്രിക്കെതിരേയായിരുന്നു. തന്ത്രി അറിഞ്ഞാണ് സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വളര്‍ത്തിയതും ശബരിമലയില്‍ കൊണ്ടുവന്നതുമെല്ലാം തന്ത്രിയാണെന്നും അറസ്റ്റിലായ എ പത്മകുമാര്‍ അടക്കം മൊഴി നല്‍കിയിരുന്നു. ദൈവതുല്യനായ ഒരാള്‍ക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും അദ്ദേഹമാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്നും പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. ആ ദൈവതുല്യന്‍ തന്ത്രിയാണെന്നും വ്യക്തമായി. ഇതോടെയാണ് തന്ത്രി കണ്ഠരര് രാജീവിന്റെ അറസ്റ്റിലേക്കെത്തിയത്. ശബരിമല സ്വർണക്കൊള്ള കേസിൽ 13-ാം പ്രതിയാണ് തന്ത്രി കണ്ഠരര് രാജീവര്.

ഇന്ന് രാവിലെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചയ്ക്കുശേഷം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി കൊണ്ടുവന്നു. വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ അറസ്റ്റില്‍ തന്ത്രി രാജീവര് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവരുടെ പ്രതികരണം. മാധ്യമങ്ങളൂടെ കൂടുതല്‍ ചോദ്യങ്ങളോട് സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നല്‍കിയത്. വൈദ്യപരിശോധനക്കുശേഷമാണ് എസ്‌ഐടി സംഘം തന്ത്രിയെ കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് കൊണ്ടുപോയത്. തന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചിട്ടുള്ളത്. ബിപി, പ്രമേഹം എന്നിവക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നും തന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it