Latest News

ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ വീടുകളില്‍ ഇഡി റെയ്ഡ്

21 കേന്ദ്രങ്ങളിലാണ് പരിശോധന

ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ വീടുകളില്‍ ഇഡി റെയ്ഡ്
X

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇഡി വ്യാപക റെയ്ഡ് നടത്തുന്നത്. പ്രതികളുടെ വീടുകളില്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന. ഇന്ന് രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, എ പത്മകുമാര്‍, എന്‍ വാസു, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍, മുരാരി ബാബു, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാര്‍ട് ക്രിയേഷന്‍സ് ഓഫീസിലുമാണ് റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തിയിട്ടുണ്ട്.

മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും എന്‍ വാസുവിന്റെ പേട്ടയിലെ വീട്ടിലും എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലുമാണ് ഇഡി റെയ്ഡ് ആരംഭിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളടക്കമാണ് ഇഡി അന്വേഷിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും ഇഡി പരിശോധന ആരംഭിച്ചിട്ടുണ്ട്. കെ പി ശങ്കരദാസ്, എന്‍ വിജയകുമാര്‍, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. നിലവില്‍ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ ഇഡി പരിശോധനയ്ക്ക് എത്തിയിട്ടില്ല. സന്നിധാനത്ത് എസ്‌ഐടി പരിശോധന നടത്താനിരിക്കെയാണ് പ്രതികളുടെ വീടുകളിലടക്കം ഇഡി പരിശോധന നടത്തുന്നതത്. സ്വര്‍ണക്കൊള്ളയില്‍ വിശദമായ പരിശോധനയിലേക്ക് കടന്നതയാണ് ഇഡി വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it