Latest News

കിലോമീറ്ററിന് 20 രൂപ വ്യത്യാസം; കോഴിക്കോട് ജില്ലയിലെ ബസുകള്‍ സിഎന്‍ജിയിലേക്ക്

സിഎന്‍ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) കത്തുമ്പോള്‍ പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്

കിലോമീറ്ററിന് 20 രൂപ വ്യത്യാസം; കോഴിക്കോട് ജില്ലയിലെ ബസുകള്‍ സിഎന്‍ജിയിലേക്ക്
X

കോഴിക്കോട്: ജില്ലയിലെ സ്വകാര്യബസുകള്‍ സിഎന്‍ജിയിലേക്ക് മാറുന്നു. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചിലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദപരവുമായ ദ്രവീകൃത പ്രകൃതിവാതകം സഹായിക്കുമെന്നതാണ് ബസ്സുടമകളെ സിഎന്‍ജിയിലേക്ക് ആകര്‍ഷിക്കുന്നത്. സിഎന്‍ജിയില്‍ ചിലവ് പകുതിയായി കുറയും. ഒരുലിറ്റര്‍ ഡീസലിന് 95 രൂപ ചിലവുവരുമ്പോള്‍ സിഎന്‍ജി കിലോഗ്രാമിന് 67 രൂപ മാത്രമേ ചിലവാകൂ. അതേസമയം മൈലേജില്‍ ഇരട്ടിയോളം വ്യത്യാസം വരുന്നുമുണ്ട്. ഒരു ലിറ്റര്‍ ഡീസലിന് മൂന്നുകിലോമീറ്റര്‍ മൈലേജാണ് ബസുകള്‍ക്ക് കിട്ടുന്നത്. ഇത് സിഎന്‍ജിയാവുമ്പോള്‍ കിലോഗ്രാമിന് 5 മുതല്‍ 7 വരെ കിലോമീറ്റര്‍ ലഭിക്കും. ഒരു കിലോമീറ്റര്‍ ഓടാന്‍ ഡീസലിന് 32 രൂപ ചിലവ് വരുമ്പോള്‍ സിഎന്‍ജി ബസ്സുകള്‍ക്ക് 12 രൂപയേ വരുന്നുള്ളൂ.

നാലുലക്ഷം രൂപയാണ് ഒരു ബസ് സിഎന്‍ജിയിലേക്ക് മാറ്റുന്നതിന് ചിലവ് വരുന്നത്. ഏഴുദിവസംകൊണ്ട് ബസുകളില്‍ പുതിയ സംവിധാനം സജ്ജീകരിക്കാം. 20 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസുകളാണ് സിഎന്‍ജിയിലേക്ക് മാറ്റാന്‍ ഗതാഗത വകുപ്പ് അനുമതി നല്‍കുന്നത്. ആര്‍ സി ബുക്കില്‍ ഇന്ധനം ഡീസല്‍ എന്നതുമാറ്റി സിഎന്‍ജി എന്ന് മാറ്റേണ്ടതുണ്ട്.

സിഎന്‍ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) കത്തുമ്പോള്‍ പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിന് വായുവിനെക്കാള്‍ ഭാരം കുറവായതിനാല്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായാലും വായുവില്‍ പെട്ടെന്ന് ലയിച്ചുതീരും. അതിനാല്‍ മറ്റ് ഇന്ധനങ്ങളെക്കാള്‍ സുരക്ഷിതമാണ്.

രാജ്യ തലസ്ഥാനത്ത് ബസുകളും ലോറികളും ഓട്ടോറിക്ഷകളും കാറുകളും ഉള്‍പ്പടെ പതിനായിരക്കണക്കിന് വാഹനങ്ങള്‍ സിഎന്‍ജിയിലാണ് വര്‍ഷങ്ങളായി ഓടുന്നത്. വരുന്ന മാര്‍ച്ചോടെ രാജ്യത്തെ മിക്ക പെട്രോള്‍ പമ്പുകളിലും സിഎന്‍ജി ഇന്ധനം നിറയ്ക്കാന്‍ സംവിധാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മൂന്നിന് ഗതാഗതമന്ത്രി ആന്റണി രാജു ബാലുശ്ശേരിയില്‍ നിര്‍വഹിക്കും. പനായി ഗ്രീന്‍ ഹണ്ടേഴ്‌സ് ട്രാവല്‍ യാര്‍ഡില്‍ നടക്കുന്ന യോഗത്തില്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനാവും.


Next Story

RELATED STORIES

Share it