Latest News

എംജി സര്‍വകലാശാല എംബിഎ മാര്‍ക്ക്‌ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി; യൂനിവേഴ്‌സിറ്റി ജീവനക്കാരി വിജിലന്‍സ് പിടിയില്‍

ഒന്നേകാല്‍ ലക്ഷം രൂപ അക്കൗണ്ട് വഴി കൈപ്പറ്റിയ എല്‍സി ബാക്കിത്തുക വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനിയില്‍ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്.

എംജി സര്‍വകലാശാല എംബിഎ മാര്‍ക്ക്‌ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി; യൂനിവേഴ്‌സിറ്റി ജീവനക്കാരി വിജിലന്‍സ് പിടിയില്‍
X

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എംബിഎ മാര്‍ക്ക്‌ലിസ്റ്റ് വിട്ടുകൊടുക്കാന്‍ കൈക്കൂലി വാങ്ങിയ സര്‍വകലാശാല ജീവനക്കാരിയെ വിജിലന്‍സ് പിടികൂടി. ഒന്നരലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റിയ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് സി ജെ എല്‍സിയാണ് വിജിലന്‍സ് പിടിയിലായത്.

ഒന്നേകാല്‍ ലക്ഷം രൂപ അക്കൗണ്ട് വഴി കൈപ്പറ്റിയ എല്‍സി ബാക്കിത്തുക വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനിയില്‍ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയ പരാതിക്കാരിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു.

ജോലി ആവശ്യാര്‍ഥമാണ് സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥിനി സര്‍വകലാശാലയിലെത്തിയത്. ഈ സമയത്താണ് ജീവനക്കാരിയായ എല്‍സിയെ പരിചയപ്പെടുന്നത്. വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് ഇവര്‍ പറഞ്ഞു. പണം ഇല്ലെന്ന് പറഞ്ഞ വിദ്യാര്‍ഥിനിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പിന്നെയും സാവകാശം നേരിട്ടു.

തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കാന്‍ തയ്യാറായത്. ആദ്യഘട്ടമായി ഒരുലക്ഷം രൂപ അക്കൗണ്ട് വഴി നല്‍കി. ബാക്കി 25,000 രൂപയും പലഘട്ടങ്ങളിലായി അക്കൗണ്ട് വഴി നല്‍കി. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബാക്കി 30,000 രൂപ ഇന്ന് നല്‍കണമെന്ന് എല്‍സി ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥി ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയും പണവുമായി എത്തുകയും ചെയ്തു.

പണം കൈമാറിയതിന് പിന്നാലെ വിജിലന്‍സ് ഇവരെ പിടികൂടുകയായിരുന്നു. വിദ്യാര്‍ഥിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം അക്കൗണ്ടിലൂടെ കൈപ്പറ്റിയതായി തെളിവു സഹിതം വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it