Latest News

ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ 169ലധികം കസ്റ്റഡിമരണങ്ങളുണ്ടായെന്ന് റിപോര്‍ട്ട്

ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ 169ലധികം കസ്റ്റഡിമരണങ്ങളുണ്ടായെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 15 വരെ ഇന്ത്യയിലുടനീളം ആകെ 170 കസ്റ്റഡി മരണ കേസുകള്‍ നടന്നെന്ന് റിപോര്‍ട്ട്. കേന്ദ്ര സര്‍ക്കാറാണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമാഹരിച്ച സംസ്ഥാനാടിസ്ഥാനത്തിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്.

2024-25 ല്‍ 140 കേസുകള്‍, 2023-24 ല്‍ 157 കേസുകള്‍, 2022-23 ല്‍ 163 കേസുകള്‍, 2021-22 ല്‍ 176 കേസുകള്‍ എന്നിങ്ങനെയാണ് കസ്റ്റഡി മരണങ്ങളുടെ കണക്കുകള്‍.

കണക്കുകള്‍ പ്രകാരം, 2026 ല്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് ബീഹാറിലാണ്. 19 കേസുകളാണ് ബീഹാറില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. രാജസ്ഥാനില്‍ പതിനെട്ടും, ഉത്തര്‍പ്രദേശില്‍ 15, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 14 കേസുകള്‍ എന്നിങ്ങനെയാണ് കണക്കുകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ ഏഴ് കേസുകളും തെലങ്കാനയില്‍ അഞ്ച് കേസുകളും കര്‍ണാടകയിലും കേരളത്തിലും മൂന്ന് കേസുകള്‍ വീതവും റിപോര്‍ട്ട് ചെയ്തു. കിഴക്കന്‍ ഇന്ത്യയില്‍ പശ്ചിമ ബംഗാളില്‍ ഏഴ് കേസുകളും ഒഡീഷയില്‍ ഒമ്പത് കേസുകളും റിപോര്‍ട്ട് ചെയ്തു.

വടക്കുകിഴക്കന്‍ മേഖലയില്‍, അസമില്‍ അഞ്ച് കേസുകളും അരുണാചല്‍ പ്രദേശില്‍ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയില്‍ നാല് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും പുതുച്ചേരിയിലും ഓരോ കേസുകള്‍ വീതം റിപോര്‍ട്ട് ചെയ്തു.

അതേസമയം ജമ്മു കശ്മീരില്‍ 2026 ല്‍ ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിസോറാം, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും ഈ കാലയളവില്‍ കസ്റ്റഡി മരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ദലിതര്‍, ആദിവാസികള്‍, മുസ് ലിംകള്‍, മറ്റ് ദരിദ്ര സമൂഹങ്ങള്‍ എന്നിവര്‍ കസ്റ്റഡിയിലെ അക്രമം, പീഡനം, മരണങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്നുവെന്ന് ഒന്നിലധികം മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഫെബ്രുവരിയില്‍, ഇന്ത്യയില്‍ നടക്കുന്ന കസ്റ്റഡി മരണങ്ങള്‍, പീഡനങ്ങള്‍, നിയമവിരുദ്ധ കൊലപാതകങ്ങള്‍ എന്നിവയില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധര്‍ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. സംഭവങ്ങളില്‍ അടിയന്തരവും സ്വതന്ത്രവുമായ അന്വേഷണം ആരംഭിക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it