Latest News

മതവികാരം ഇളക്കിവിടാന്‍ ശ്രമിച്ചെന്ന്; യൂത്ത് ലീഗ് നേതാവിനെതിരേ പരാതി

മതവികാരം ഇളക്കിവിടാന്‍ ശ്രമിച്ചെന്ന്;   യൂത്ത് ലീഗ് നേതാവിനെതിരേ പരാതി
X

കോഴിക്കോട്: സമൂഹത്തില്‍ മതവികാരം ഇളക്കിവിട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയത വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരേ പരാതി. ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം എം ജിതേഷാണ് പേരാമ്പ്ര പോലിസില്‍ പരാതി നല്‍കിയത്. പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദിനെതിരേ ബോംബെറിഞ്ഞെന്ന തരത്തില്‍ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തി സംഘര്‍ഷം സൃഷ്ടിക്കാനാണ് നജീബ് ശ്രമിക്കുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

തുടരന്വേഷണത്തിനായി പരാതി സൈബര്‍ സെല്ലിന് കൈമാറിയതായി പേരാമ്പ്ര പോലിസ് അറിയിച്ചു. സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്കുശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും പോലിസ് വ്യക്തമാക്കി. ഹര്‍ത്താല്‍ ദിനത്തില്‍ പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദിന് കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അഖില്‍ദാസ് അറസ്റ്റിലായതിന് പിന്നാലെ നജീബ് കാന്തപുരം ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് പരാതിക്ക് ആധാരം. ആര്‍എസ്എസ്സിനെ ചൂണ്ടി ഞങ്ങളെ പേടിപ്പിക്കുന്ന നിങ്ങളെന്തിനാണ് പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ ബോംബെറിഞ്ഞതെന്ന് ഒന്ന് വിശദീകരിക്കാമോയെന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ചോദ്യം. സംഘികള്‍ ഇന്ത്യയാകെ നടത്തുന്ന മനുഷ്യവേട്ടയില്‍ ഇരകളാക്കപ്പെടുന്ന ഒരുസമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന മുസ്്‌ലിംലീഗിനെ സംഘികള്‍ക്കെതിരേ പൊരുതാന്‍ പഠിപ്പിക്കേണ്ടെന്നും ഫേസ്ബുക്കില്‍ നജീബ് കുറിച്ചു. എന്നാല്‍, പോസ്റ്റ് വിവാദമായതോടെ പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന കുറിപ്പിലെ പരാമര്‍ശം തിരുത്തി ആക്രമണം എന്നാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it