Top

മതവിവേചനം പ്രത്യാഘാതത്തിന് കാരണമാകും

നാലു മുസ്‌ലിം രാജ്യങ്ങളിലേക്കായി നാം 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകള്‍ അയക്കുന്നു. പഴയകാലമല്ലിത്. ഇന്ത്യയില്‍ നടക്കുന്ന ഏതു സംഭവത്തിനും പ്രതികരണവുമുണ്ടാവും

മതവിവേചനം പ്രത്യാഘാതത്തിന് കാരണമാകും
X
പ്രൊഫ. പി കോയ


സ്വന്തം ജനതയോടുള്ള അനുതാപത്തേക്കാള്‍ ചില വിഭാഗങ്ങളെ അപരരാക്കുന്നതിനാണ് ഹിന്ദുത്വരാഷ്ട്രീയക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ അവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാരായ സിഖുകാരെയും ഹിന്ദുക്കളെയും മാത്രം രക്ഷപ്പെടുത്താനെന്ന നാട്യത്തില്‍ നമ്മുടെ വിദേശകാര്യവകുപ്പ് അവതരിപ്പിച്ച നാടകത്തില്‍ അത് തെളിഞ്ഞുനിന്നിരുന്നു.

നൂറ്റാണ്ടുകളായി അന്യനാടുകളില്‍ കുടിയേറി താമസിക്കുന്നവരാണ് മതഭേദമന്യേ ഇന്ത്യക്കാര്‍. അതു കാരണം മൊറീഷ്യസ്, സുറിനാം, ഗയാന എന്നിവയടക്കം പല രാജ്യങ്ങളിലും ഇന്ത്യന്‍ വംശജരാണ് എണ്ണത്തില്‍ കൂടുതല്‍. ഒരു യു.എന്‍. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ 18 ദശലക്ഷം വരും. ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ചൈന. അവരൊക്കെ ജീവിക്കുന്നത് മുസ്‌ലിംക്രിസ്ത്യന്‍ ഭൂരിപക്ഷ നാടുകളിലാണ്.

സര്‍ക്കാര്‍ കണക്കുപ്രകാരം 2018 ല്‍ 32 ദശലക്ഷം ഇന്ത്യക്കാര്‍ അന്യ രാജ്യങ്ങളില്‍ ജോലിയെടുക്കുന്നു; അതില്‍ 15 ദശലക്ഷവും മുസ്‌ലിം രാജ്യങ്ങളില്‍. സ്വന്തം പൗരന്‍മാര്‍ക്കായി ജോലി സംവരണം ചെയ്താല്‍ പല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൂട്ടമായി ഇന്ത്യക്കാര്‍ നാടുവിടേണ്ടിവരും. അഞ്ചുലക്ഷം വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലും യൂറോപിലും പഠിക്കുന്നു. പലതും പഠനം കഴിഞ്ഞു അവിടെത്തന്നെ തുടരും. ക്രിസ്ത്യാനികള്‍ക്ക് മാത്രമേ പൗരത്വം കൊടുക്കൂ എന്ന് ട്രംപിനെപോലെയൊരുവന്‍ തീരുമാനിച്ചാല്‍ അവരില്‍ പലരും നാടുവിടാന്‍ തയ്യാറെടുക്കേണ്ടിവരും.

അമേരിക്കയെ പോലുള്ള ഒരു രാഷ്ട്രം ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ മാത്രം മതി എന്നു തീരുമാനിച്ചാലോ! നമ്മുടെ കയറ്റുമതിയില്‍ 50 ബില്യന്‍ ഡോളറിന്റെ കുറവാണുണ്ടാവുക. ഇന്ത്യയില്‍ അമേരിക്കയുടെ വകയായുള്ള നേരിട്ടുള്ള നിക്ഷേപം 13 ബില്യനാണ്. പ്രവാസികള്‍ ഇന്ത്യയിലേക്ക് 12 ബില്യന്‍ ഡോളര്‍ അയക്കുന്നുണ്ട്. അതിലൊക്കെ വലിയ ഇടിവുണ്ടാവും.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുപ്രകാരം ഇത് 248 ബില്യണ്‍ ഡോളറാണ്. അതായത് 19 ലക്ഷം കോടി. ഗവണ്‍മെന്റിന്റെ നികുതിവരുമാനത്തേക്കാള്‍ കൂടുതല്‍. 2021 ല്‍ ഇതുവരെയായി 83 ബില്യണ്‍ ഡോളര്‍ സര്‍ക്കാറിനു ലഭിച്ചിട്ടുണ്ട്. നികുതിവരുമാനത്തിന്റെ 40% കൂടുതല്‍. അതില്‍ 41 ബില്യന്‍ ഡോളര്‍(മൂന്ന് ലക്ഷം കോടി) മുസ്‌ലിം രാജ്യങ്ങളില്‍ നിന്നു മാത്രമുള്ളതാണ്. ബീഹാറും ഉത്തരപ്രദേശും വസൂലാക്കുന്ന നികുതി 1.56 ലക്ഷം കോടി മാത്രമേയുള്ളൂ എന്നോര്‍ക്കണം.

നാലു മുസ്‌ലിം രാജ്യങ്ങളിലേക്കായി നാം 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകള്‍ അയക്കുന്നു. പഴയകാലമല്ലിത്. ഇന്ത്യയില്‍ നടക്കുന്ന ഏതു സംഭവത്തിനും പ്രതികരണവുമുണ്ടാവും. ബാംഗ്ലൂരില്‍ ഒരു കോംഗോ പൗരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചപ്പോള്‍ കോംഗോയിലെ ഇന്ത്യക്കാരുടെ കടകള്‍ തദ്ദേശീയര്‍ കൊള്ളയടിച്ചു. ഇന്ത്യക്കാര്‍ ഇടപെട്ട വലിയൊരു കുംഭകോണം സംബന്ധിച്ച് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഉണ്ടായ ലഹളയില്‍ കൊള്ള മാത്രമല്ല കൊലപാതകവുമുണ്ടായി. കൊല്ലപ്പെട്ട 72 പേരില്‍ അധികവും ഇന്ത്യന്‍ വംശജരായിരുന്നു. അവരുടെ കടകളും വീടുകളുമാണ് കൊള്ളയടിക്കപ്പെട്ടത്.കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇസ്‌ലാം വിരോധം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായപ്പോള്‍ പല ഇന്ത്യക്കാര്‍ക്കും യു.എ.ഇയില്‍ ജോലി നഷ്ടപ്പെട്ടു. സമ്പന്നരായ പല പ്രവാസികളും പുറത്തിറങ്ങാന്‍ വരെ ഭയന്നു.


ഇംഗ്ലണ്ടിലെ ലോഡ്‌സില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കുകയും ഇംഗ്ലീഷ് ടീമിനെ കൂക്കിവിളിക്കുകയും ചെയ്ത ഇന്ത്യന്‍ വംശജരെ പുറത്താക്കിയാല്‍ നാമെന്തു കരുതും. ഒരു ബ്രിട്ടീഷ് എം.പി. തന്നെ അങ്ങിനെയൊരാവശ്യമുയര്‍ത്തിയിരുന്നു.
Next Story

RELATED STORIES

Share it