Latest News

മികച്ച നിയമസഭാ സ്പീക്കര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി; ജനാധിപത്യം പുതുക്കി പണിതുകൊണ്ടിരിക്കണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

ഭാരതീയ ഛാത്ര സന്‍സദിന്റെ 2019 ലെ ഐഡിയല്‍ ലെജിസ്ലേറ്റിവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് ഡല്‍ഹിയിലെ വിഘ്യാന്‍ ഭവനില്‍ നടന്ന ഇന്‍ഡ്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് പി ശ്രീരാമകൃഷ്ണന്‍ ഏറ്റുവാങ്ങി

മികച്ച നിയമസഭാ സ്പീക്കര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി;   ജനാധിപത്യം പുതുക്കി പണിതുകൊണ്ടിരിക്കണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
X

ന്യൂഡല്‍ഹി: യുവത്വം സജീവമായി രാഷ്ട്രീയ പ്രക്രിയയെ സര്‍ഗ്ഗാത്മകമാക്കുന്നതില്‍ ഇടപെടണമെന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്ക്കുകയല്ല മറിച്ച് അതില്‍ ഇഴുകിച്ചേര്‍ന്ന് ചുമതലകള്‍ എടുക്കുകയാണ് യുവജനത ചെയ്യേണ്ടതെന്നും കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടമ ഭരണഘടന സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുക എന്നതാണ്. ഭാരതീയ ഛാത്ര സന്‍സദിന്റെ 2019 ലെ ഐഡിയല്‍ ലെജിസ്ലേറ്റിവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് ഡല്‍ഹിയിലെ വിഘ്യാന്‍ ഭവനില്‍ നടന്ന ഇന്‍ഡ്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന എന്നത് ഭരിക്കാനുള്ള ചില ഘടനകള്‍ മാത്രമല്ല, മൂല്യങ്ങളുടെ സംഭരണി കൂടിയാണ്. ഇന്ത്യ എന്ന ആശയം സമന്വയത്തിന്റെ സംഗീതമാണ്. ഈ ആശയത്തെയും അതിന്റെ പാരമ്പര്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് ഭരണഘടന എന്ന സംഹിതയെ സംരക്ഷിച്ചു നിര്‍ത്തുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളിലും മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങളിലും അടിയുറച്ച് വിശ്വസിക്കുകയും അവയെ സംരക്ഷിക്കുകയും അവയ്ക്കായി നിലകൊള്ളുകയും ചെയ്യേണ്ട സമയമാണിത്. ഭിന്നിപ്പുകളില്ലാത്ത നാനാത്വമാണ് ഇന്ത്യയുടെ അസ്ഥിത്വം.

സ്വാതന്ത്യം അഥവാ ലിബര്‍ട്ടി എന്നത് ജനാധിപത്യത്തിലെ മുഖ്യമന്ത്രമാണ്. ഇത് സംഭവിക്കണമെങ്കില്‍ പൗരസമൂഹവും സ്‌റ്റേറ്റും തമ്മില്‍ ശക്തമായ ആശയിനിമയം ഉണ്ടായിക്കണം. സ്‌റ്റേറ്റും പൗരസമൂഹവും ഒരുപോലെ ശക്തമാകുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ഒരു സമൂഹം ശരിയായ അര്‍ത്ഥത്തില്‍ വിമോചനത്തിലേയ്ക്ക് നയിക്കപ്പെടുന്നത്. പ്രബലമായ സ്‌റ്റേറ്റില്‍ പൗരസമൂഹവും ശക്തി പ്രാപിക്കണം. അല്ലെങ്കില്‍ ഏകാധിപത്യത്വത്തിലേയ്ക്ക് രാജ്യം കൂപ്പുകുത്തും. തിരിച്ച് സ്‌റ്റേറ്റ് ദുര്‍ബലവും പൗരസമൂഹം പ്രബലവുമായാല്‍ അരാജകത്വത്തിനും വഴി തെളിക്കും. ഇത്തരമൊരു സംതുലിതാവസ്ഥ സ്‌റ്റേറ്റ് സിവില്‍ സമൂഹ ബന്ധത്തിന് ഉണ്ടായിരിക്കണം.

സിവില്‍ സമൂഹത്തെ ശക്തിപ്പെടുത്തണമെങ്കിലും ഈ തുലിതാവസ്ഥ നിലനിര്‍ത്തണമെങ്കിലും ജനാധിപത്യമൂല്യങ്ങള്‍ ശക്തമായിരിക്കണം. ഇത്തരമൊരു വളര്‍ച്ചയ്ക്കും പൗരസമൂഹവും സ്‌റ്റേറ്റും തമ്മിലുള്ള ദൃഢബന്ധത്തിനും ഉദാഹരണമാണ് കേരള നിയമസഭ. ഒരു നിയമസഭയില്‍ അംഗത്തിന് മാത്രമാണ് ബില്ലുകളില്‍ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുന്നത്. എന്നാല്‍ കേരള നിയമസഭയില്‍ ഏതു സാധാരണക്കാരനും ബില്ലില്‍ ഭേദഗതി സമര്‍പ്പിക്കാന്‍ കഴിയും. ഇത്തരമൊരു രൂപാന്തരം നമ്മുടെ ജീവിതത്തില്‍ നിരന്തരം സംഭവിക്കുന്ന പ്രക്രിയയും ഫോക്കസുമായിരിക്കണം. ജനാധിപത്യമെന്നത് പുനക്രമീകരിക്കപ്പെടുന്നതും നവീകരിക്കപ്പെടുന്നതുമായ പ്രക്രിയയാകണം. ജനാധിപത്യം നവീകരിക്കപ്പെടണമെങ്കില്‍ ജനങ്ങള്‍ക്കും രാഷ്ട്രീയമായി ഇടപെടാനും അഭിപ്രായം പറയാനും അവസരവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം. ജനാധിപത്യത്തിന്റെ പുതുക്കിപ്പണിയലും വളര്‍ച്ചയുമാണ് വിമോചനത്തിന്റെ അടിസ്ഥാനം അദ്ദേഹം പറഞ്ഞു.

മുന്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍, 2014ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥി, പ്രമുഖ ശാസ്ത്രജ്ഞന്‍ പദ്മവിഭൂഷണ്‍ ഡോ. രഘുനാഥ് എ മഷേല്‍ക്കര്‍, വിദ്യാഭ്യാസ വിചക്ഷണന്‍ പദ്മഭൂഷണ്‍ ഡോ. വിജയ് ഭട്കര്‍, പ്രഫ. വിശ്വനാഥ് ഡി കാരാഡ്, ഡോ. രാഹുല്‍ വി കാരാഡ് സംസാരിച്ചു.

Next Story

RELATED STORIES

Share it