Latest News

രമ്യ കൊലക്കേസ്; ഭര്‍ത്താവ് സജീവനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

രമ്യ കൊലക്കേസ്; ഭര്‍ത്താവ് സജീവനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും
X

കൊച്ചി: എറണാകുളം എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ഭര്‍ത്താവ് സജീവനെ (42) ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും.രമ്യയുടെ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കായുള്ള നടപടികളും ഇന്ന് ആരംഭിക്കും. പ്രതി താമസിച്ചിരുന്ന വാടക വീടിനു മുന്നില്‍നിന്ന് ശേഖരിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രമ്യയുടെ അസ്ഥികള്‍ വാടകവീടിന്റെ വരാന്തയോട് ചേര്‍ന്നഭാഗം കുഴിച്ച് കണ്ടെടുത്തത്.

മൃതദേഹം രമ്യയുടെത് തന്നെ എന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കുകയായിരിക്കും അന്വേഷണ സംഘത്തിന്റെ ആദ്യനീക്കം. ഇതിനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. ഈ പരിശോധനകള്‍ക്ക് ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുകള്‍ക്ക് കൈമാറുക. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സജീവനെതിരേ കേസെടുത്തത്. തെളിവെടുപ്പിന് ശേഷം സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2021 ഒക്ടോബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. നായരമ്പലം നികത്തിത്തറ രമ്യ (35) ആണ് കൊല്ലപ്പെട്ടത്.

കുട്ടികള്‍ വീട്ടില്ലാതിരുന്ന സമയത്ത് പ്രതി സജീവന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം രാത്രിയില്‍ വീട്ടുമുറ്റത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു. ഭാര്യയെ കാണാതായതിനെക്കുറിച്ച് രണ്ട് രീതിയിലാണ് സജീവന്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. ബൂട്ടിഷന്‍ കോഴ്‌സ് കഴിഞ്ഞ ഇവര്‍ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് ജോലിതേടി പോയെന്നാണ് ആദ്യം പറഞ്ഞത്.

ഫോണില്‍ പോലും ആരെയും ബന്ധപ്പെടാതെ വന്നപ്പോള്‍ രമ്യയുടെ സഹോദരന്‍ പോലിസില്‍ പരാതി നല്‍കി. മുംബൈയില്‍ കോഴ്‌സ് ചെയ്യുന്നതിനിടെ മറ്റൊരാളുമായി അടുപ്പത്തിലായ രമ്യ ഇയാളോടൊപ്പം വിദേശത്തേയ്ക്ക് കടന്നെന്ന് ഈ ഘട്ടത്തില്‍ ഇയാള്‍ കഥ മെനഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലിസ് രാജ്യത്തെ ഒരു വിമാനത്താവളം വഴിയും കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ രമ്യ വിദേശത്ത് പോയിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സജീവന്‍ കുറ്റം സമ്മതിച്ചത്.

രണ്ടാം വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു സജീവന്‍. കൊലയ്ക്ക് വഴിവച്ചത് ഫോണ്‍വിളികളെ ചൊല്ലിയുള്ള തര്‍ക്കമെന്നാണ് സജീവന്റെ മൊഴി. സംഭവദിവസം രാവിലെ ജോലിക്കായി ഇറങ്ങിയ സജീവന്‍ ഉടന്‍ തിരികെയെത്തുമ്പോള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു രമ്യ. ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും കയറുകൊണ്ട് രമ്യയുടെ കുഴുത്തുമുറുക്കി കൊല്ലുകയുമായിരുന്നു. രാത്രിവരെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. പാതിരാത്രി വരാന്തയ്ക്ക് മുന്നില്‍ കുഴിയെടുത്ത് മറവുചെയ്തു. ഇതേ വീട്ടില്‍ തന്നെയാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ മക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്.

Next Story

RELATED STORIES

Share it