Latest News

ദിലീപ് കുറ്റക്കാരനാണെന്ന് ഒരുഘട്ടത്തിലും തോന്നിയിട്ടില്ലെന്ന് രമേശ് പിഷാരടി

കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഇത്രയും കാലം നടന്നത് വേട്ടയാടലാണെന്നും രമേശ് പിഷാരടി

ദിലീപ് കുറ്റക്കാരനാണെന്ന് ഒരുഘട്ടത്തിലും തോന്നിയിട്ടില്ലെന്ന് രമേശ് പിഷാരടി
X

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ഒരുഘട്ടത്തിലും ദിലീപ് കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ലെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കില്‍ നടന്നിരിക്കുന്നത് വേട്ടയാടലാണെന്നും പിഷാരടി പ്രതികരിച്ചു. അങ്ങനെ തോന്നാന്‍ മാത്രം തനിക്ക് ഒന്നുമറിയില്ല. കോടതി പറഞ്ഞത് വിശ്വസിക്കുകയെന്നത് മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം. ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞയാളെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. അയാള്‍ പറഞ്ഞയുടനെ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കാന്‍ കഴിയുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടായിരുന്നില്ലെന്നും കൊച്ചിയില്‍ വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോട് രമേശ് പിഷാരടി പറഞ്ഞു.

'വിധിയെക്കുറിച്ച് ഞാന്‍ എന്താണ് പറയേണ്ടത്? വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. എട്ടു വര്‍ഷത്തോളം നീണ്ട വിചാരണയായിരുന്നു. അതിനുശേഷമാണ് വിധി വന്നത്.' രമേശ് പിഷാരടി പ്രതികരിച്ചു. 'കേസിന്റെ ഒരു ഘട്ടത്തില്‍ പോലും ദിലീപ് കുറ്റക്കാരനാണെന്ന് തനിക്ക് തോന്നിയിട്ടില്ല. അങ്ങനെ ചിന്തിക്കാന്‍ മാത്രം തനിക്ക് ഒന്നുമറിയില്ല. ഒരു വിഭാഗത്തിന്റെ നീതിയും കോടതിയുടെ നീതിയും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. എല്ലാവരും അംഗീകരിക്കുന്ന വിധികള്‍ എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നില്ല.'

'നീതിയുമായി ബന്ധപ്പെട്ട് എനിക്ക് തോന്നുന്ന കാര്യം, ഒരു വിഭാഗം ആളുകളോ ഞാനോ നിങ്ങളോ മാധ്യമങ്ങളോ ഒക്കെ തീരുമാനിക്കുന്ന ഒരു നീതിയുണ്ട്. അവിടെ വരുന്ന കാര്യങ്ങള്‍ കൂട്ടിക്കിഴിച്ച് നോക്കി കോടതി പറയുന്ന ഒരു നീതിയുമുണ്ട്. ഈ രണ്ടു നീതികള്‍ തമ്മില്‍ എപ്പോഴും പൊരുത്തക്കേടുകള്‍ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എല്ലാവര്‍ക്കും സ്വാഗതമായ, ഒരുപോലെ അംഗീകരിക്കുന്ന വിധികള്‍ ഉണ്ടാകാറില്ല. അങ്ങനെ ചിന്തിക്കുമ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം കോടതി പറഞ്ഞത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വസിക്കുക എന്നുള്ളതാണ് എനിക്ക് പറ്റുന്ന കാര്യം.' രമേശ് പിഷാരടി പറഞ്ഞു.

'കോടതി പറഞ്ഞത് വിശ്വസിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം. ദിലീപ് കുറ്റം ചെയ്‌തോയെന്ന് നമുക്കറിയില്ലല്ലോ. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഇത്രയും കാലം നടന്നത് അദ്ദേഹത്തെ വേട്ടയാടലാണ്.' പിഷാരടി കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ അന്തിമവിധി ഇന്നലെ പുറത്തുവന്നിരുന്നു. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. കുറ്റക്കാരാണെന്ന് കോടതിക്ക് ബോധ്യമായ കേസിലെ ആദ്യ ആറു പ്രതികളുടെ ശിക്ഷ 12ന് വിധിക്കും.

Next Story

RELATED STORIES

Share it