Latest News

പീഡനക്കേസിലെ ഇരയുടെ കൈയില്‍ രാഖി കെട്ടിയാല്‍ ജാമ്യം; മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി

പീഡനക്കേസിലെ ഇരയുടെ കൈയില്‍ രാഖി കെട്ടിയാല്‍ ജാമ്യം; മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി
X

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിന് ഇരയാക്കപ്പെട്ട സ്ത്രീ രാഖി കെട്ടണമെന്ന നിബന്ധന വച്ച മധ്യപ്രദേശ് കോടതിയുടെ വിധി സുപ്രിം കോടതി റദ്ദാക്കി.

സുപ്രിംകോടതി അഭിഭാഷക അപര്‍ണ ഭട്ടും മറ്റ് എട്ട് വനിതാ അഭിഭാഷകരുടെ ഇടപെടലിനെത്തുടര്‍ന്നാണ് ജൂലൈ 2020ലെ മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കിയത്.

ലൈംഗിക പീഡനം നടത്തിയ ആളോട് ഇരയുടെ മുന്നില്‍ ഹാജരായി ഇനിയുള്ള ജീവിതത്തില്‍ അവരെ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുകയും അവരെക്കൊണ്ട് രാഖി കെട്ടിക്കുകയും വേണമെന്നാണ് മധ്യപ്രദേശ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധി വച്ചത്. കൂടാതെ 11,000 രൂപ നല്‍കാനും നിര്‍ദേശിച്ചു. വടക്കേ ഇന്ത്യയിലെ ഹിന്ദു ആചാരപ്രകാരം സഹോദരന്മാര്‍ സഹോദരിമാരുടെ അനുഗ്രഹത്തിനുവേണ്ടി 11,000 രൂപയാണ് ദക്ഷിണ നല്‍കുന്നത്. അതിനുംപുറമെ പരാതിക്കാരിയുടെ മകന് മധുരപലഹാരങ്ങളും വസ്ത്രവും വാങ്ങാന്‍ 5000 രൂപ നല്‍കാനും നിര്‍ദേശിച്ചു. പ്രതിയോട് പരാതിക്കാരിയുടെ വീട്ടില്‍ ഭാര്യയോടൊപ്പം ചെയ്യാനാണ് കോടതിയുടെ മറ്റൊരു നിര്‍ദേശം. അതിന്റെ ഫോട്ടോ കോടതിയ്ക്ക് നല്‍കുകയും വേണം. കൂടാതെ 50,000 രൂപ ബോണ്ടും ആള്‍ജാമ്യവും കോടതി ആവശ്യപ്പെട്ടു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിലെ ജസ്റ്റിസ് രോഹിത് ആര്യയാണ് ഈ കേസില്‍ വിധി പറഞ്ഞത്. പരാതിക്കാരിക്ക് നല്‍കുന്ന പണം സ്വാധീനിക്കലായി കാണേണ്ടെന്നും ജാമ്യനിബന്ധനയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഈ വിധിയാണ് സുപ്രിംകോടതിയുടെ എ എം കന്‍വിക്കര്‍, രവീന്ദ്ര ഭട്ട് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് റദ്ദാക്കിയത്. അതിനുപുറമെ ലൈംഗിക പീഡനക്കേസില്‍ കീഴ്‌ക്കോടതികള്‍ ജാമ്യം അനുവദിക്കുന്നതിന് മാര്‍ഗനിര്‍ദേശവും കോടതി പുറപ്പെടുവിച്ചു.

ജാമ്യം അനുവദിച്ചാല്‍ ഇരയ്‌ക്കെതിരേ പ്രതി ആക്രമണംനടത്തില്ലെന്ന് കോടതി ഉറപ്പാക്കണം, പ്രതിയും ഇരയും തമ്മിലുളള കരാറാന്റെ അടിസ്ഥാനത്തിലാവരുത് ജാമ്യം, സ്ത്രീയ്‌ക്കെതിരേയുള്ള പുരുഷാധിപത്യപരവും വാര്‍പ്പുമാതൃതയിലുള്ളതുമായ നിബന്ധനകള്‍ അടങ്ങുന്നതാവരുത് ജാമ്യവ്യവസ്ഥകള്‍, ഇത്തരം കേസുകളില്‍ വാദിക്കും പ്രതിക്കുമിടയില്‍ ഒത്തുതീര്‍പ്പരുത്, വിധി പുറപ്പെടുവിക്കുമ്പോള്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തണം, വിചാരണവേളയിലും അതാവശ്യമാണ്, അതിജീവിക്കുന്ന ഇരയുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ല, സ്ത്രീകളെക്കുറിച്ചുള്ള സ്ത്രീകള്‍ ദുര്‍ബലരാണെന്നും അനുസരണശീലമുള്ളവളാണെന്നും നല്ല സത്രീകള്‍ ലൈംഗികമായി പവിത്രകളാണെന്നുമുള്ള വാര്‍പ്പുധാരണകള്‍ അരുത് തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it