Latest News

മഴയുടെ ഘടന, നഗരവല്‍ക്കരണം, സര്‍ക്കാരുകളുടെ അനാസ്ഥ; രാജ്യത്തെ ഈ വര്‍ഷത്തെ ഡെങ്കിപ്പനി വ്യാപനത്തിന്റെ കാരണങ്ങളിലൂടെ

മഴയുടെ ഘടന, നഗരവല്‍ക്കരണം, സര്‍ക്കാരുകളുടെ അനാസ്ഥ; രാജ്യത്തെ ഈ വര്‍ഷത്തെ ഡെങ്കിപ്പനി വ്യാപനത്തിന്റെ കാരണങ്ങളിലൂടെ
X

ഡെങ്കിപ്പനി രാജ്യത്ത് പുതിയ അസുഖമല്ല, എത്രയോ കാലമായി അത് നമ്മെ ആക്രമിക്കുന്നു. കൊതുകു വഴി പരക്കുന്ന ഈ അസുഖം പക്ഷേ, ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ തോതില്‍ റിപോര്‍ട്ട് ചെയ്തു. കൊതുകുകളുടെ ആധിക്യമാണ് പ്രധാന കാരണങ്ങളിലൊന്ന്.

യുപിയിലെ ഫിറോസാബാദാണ് ഇത്തവണ ഡെങ്കിപ്പനി തീവ്രമായി ബാധിച്ച ഒരു ജില്ല. നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ ജോലി ചെയ്യുന്ന ഡോ. ഷൗകത്ത് കലാം പറയുന്നത് രോഗം തീവ്രമായി ബാധിച്ച ഫിറോസാബാദില്‍ ഓരോ രണ്ട് വീടിനുമിടയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് തന്റെ സന്ദര്‍ശനത്തിനിടയില്‍ കണ്ടെന്നാണ്. രാജ്യത്തെ അറിയപ്പെടുന്ന കീടശാസ്ത്രജ്ഞനാണ് അദ്ദേഹം.

എല്ലാ കൊതുകും രോഗം പരത്തുന്നില്ല, ഈഡിസ് കൊതുകാണ് കാരണം. രോഗബാധിതരില്‍ അത് കടുത്ത പനിയും ശരീരവേദനയും ക്ഷീണവും ഉണ്ടാക്കുന്നു. രോഗം കടുത്താല്‍ രക്തത്തിലെ കൗണ്ട് കുറയുകയും രക്തം കട്ടപിടിക്കുകയും ചെയ്യും. ചില കേസില്‍ മരണവും സംഭവിക്കാം.

ഇത്തവണ യുപിയില്‍ നിന്നാണ് ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തത്. മറ്റിടങ്ങളിലും രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടു. യുപിയില്‍ മാത്രം 29,000 പേര്‍ക്ക് രോഗം ബാധിച്ചു. 2019നേക്കാല്‍ രണ്ടര ഇരട്ടിയായിരുന്നു ഇത്തവണത്തെ രോഗബാധ.

സംസ്ഥാനത്തെ ചില ജില്ലകളില്‍ രോഗവ്യാപനം വളരെ തീവ്രവും ഗുരുതരവുമായിരുന്നു. ഫിറോസാബാദില്‍ 2019ല്‍ നൂറ് കേസാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 2020ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ഇത്തവണ 5,754 കേസുകള്‍ റിപോര്‍ട്ട് ചെയ്തു.

കേസുകള്‍ കൂടുക മാത്രമല്ല, രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. 2018ല്‍ 71 ജില്ലകളില്‍ രോഗബാധയുണ്ടായെങ്കില്‍ ഇത്തവണ എല്ലാ ജില്ലകളെയും രോഗം ആക്രമിച്ചു. ഫിറോസാബാദിലെ 75 ശതമാനം ഗ്രാമങ്ങളും നഗരങ്ങളും ഇത്തവണ ഡെങ്കിപ്പനി കേന്ദ്രങ്ങളായി മാറി. ഇതുപോലൊരു രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഫിറോസാബാദിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിനേശ് കുമാര്‍ പ്രേമി പറയുന്നത്.

എന്നാല്‍ ദേശീയ തലത്തിലെ കണക്കനുസരിച്ച് 2019ല്‍ 2.05 ലക്ഷം പേര്‍ക്ക് ഡെങ്കി ബാധിച്ചെങ്കില്‍ ഇത്തവണ അത് കുറഞ്ഞിരിക്കുകയാണ്, 1.64 ലക്ഷമായി. പക്ഷേ, ഇത് ശരിയായ ചിത്രമല്ലെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ രോഗബാധ 1.64 ലക്ഷത്തേക്കാള്‍ കൂടുതലായിരിക്കുമത്രെ.

സാധാരണ എലിസ പരിശോധന വഴിയാണ് ഡെങ്കിപ്പനി കണ്ടെത്തുന്നത്. ആന്റിജന്‍ പരിശോധനയും ആവാം. ആന്റിജനാണെങ്കില്‍ 10 മിനിറ്റിനകം ഫലം ലഭിക്കും പക്ഷേ, വിശ്വാസ്യത കുറവാണ്. എലിസയ്ക്ക് കൂടുതല്‍ സമയം വേണം. പക്ഷേ, വിശ്വാസ്യത കൂടുതലായിരിക്കും. സാധാരണ ഡോക്ടര്‍മാര്‍ എലിസയ്ക്ക് പകരം ആന്റിജന്‍ തിരഞ്ഞെടുക്കും. പല കേസിലും ഫലം ശരിയായിരിക്കണമെന്നില്ല. അതിനര്‍ത്ഥം പല ഡെങ്കി കേസുകളും റിപോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നാണ്. ഈ വര്‍ഷത്തെ ഡെങ്കി കണക്കായ 1.64 ലക്ഷത്തേക്കാള്‍ കൂടുതലായിരിക്കും രോഗബാധയെന്നര്‍ത്ഥം.

അതെന്തായാലും ഈ വര്‍ഷം കൂടുതല്‍ മേഖലയിലേക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2000ത്തില്‍ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കണ്ടിരുന്ന രോഗബാധ ഇത്തവണ 35 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി വ്യാപിച്ചു.

കൊതുകു നിയന്ത്രണ പരിപാടിയിലെ വീഴ്ചകളാണ് ഈ വര്‍ധനയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ കരുതുന്നു. ഇക്കാര്യത്തില്‍ യുപിയുടെ നില അതീവ പരിതാപകരമാണ്.

നീണ്ടു നില്‍ക്കുന്ന കാലവര്‍ഷവും ഇടവിട്ടുള്ള മഴയും കൊതുകു വളര്‍ച്ചക്ക് സഹായകരമാണ്. കൂടുതല്‍ കൊതുകു കേന്ദ്രങ്ങളുണ്ടാവുകയാണ് ഇതിന്റെ ഫലം.

നഗരമാനേജ്‌മെന്റിന്റെ പ്രശ്‌നമാണ് മറ്റൊന്ന്. ഒരു താരതമ്യം നോക്കാം. സാധാരണ മുംബൈയില്‍ ജനുവരി മുതല്‍ കാലവര്‍ഷത്തിനു മുന്നോടിയായുള്ള കൊതുകു നിയന്ത്രണപരിപാടി ആരംഭിക്കുമ്പോള്‍ യുപിയില്‍ അത് ജൂണ്‍ മാസമാണ് ആരംഭിക്കുക. മുംബൈയില്‍ 41.4 ലക്ഷം വീടുകളിലായി 12,807 സൈറ്റുകളില്‍ കൊതുകു നിയന്ത്രണം നടത്തിയെങ്കില്‍ യുപിയില്‍ അത് വെറും 1.4 ലക്ഷമാണ്. മുംബൈയില്‍ സ്ഥിരം തൊഴിലാളികള്‍ ഈ പണിയെടുക്കുമ്പോള്‍ യുപിയില്‍ കരാര്‍ തൊഴിലാളികളെയാണ് ഇതേല്‍പ്പിക്കുന്നത്. അതും വളരെ കുറച്ച് പേര്‍.

മഴയുടെ സ്വഭാവത്തിലുണ്ടായ മാറ്റം കൊതുകുകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. നീണ്ട വര്‍ഷ കാലം, ഇടവിട്ട മഴ എന്നിവ കൊതുകുകളുടെ വളര്‍ച്ച വര്‍ധിപ്പിക്കും. കുടിവെള്ള പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതുകൊണ്ട് ജനങ്ങള്‍ വെള്ളം സംഭരിക്കാന്‍ നിര്‍ബന്ധിതരാണ്. ഇതും കൊതുകുകളുടെ സാന്നിധ്യം വര്‍ധിപ്പിച്ചു.


നഗരവല്‍ക്കരണവും വ്യവസായ വല്‍ക്കരണവും കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാനും കൊതുകു വളരാനും കാരണമായി. നഗരവല്‍ക്കരണം വര്‍ധിക്കുന്തോറും ഡെങ്കിബാധയും വര്‍ധിക്കുന്നതായാണ് കാണുന്നത്.

ഈ വര്‍ഷത്തെ നീണ്ടു നില്‍ക്കുന്ന മഴക്കാലവും മറ്റൊരു കാരണമാണ്. നാല് വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് മഴക്കാലം ഈ നിലയില്‍ നീണ്ടുനില്‍ക്കുന്നത്. സാധാരണ സപ്തംബറിലാണ് മഴക്കാലം കഴിയുക. ഇത്തവണ ഒക്ടോബര്‍ 25 വരെ നീണ്ടു. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ രാജ്യത്ത് 43 ശതമാനം ജില്ലകളിലും അധികം മഴ ലഭിച്ചു. മഴ കൂടുതല്‍ നീണ്ടു നിന്നതിന്റെ ഭാഗമായി യുപി, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ രോഗം കൂടുതല്‍ പ്രത്യക്ഷപ്പെട്ടു.


മധ്യപ്രദേശില്‍ ഒക്ടോബര്‍ അവസാനം വരെ 11,354 ഡെങ്കി കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇവിടത്തെ 10 ജില്ലകളില്‍ മഴയും കൂടുതലായിരുന്നു. പഞ്ചാബില്‍ 16,000 ഡെങ്കി കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇവിടെ 19 ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചു. മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല.

മഴക്കാലം നീണ്ടു നില്‍ക്കുന്നതു മാത്രമല്ല, അതിന്റെ പാറ്റേണും പ്രശ്‌നമാണ്. ഇടവിട്ട് മഴ പെയ്യുന്നതും മഴ നീണ്ടു നില്‍ക്കുന്നതും വ്യത്യാസമുണ്ട്. വെള്ളം, ചൂടുള്ള കാലാവസ്ഥ, ഈര്‍പ്പം ഇതൊക്കെ കൊതുകു വളര്‍ച്ചയെ സ്വാധീനിക്കും. മഴ കഴിഞ്ഞ് വെയിലുള്ള അവസ്ഥ വന്നാല്‍ അത് കൊതുകു വളര്‍ച്ചക്ക് കാരണമാവും. നീണ്ടുനില്‍ക്കുന്ന മഴ അത്ര പ്രശ്‌നമുണ്ടാക്കില്ല.

Next Story

RELATED STORIES

Share it