Latest News

മണ്‍സൂണ്‍ പിന്‍വാങ്ങിയിട്ടും നിലയ്ക്കാതെ മഴ

മണ്‍സൂണ്‍ പിന്‍വാങ്ങിയിട്ടും നിലയ്ക്കാതെ മഴ
X

ന്യൂഡല്‍ഹി: മണ്‍സൂണ്‍ പിന്‍വാങ്ങിയിട്ടും നിലയ്ക്കാതെ മഴ. ഇന്ന് രാജസ്ഥാനില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ ജയ്പൂര്‍, സിക്കാര്‍ എന്നിവയുള്‍പ്പെടെ നിരവധി ജില്ലകളില്‍ കനത്ത മഴ പെയ്തു. ജയ്പൂരിലെ പല പ്രദേശങ്ങളിലും രണ്ടുമുതല്‍ മൂന്ന് അടി വരെ വെള്ളം നിറഞ്ഞു. ദസറയ്ക്ക് തയ്യാറാക്കിയ രാവണന്റെ രൂപങ്ങളും വെള്ളത്തില്‍മുങ്ങി. കോട്ടയിലെ 221 അടി ഉയരമുള്ള രാവണന്റെ പ്രതിമ വെള്ളത്തില്‍ മുങ്ങിയെന്നും റിപോര്‍ട്ടുകള്‍ വന്നു.ഒക്ടോബര്‍ രണ്ടിനും രാജസ്ഥാനില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഈ വര്‍ഷം മണ്‍സൂണ്‍ സീസണില്‍ (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ) രാജ്യത്ത് സാധാരണ ലഭിക്കുന്നതിനേക്കാള്‍ എട്ടുശതമാനം കൂടുതല്‍ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. നാലുമാസ കാലയളവില്‍ ഇന്ത്യയില്‍ സാധാരണയായി 868.6 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കുന്നത്. ഈ വര്‍ഷം 937.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

1,520 പേരാണ് മഴയെതുടര്‍ന്നുണ്ടായ അപകടങ്ങളില്‍ രാജ്യത്ത് ഇതുവരെ മരിച്ചത്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം, 290 പേരാണ് അവിടെ മാത്രം മരിച്ചത്.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മഴക്കാലം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബറില്‍ സാധാരണയേക്കാള്‍ 15ശതമാനം കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലും മണ്‍സൂണിനുശേഷം സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it