Latest News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ജാമ്യഹരജിയെ എതിര്‍ത്ത് കക്ഷി ചേരാന്‍ അതിജീവിത

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
X

കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷയും സിംഗിള്‍ ബെഞ്ച് പരിഗണിക്കും. തന്റെ ഭാഗംകൂടി കേട്ടശേഷം മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാവൂ എന്നാണ് അതിജീവിതയുടെ ആവശ്യം. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയും കക്ഷി ചേരാനുള്ള അപേക്ഷയും പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘവും ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കും.

എസ്ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുംവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയാണ് ഹൈക്കോടതിയുടെ മുന്‍പിലെത്തുന്നത്. ഒരു തവണ അറസ്റ്റ് തടയുകയും രണ്ടാമത്തെ തവണ പരിഗണിച്ചപ്പോള്‍ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് അതിജീവിത റിട്ട് ഹരജി സമര്‍പ്പിച്ചത്. സമാനതകളില്ലാത്ത സൈബര്‍ ആക്രമണം നേരിടുന്നുണ്ടെന്ന് അതിജീവിത പറയുന്നു. രാഹുലിന് ജാമ്യം നല്‍കിയാല്‍ തന്റെ ജീവനടക്കം പ്രശ്‌നം ഉണ്ടാകുമെന്ന് അതിജീവിത പറയുന്നു.

ബലാല്‍സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരേ ചുമത്തിയിട്ടുള്ളത്. അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി അതിജീവിതയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it