Latest News

വിഡി സതീശന്റെ പരാമര്‍ശം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍: ആര്‍ ചന്ദ്രശേഖരന്‍

സ്വാതന്ത്ര്യ സമരകാലം മുതലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ ഐഎന്‍ടിയുസിയുടെ പ്രാധാന്യം വ്യക്തമാവും

വിഡി സതീശന്റെ പരാമര്‍ശം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍: ആര്‍ ചന്ദ്രശേഖരന്‍
X

തിരുവനന്തപുരം: പോഷക സംഘടന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎന്‍ടിയുസി കോണ്‍ഗ്രസിനോട് ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനമാണ്. രൂപീകരണ കാലം മുതല്‍ സംഘടന പ്രവര്‍ത്തിച്ചത് അപ്രകാരമാണ്. ഇതിന് പുറമെ പോഷക സംഘടനയാണ് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ എഐസിസിയുടെ വെബ്‌സൈറ്റിലുണ്ട്. കെപിസിസിയുടെ ലിസ്റ്റിലും ഐഎന്‍ടിയുസി പോഷക സംഘടനകളുടെ കൂട്ടത്തിലുണ്ടെന്നും ആര്‍ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ സോണിയ ഗാന്ധി വരെയുള്ളവരുടെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു ചന്ദ്രശേഖരന്‍ തന്റെ വാദങ്ങളെ പ്രതിരോധിച്ചത്. സ്വാതന്ത്ര്യ സമരകാലം മുതലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ ഐഎന്‍ടിയുസിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ബഹുജന പ്രക്ഷോഭങ്ങളില്‍ എഐടിസിയുവിന് പങ്കാളിത്തമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ കാലത്തും ഐഎന്‍ടിയുസിയുമായി ചേര്‍ന്ന് നിന്നിരുന്നവരാണ്. എറണാകുളത്തെ പ്ലീനറി സമ്മേളനത്തില്‍ സോണിയ ഗാന്ധിയുടേതായ സന്ദേശത്തില്‍ ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ചന്ദ്രശേഖരന്‍ ഓര്‍മ്മിപ്പിക്കുന്നു.

വിഡി സതീശന്‍ പരാമര്‍ശം നടത്തിയത് സംസ്ഥാനത്തെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ്. സമരങ്ങള്‍ എത് തരത്തിലായാലും കുറച്ചാളുകള്‍ക്ക് അസൗകര്യമുണ്ടാവും. ചില അസൗകര്യങ്ങളുടെ പേരില്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ വാക്ക് തൊഴിലാളികള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സതീശന്റെ പ്രസ്താവന ഐഎന്‍ടിയുസിക്ക് വേദന ഉണ്ടാക്കി. തൊഴിലാളികള്‍ അനാഥരെന്ന തോന്നലുണ്ടാക്കി. അത് തിരുത്തേണ്ടതുണ്ട്, പ്രസ്താവന വിഡി സതീശന്‍ തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്ന ഒരു നടപടിയും ഐഎന്‍ടിയുസി വിഷയത്തില്‍ സ്വീകരിക്കില്ലെന്നും ആര്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു. സംഘടനാപരമായ കാര്യങ്ങളില്‍ അവസാന വാക്ക് പറയേണ്ടത് കെപിസിസി അധ്യക്ഷനാണെന്നും ആര്‍ ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Next Story

RELATED STORIES

Share it