Latest News

പത്തനംതിട്ട അനാഥാലയത്തിലെ പീഡനം: പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പത്തനംതിട്ട അനാഥാലയത്തിലെ പീഡനം: പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
X

കൊച്ചി: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിലെ പീഡനക്കേസിലെ പ്രതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 30 വരെയാണ് അറസ്റ്റ് തടഞ്ഞത്. അനാഥാലയം നടത്തിപ്പുകാരി, മകന്‍, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. കേസ് ഡയറി ഹാജരാക്കാന്‍ അടൂര്‍ പോലിസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പീഡനത്തിന് ഇരയായെന്നു പറയുന്ന പെണ്‍കുട്ടിയെ അനാഥാലയം നടത്തിപ്പുകാരിയുടെ മകന്‍ വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞ മാസം രണ്ടാം തീയതി പെണ്‍കുട്ടി പ്രസവിച്ചു. പെണ്‍കുട്ടി എട്ടാം മാസം പ്രസവിച്ചതോടെയാണ് സംഭവം വിവാദമായത്. ഇരുവരുടെ വിവാഹവും പിന്നീട് കുട്ടി ജനിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ ദമ്പതികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വിവാഹവും അതിനു ശേഷം യുവതി പ്രസവിച്ച തീയതിയും ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ യൂട്യൂബ് വീഡിയോയിലൂടെ കണ്ടവര്‍ക്കുണ്ടായ സംശയമാണ് അന്വേഷണത്തിലേക്ക് എത്തിയത്.

പതിനെട്ടുവയസിന് മുമ്പാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നും അത് മറച്ചുവയ്ക്കാന്‍ വിവാഹം നടത്തിയെന്നും ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതി നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. പെണ്‍കുട്ടിയെ പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടറുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷമാണ് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തത്. തങ്ങള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരാണ് ഇതിനു പിന്നിലെന്നുമാണ് പ്രതികളുടെ വാദം.

Next Story

RELATED STORIES

Share it