Latest News

കര്‍ഷകര്‍ക്കെതിരേ പ്രകോപനപരമായ പരാമര്‍ശം; ഹരിയാന മുഖ്യമന്ത്രിക്കെതിരേ നല്‍കിയ ഹരജി ഡല്‍ഹി കോടതി നവംബര്‍ 18ന് പരിഗണിക്കും

കര്‍ഷകര്‍ക്കെതിരേ പ്രകോപനപരമായ പരാമര്‍ശം; ഹരിയാന മുഖ്യമന്ത്രിക്കെതിരേ നല്‍കിയ ഹരജി ഡല്‍ഹി കോടതി നവംബര്‍ 18ന് പരിഗണിക്കും
X

ന്യൂഡല്‍ഹി: കര്‍ഷക സമരക്കാരെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന പരാമര്‍ശം നടത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരേയുള്ള ഹരജി ഡല്‍ഹി കോടതി നവംബര്‍ 18ന് പരിഗണിക്കും. കിസാന്‍ സംഘത്തിന്റെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി പ്രകോപനപരമായ പരാമര്‍ശം നടത്തിയത്.

ഇന്ന് പരിഗണിക്കേണ്ടിയിരുന്ന ഹരജി അഡിഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സച്ചിന്‍ ഗുപ്ത അവധിയിലായിരുന്നതിനാലാണ് പിന്നേക്ക് മാറ്റിവച്ചത്.

മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമിത് സാഹ്നിയാണ് കോടതിയില്‍ കേസ് നല്‍കിയത്. ഖട്ടര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം പിന്നീട് വൈറലായിരുന്നു.

ബിജെപി കിസാന്‍ സംഘത്തിന്റെ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് ഖട്ടര്‍ വിദ്വേഷപരാമര്‍ശം നടത്തിയതെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നു. ഐപിസിയുടെ 109, 153, 153 എ, 505 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. ജാതി, മത, പ്രദേശ, വംശ വ്യത്യാസത്തിന്റെ പേരില്‍ വിദ്വേഷം പ്രകടിപ്പിക്കുന്നതും സമൂഹത്തില്‍ സ്പര്‍ധ സൃഷ്ടിക്കുന്നതും കുറ്റകരമാക്കുന്ന വകുപ്പുകളാണ് ഇത്.

2-6 മാസം ജയിലില്‍ പോകാന്‍ ഭയക്കേണ്ടെന്നും വോളണ്ടിയര്‍മാരുടെ സംഘം ഉണ്ടാക്കണമെന്നും ഖട്ടര്‍ തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെടുന്നുണ്ട്. യോഗങ്ങളില്‍ നിന്ന് പഠിക്കുന്നതിനേക്കാള്‍ ജയിലില്‍ നിന്ന് പഠിക്കാനാവുമെന്നും അങ്ങനെയാണ് വലിയ നേതാക്കള്‍ ഉണ്ടായതെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ളതാണെന്നും സംഘര്‍ഷം ലക്ഷ്യംവച്ചാണെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ പ്രത്യക്ഷ സമരത്തിലാണ്. അതിനെതിരേയായിരുന്നു ഖട്ടറിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it