Big stories

പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള്‍ 835, പിന്‍വലിച്ചത് 34 കേസുകളെന്ന് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള്‍ 835, പിന്‍വലിച്ചത് 34 കേസുകളെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചുമത്തിയ കേസുകളില്‍ ഇതുവരെ പിന്‍വലിച്ചത് വെറും 34 എണ്ണമെന്ന് മുഖ്യമന്ത്രി. 835 കേസുകള്‍ ചുമത്തിയപ്പോഴാണ് ഇത്രയും കേസുകള്‍ പിന്‍വലിച്ചത്. എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

സംസ്ഥാനത്ത് ആകെ 835 കേസുകളാണ് പൗരത്വനിയമത്തിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ചുമത്തിയത്. 6847 പേര്‍ ഇതില്‍ പ്രതികളാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ ചുമത്തിയത് കോഴിക്കോടാണ്, 159. പിന്‍വലിച്ച 34 കേസില്‍ 6 എണ്ണം എറണാകുളം റൂറലിലും 12 എണ്ണം കണ്ണൂര്‍ സിറ്റിയിലും 16 എണ്ണം കണ്ണൂര്‍ റൂറലിലുമാണ്.

തിരുവനന്തപുരം 39, തിരുവനന്തപുരം റൂറല്‍ 47, കൊല്ലം സിറ്റി 15, കൊല്ലം റൂറല്‍ 29, പത്തനംതിട്ട 16, ആലപ്പുഴ 25, കോട്ടയം 26, ഇടുക്കി 17, എറണാകുളം സിറ്റി 17, എറണാകുളം റൂറല്‍ 38, തൃശൂര്‍ സിറ്റി 66, തൃശൂര്‍ റൂറല്‍ 20, പാലക്കാട് 85, മലപ്പുറം 93, കോഴിക്കോട് സിറ്റി 56, കോഴിക്കോട് റൂറല്‍ 103, വയനാട് 32, കണ്ണൂര്‍ സിറ്റി 54, കണ്ണൂര്‍ റൂറല്‍ 39, കാസര്‍കോഡ് 18 എന്നിങ്ങനെയാണ് ജില്ല തിരിച്ച കണക്ക്.



സംസ്ഥാനത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്കെതിരെ എത്ര കേസുകള്‍ ചുമത്തിയിട്ടുണ്ട്, ഓരോ ജില്ലയിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്ര വീതമാണ്; നാളിതുവരെ പിന്‍വലിച്ച കേസുകള്‍ എത്ര, ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ? എന്നായിരുന്നു മഞ്ഞളാംകുഴി അലിയുടെ ചോദ്യം.

പൗരത്വകേസുകള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it