Latest News

നിര്‍ദേശങ്ങള്‍ അംഗീകരിച്ചു; സിഐസിയുമായി ബന്ധം തുടരുമെന്ന് സമസ്ത

നിര്‍ദേശങ്ങള്‍ അംഗീകരിച്ചു; സിഐസിയുമായി ബന്ധം തുടരുമെന്ന് സമസ്ത
X

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിര്‍ദേശങ്ങള്‍ വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ കോ- ഓഡിനേഷന്‍ കമ്മിറ്റി (സിഐസി) അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഐസിയുമായുള്ള സംഘടനാ ബന്ധം വീണ്ടും തുടരുമെന്ന് സമസ്ത തീരുമാനിച്ചതായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരും അറിയിച്ചു.

ചില വിഷയങ്ങളില്‍ സമസ്ത കേന്ദ്ര മുശാവറയുടെ നിര്‍ദേശങ്ങള്‍ സിഐസി അംഗീകരിക്കാത്തതിന്റെ പേരില്‍ സിഐസിയുമായുള്ള സംഘടനാ ബന്ധം അവസാനിപ്പിച്ചതായി 2022 ജൂണ്‍ എട്ടിന് ചേര്‍ന്ന മുശാവറ തീരുമാനപ്രകാരം സിഐസിക്ക് കത്ത് നല്‍കിയിരുന്നു. അതിനുശേഷം 30/06/2022ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാരും സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാരും, കേന്ദ്ര മുശാവറ അംഗങ്ങളായ കെ ഉമര്‍ ഫൈസി മുക്കം, പി കെ ഹംസക്കുട്ടി മുസ്‌ല്യാര്‍ ആദൃശ്ശേരി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെംബര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരും ചേര്‍ന്ന് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സമസ്തയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് സിഐസിയുടെ പ്രസിഡന്റ് കൂടിയായ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് രേഖാമൂലം ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സമസ്ത ഭാരവാഹികള്‍ വ്യക്തമാക്കി.

സമസ്ത പ്രസിഡന്റിനെ സിഐസി ഉപദേശക സമിതിയില്‍ നിന്നുമാറ്റുന്ന ഭരണഘടനാ ഭേദഗതിയടക്കം നടപ്പാക്കിയ നീക്കത്തിന് പിന്നാലെയാണ് മതപഠനവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക് കോളജ് കൗണ്‍സിലുമായി ഒരു ബന്ധവും വേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ തീരുമാനിച്ചത്. സമസ്ത പ്രസിഡന്റ് സിഐസിയുടെ ഉപദേശക സമിതി അംഗമായിരുന്നു. എന്നാല്‍, ഭരണഘടനാഭേദഗതി പ്രകാരം സമസ്ത പ്രസിഡന്റ് അംഗമാവണമെന്നില്ല.

സമസ്തയുടെ ഏതെങ്കിലുമൊരു മുശാവറാംഗം മാത്രം ഉപദേശകസമിതിയില്‍ ഉണ്ടായാല്‍ മതി. ഇത് സമസ്തയുടെ നിയന്ത്രണത്തില്‍ നിന്ന് സിഐസിയെ വെട്ടിമാറ്റാനാണെന്ന് ആലിക്കുട്ടി മുസ്‌ല്യാര്‍ ഔദ്യോഗികമായി പുറത്തിറക്കിയ വിശദീകരണത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. വഫിയ്യ കോഴ്‌സ് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്‌സ് കാലാവധി കഴിയുന്നതുവരെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും അങ്ങനെ വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനം അവരെ പുറത്താക്കണമെന്നുമുള്ള സര്‍ക്കുലറിനെതിരെയും സമസ്ത രംഗത്തുവന്നിരുന്നു.

ഈ രണ്ട് വിഷയത്തിലും സിഐസിയോട് സമസ്ത രേഖാമൂലം വിശദീകരണം ചോദിച്ചിരുന്നു. ഇതില്‍ ഒരു മറുപടിയും തന്നില്ലെന്നാണ് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ല്യാര്‍ സിഐസിക്കയച്ച കത്തില്‍ പറയുന്നത്. സമസ്തയുടെ അധികാരങ്ങള്‍ ഭരണഘടനയില്‍നിന്ന് എടുത്തുകളയാന്‍ സിഐസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കിം ഫൈസി ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കത്തുകളുടെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു

സമസ്ത 15/06/2022ന് സിഐസിക്ക് നല്‍കിയ കത്ത്

ജനറല്‍ സെക്രട്ടറി, കോ ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സിഐസി), വാഫി കാംപസ്, പാങ്ങ്, പി.ഒ പാങ്ങ് സൗത്ത്, വഴികൊളത്തൂര്‍, മലപ്പുറം ജില്ല 679 338

മാന്യരേ, അസ്സലാമു അലൈക്കും

സിഐസിയുടെ കീഴില്‍ നടത്തി വരുന്ന വഫിയ്യ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്‌സിന്റെ കാലാവധിയായ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത് വരെ വിവാഹം നടത്താന്‍ പാടില്ലെന്ന നിര്‍ബന്ധ നിയമവും, വഫിയ്യ കോഴ്‌സില്‍ പഠിക്കുന്ന ഏതെങ്കിലും പെണ്‍കുട്ടികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും അവരെ പുറത്താക്കുന്ന രീതിയും ഒഴിവാക്കണമെന്നും, സിഐസിയുടെ ഭരണഘടന ഭേദഗതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, പാഠ്യപദ്ധതികള്‍ തുടങ്ങിയവ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വീക്ഷണവും, ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണമെന്നതും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സിഐസിയുടെ ഉപദേശ സമിതിയില്‍ ഒരംഗമായിരിക്കമെന്നതും പുതിയ ഭേദഗതിയില്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭരണഘടനയില്‍ നേരത്തെ ഉണ്ടായിരുന്നത് പോലെ നിലനിര്‍ത്തണമെന്നും രേഖാമൂലം താങ്കളോട് ആവശ്യപ്പെടത് അംഗീകരിക്കുകയോ ഉചിതമായ മറുപടി നല്‍കുകയോ ചെയ്യാത്തതിനാലും, സി.ഐ.സി.യോട് ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ഇത് വരെ ഉണ്ടായിരുന്ന സംഘടന ബന്ധം അവസാനിപ്പിച്ചതായി 08062022 ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗത്തിന്റെ തീരുമാനം താങ്കളെ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എന്ന്, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (ഒപ്പ്), (ജനറല്‍ സെക്രട്ടറി).

സിഐസി സമസ്തക്ക് 01/07/2022ന് നല്‍കിയ കത്ത്

ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ

ബഹുമാന്യരെ, 1) സിഐസി ജനറല്‍ ബോഡി ഭരണഘടനയില്‍ വരുത്തിയ ഭേദഗതികളില്‍ ദുര്‍ബലപ്പെടുത്താന്‍ സമസ്ത കേന്ദ്ര മുശാവറ ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങളും പഴയ രൂപത്തില്‍ തന്നെ നിലനില്‍കുന്നതാണ്. 2) വഫിയ്യ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുന്ന പെണ്‍കുട്ടികളുടെ പഠന കാലത്ത് വിവാഹം സി.ഐ.സി തടസ്സപ്പെടുത്തുകയോ തുടര്‍നടപടികള്‍ ഉണ്ടായിരിക്കുകയോ ചെയ്യുന്നതല്ല. എന്ന്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (ഒപ്പ്) പ്രസിഡന്റ്, കോ-ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ്.

Next Story

RELATED STORIES

Share it