Latest News

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 20 കോടി രൂപയുടെ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 20 കോടി രൂപയുടെ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി
X

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ 20 കോടി രൂപയുടെ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചു. 40 കോടി രൂപയുടെ ഏഴ് പദ്ധതികള്‍ക്കും ഉടന്‍ അനുമതിയാകും. സാങ്കേതികാനുമതി ലഭ്യമാകാതിരുന്നതിനാലാണ് ഇതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടത്. സാങ്കേതികാനുമതി കിട്ടിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

പദ്ധതി പൂര്‍ത്തീകരണത്തില്‍ കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യം. സാങ്കേതിക അനുമതി വേഗത്തില്‍ ലഭ്യമാക്കിയാല്‍ ഇത് പരിഹരിക്കാനാവും. തുടര്‍നടപടികളുടെ പുരോഗതി വിലയിരുത്താനായി പ്രതിമാസ അവലോകന യോഗങ്ങള്‍ ചേരും. കെട്ടിട നിര്‍മാണത്തിനും ഇലക്ട്രിഫിക്കേഷനുമായി ഒറ്റ ടെന്‍ഡര്‍ എന്ന രീതിയിലുള്ള കോമ്പസൈറ്റ് ടെന്‍ഡറിലൂടെയാണ് പദ്ധതികളെല്ലാം നടപ്പാക്കുക. റോഡുകളുടെ പരിപാലന കാലാവധി കഴിഞ്ഞാലും പരിപാലനം ഉറപ്പാക്കുന്ന റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനം ജില്ലയില്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നുണ്ട്. 179 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡുകള്‍ ഈ സംവിധാനത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. എട്ടെണ്ണം ടെന്‍ഡര്‍ ചെയ്തിട്ടുമുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നിര്‍മിക്കുന്ന ഇംഹാന്‍സിന്റെ (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ്) മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം, മൂന്ന് കോടിയുടെ ഡ്രഗ് സ്‌റ്റോര്‍, 250 പേര്‍ക്ക് താമസിക്കാവുന്ന 14 കോടി രൂപയുടെ ബോയ്‌സ് ഹോസ്റ്റല്‍ എന്നിവയ്ക്കാണ് അനുമതി. 4.2 കോടി രൂപയുടെ സ്‌ട്രോക്ക് സെന്റര്‍, പാരാ മെഡിക്കല്‍ ബില്‍ഡിങ്, ക്യാന്‍സര്‍ സെന്ററില്‍ നാല് കോടി രൂപയുടെ കെട്ടിടം, 6.16 കോടി രൂപയുടെ റീജ്യണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി എന്നീ പദ്ധതികളുടെ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കി സാങ്കേതികാനുമതിക്കായി ശുപാര്‍ശ ചെയ്തു. ട്രോമ കെയര്‍, പാര്‍ട്ടം യൂണിറ്റ്, ഹൗസ് സര്‍ജന്‍ ക്വാര്‍ട്ടേഴ്‌സ് എന്നീ പദ്ധതികള്‍ക്കായി പിഡബ്ല്യൂഡി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. എട്ട് കോടി രൂപയുടേതാണ് ട്രോമ കെയര്‍. ഇതും ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it