Latest News

മാധ്യമപ്രവര്‍ത്തകന് വെടിയേറ്റ സംഭവം; യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഗാസിയാബാദിലാണ് കഴിഞ്ഞ ദിവസം രാത്രി മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷിക്കു നേരെ വധശ്രമമുണ്ടായത്.

മാധ്യമപ്രവര്‍ത്തകന് വെടിയേറ്റ സംഭവം; യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി
X

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പെണ്‍മക്കളുടെ മുന്നിലിട്ട് മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റ സംഭവത്തില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. 'അനന്തരവളെ ശല്യം ചെയ്തതിന് പോലിസില്‍ പരാതി നല്‍കിയതിനാണ് ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റത്. ഈ ജംഗിള്‍ രാജില്‍ സാധാരണക്കാരന്‍ എങ്ങനെ സുരക്ഷിതനാകും'- പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഗാസിയാബാദിലാണ് കഴിഞ്ഞ ദിവസം രാത്രി മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷിക്കു നേരെ വധശ്രമമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. രണ്ടു മക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ ഒരു സംഘം ആക്രമിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. തലയ്ക്കു വെടിയേറ്റ വിക്രം ജോഷി ഡല്‍ഹിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

അക്രമി സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചിരുന്നു. ഇവര്‍ക്കു ജോഷിയുടെ കുടുംബത്തെ നേരത്തെ പരിചയമുണ്ടായിരുന്നതായും പോലിസ് പറഞ്ഞു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജോഷിയെ ഒരു സംഘം വളയുന്നതും വെടിവെയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബൈക്ക് മറിഞ്ഞുവീണതിനു പിന്നാലെ പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. നിലത്തുവീണ ജോഷിയെ അക്രമികള്‍ സഞ്ചരിച്ച കാറിനടുത്തേക്ക് വലിച്ചുകൊണ്ടുപോയ ശേഷമാണു വെടിയുതിര്‍ത്തത്. ഇതിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പിന്നാലെ തിരിച്ചെത്തിയ പെണ്‍കുട്ടികള്‍ നിലവിളിച്ചുകൊണ്ടു സഹായം അപേക്ഷിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം.




Next Story

RELATED STORIES

Share it