Latest News

പള്ളികളിലെ നമസ്‌ക്കാരം; ഇളവു വേണമെന്നാവശ്യപ്പെട്ട് കെഎംവൈഎഫ് കളക്ടര്‍ക്ക് നിവേദനം നല്‍കി

പള്ളികളിലെ നമസ്‌ക്കാരം; ഇളവു വേണമെന്നാവശ്യപ്പെട്ട് കെഎംവൈഎഫ് കളക്ടര്‍ക്ക് നിവേദനം നല്‍കി
X

കായംകുളം: വിശുദ്ധ റമദാന്‍ മാസത്തില്‍ രാത്രിയില്‍ തറാവീഹ് നമസ്‌ക്കാരം ഉള്‍പ്പടെ പള്ളികളില്‍ നടന്നുവരുന്ന സാഹചര്യത്തില്‍ ആരാധന ചടങ്ങുകള്‍ക്ക് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, ജില്ലാ ജനറല്‍ സെക്രട്ടറി എസ് കെ നസീര്‍ എന്നിവര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സാണ്ടര്‍ക്ക് നിവേദനം നല്‍കി.

ആവശ്യം പരിഗണിക്കാമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയിലെ കൊവിഡ് രോഗ വ്യാപനം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലും പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലും കൊവിഡ് തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ദുരന്തനിവാരണ നിയമപ്രകാരം ഇന്നലെയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിറക്കിയത്.

ജില്ലയിലെ ആരാധനാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തുകയും, ചടങ്ങുകള്‍ നടത്തുവാന്‍ അധികാരപ്പെട്ട മതപുരോഹിതന്‍, ചടങ്ങുകളില്‍ അനിവാര്യമായി പങ്കെടുക്കേണ്ട മറ്റ് അധികാരികള്‍ ഉള്‍പ്പെടെ പരമാവധി 10 പേരായി പരിമിതപ്പെടുത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റമദാനില്‍ സാമൂഹ്യഅകലം പാലിച്ചും ജാഗ്രതയോടും കൂടി പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്ന വിശ്വാസി സമൂഹത്തിന് കളക്ടറുടെ ഉത്തരവ് വിഷമകരമായി തീര്‍ന്ന സാഹചര്യത്തിലാണ് റമദാനിലെ രാത്രി നമസ്‌ക്കാരം കൂടി പരിഗണിച്ച് ഉത്തരവില്‍ മതിയായ ഇളവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്.

Next Story

RELATED STORIES

Share it