Latest News

മെയ് രണ്ടിന് രാവിലെ 7.59വരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും; കാസര്‍കോഡ് ജില്ലയിലെ വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ ഇങ്ങനെ

മെയ് രണ്ടിന് രാവിലെ 7.59വരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും; കാസര്‍കോഡ് ജില്ലയിലെ വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ ഇങ്ങനെ
X

കാസര്‍കോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് രണ്ടിന് കാസര്‍കോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് തുടങ്ങും. വോട്ടെണ്ണലിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലം-കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട്-കാസര്‍കോട് ഗവ. കോളജ്, ഉദുമ-പെരിയ ഗവ. പോളിടെക്നിക് കോളജ്, കാഞ്ഞങ്ങാട്-നെഹ്റു കോളജ്, പടന്നക്കാട്, തൃക്കരിപ്പൂര്‍-തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളജ് എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

രാവിലെ എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാന്‍ തുടങ്ങും. ആദ്യം ഇ.ടി.പി.ബി.എസ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങും. മെയ് രണ്ടിന് രാവിലെ 7.59 വരെ തപാലില്‍ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രം സ്വീകരിക്കും. ഇത് സംബന്ധിച്ച് തപാല്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓരോ കേന്ദ്രത്തിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണാന്‍ നാല് ഹാള്‍ വീതം ഉണ്ടാവും. ഓരോ ഹാളിലും അഞ്ച് ടേബിള്‍. ആകെ 20 ടേബിള്‍.

പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ ഓരോ ഹാള്‍ വീതം ഉണ്ടാവും. പോസ്റ്റല്‍ ബാലറ്റിന് മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് വീതം ടേബിള്‍, ഉദുമ, കാഞ്ഞങ്ങാട് 10 വീതം ടേബിള്‍, തൃക്കരിപ്പൂര്‍ 18 ടേബിള്‍ എന്നിങ്ങനെയായിരിക്കും.

മഞ്ചേശ്വരം മണ്ഡലത്തില്‍ 336 പോളിംഗ് ബൂത്തുകളുണ്ട്. വോട്ടണ്ണലിന് 17 റൗണ്ട് ഉണ്ടാവും. കാസര്‍കോട് 296 ബൂത്തുകള്‍, 15 റൗണ്ട്. ഉദുമ 316 ബൂത്തുകള്‍ 16 റൗണ്ട്. കാഞ്ഞങ്ങാട് 336 ബൂത്തുകള്‍, 17 റൗണ്ട്. തൃക്കരിപ്പൂര്‍ 307 ബൂത്തുകള്‍, 16 റൗണ്ട്. ഒരു റൗണ്ടില്‍ 20 ബൂത്തുകളാണ് എണ്ണുക.

രാവിലെ 7.45ന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സ്ട്രോംഗ്റൂം തുറക്കും. അവരുടെ സാന്നിധ്യത്തില്‍ ഇ.വി.എം, പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവ വരണാധികാരിയുടെ ടേബിളില്‍ എത്തിക്കും. വരണാധികാരിയുടെ ചുമതലയിലാണ് വോട്ടെണ്ണല്‍ നടക്കുക. ഒരു ഹാളില്‍ വരണാധികാരിയും മറ്റ് നാല് ഹാളുകളില്‍ നാല് സഹവരണാധികാരികളും ഉണ്ടാവും.

ഓരോ റൗണ്ട് വോട്ടെണ്ണലിന്റെ ഫലവും വരണാധികാരി കമ്മീഷന്റെ എന്‍കോര്‍ സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യും. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നേരിട്ട് ഫലം അപ്ലോഡ് ചെയ്യും. വേേു:െ//ൃലൗെഹെേ.ലരശ.ഴീ്.ശി/ എന്ന ഇലക്ഷന്‍ റിസല്‍ട്ട്സ് പോര്‍ട്ടലിലാണ് ട്രെന്‍ഡുകളും ഫലവും തല്‍സമയം ലഭ്യമാവുക. വോട്ടര്‍ ഹെല്‍പ്ലൈന്‍ (ഢീലേൃ ഒലഹുഹശില) മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി 885 ജീവനക്കാരെ നിയമിച്ചു. 295 വീതം കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിങ്ങിനെയാണ് നിശ്ചയിച്ചത്. മെയ് രണ്ടിന് രാവിലെ അഞ്ച് മണിക്ക് നടത്തുന്ന റാന്‍ഡമൈസേഷനിലൂടെയാണ് ഇവര്‍ ഏത് ടേബിളില്‍ ആണ് ഡ്യൂട്ടി ചെയ്യുക എന്ന് തീരുമാനിക്കുക. വോട്ടെണ്ണല്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ്ഷീല്‍ഡും ധരിക്കും. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇതുവരെ ജില്ലയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മികച്ച സഹകരണമാണ് നല്‍കിയത്. വോട്ടെണ്ണല്‍ സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.

വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിക്കില്ല. വോട്ടെണ്ണല്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച മീഡിയ പാസുള്ളവര്‍ക്ക് ഫലം അറിയുന്നതിന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മീഡിയാ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. കളക്ടറേറ്റില്‍ ജില്ലാതല മീഡിയ സെന്ററും പ്രവര്‍ത്തിക്കും. ഈ മീഡിയ സെന്ററുകളില്‍ പ്രവേശിക്കുന്നതിന് കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വോട്ടെണ്ണലിന് 72 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it