Latest News

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
X

കോഴിക്കോട്:വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നതാണെന്ന് നിഗമനം.കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധന്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.റിപോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്.

ഈ മാസം ഏഴിനാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അവിടെ വച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ല.തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുള്‍പ്പെടെ റിഫയുടെ ഭര്‍ത്താവ് മെഹ്‌നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂര്‍ പോലിസ് മെഹ്‌നാസിനെതിരെ കേസെടുത്തിരുന്നു.306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മെഹ്‌നാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹരജി മേയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോടതി പോലിസിനോട് വിശദീകരണം തേടിയിട്ടുണ്ട്. മെഹ്‌നാസിനെതിരെ പോലിസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it