Latest News

പോലിസ് ജീപ്പില്‍ പലതവണ കാറിടിപ്പിച്ചു; പോലിസ് ഡ്രൈവര്‍ക്ക് പരിക്ക്

നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താനായില്ല

പോലിസ് ജീപ്പില്‍ പലതവണ കാറിടിപ്പിച്ചു; പോലിസ് ഡ്രൈവര്‍ക്ക് പരിക്ക്
X

ബേഡഡുക്ക(കാസര്‍കോട്): രാത്രി പട്രോളിങ് നടത്തുകയായിരുന്ന ബേഡകം പോലിസിന്റെ ജീപ്പില്‍ മൂന്നുതവണ കാറിടിപ്പിച്ചതിനെ തുടര്‍ന്ന് പോലിസുകാരന് പരിക്ക്. നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താനായില്ല. ബേഡകം സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ ഡ്രൈവര്‍ ആര്‍ രാകേഷ് കുമാറിന്റെ കൈകള്‍ക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച രാത്രി 9.15-നാണ് സംഭവം. കുറ്റിക്കോലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളതെന്ന് സംശയം തോന്നിയ രാകേഷ് കാര്യം അന്വേഷിക്കാന്‍ പോലിസ് വാഹനം കാറിന്റെ വലതുഭാഗത്ത് നിര്‍ത്തുകയായിരുന്നു. പെട്ടെന്ന് മുന്നോട്ടെടുത്ത കാര്‍ പോലിസ് ജീപ്പിന്റെ മുന്‍ഭാഗത്തെ ഇടതുവശത്തിടിച്ച് ബന്തടുക്ക ഭാഗത്തേക്ക് രക്ഷപ്പെട്ടു.

വാഹനത്തെ പിന്‍തുടര്‍ന്ന് ബന്തടുക്ക ടൗണിലെത്തിയപ്പോള്‍ കാര്‍ വീണ്ടും പോലിസ് ജീപ്പില്‍ ഇടിച്ചശേഷം കുറ്റിക്കോല്‍ ഭാഗത്തേക്ക് തിരിച്ചു. പിന്‍തുടര്‍ന്ന് കുറ്റിക്കോലിലെത്തിയപ്പോള്‍ മുന്‍പുണ്ടായിരുന്ന അതേ സ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ടതായി കണ്ടു. കാറിനടുത്ത് പോലിസ് ജീപ്പ് നിര്‍ത്തിയപ്പോള്‍ കാര്‍ പിറകോട്ടെടുത്ത് വീണ്ടും ജീപ്പിലിടിച്ച് മുന്നോട്ട് കുതിച്ചു.

പരിക്കേറ്റ ആര്‍ രാകേഷ് കുമാര്‍ ബേഡഡുക്ക താലൂക്കാശുപത്രിയില്‍ ചികില്‍സതേടി. കെഎല്‍ 14 ക്യു 1178 നമ്പര്‍ കാറാണ് ഇടിച്ചത്. കേസെടുത്തതായും കാറിനായി കുമ്പള, മഞ്ചേശ്വരം സ്റ്റേഷന്‍ പരിധികളില്‍ അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it