Latest News

''പോക്‌സോ നിയമത്തിന് ലിംഗഭേദമില്ല''; ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്ന സ്ത്രീയുടെ ഹരജി തള്ളി

പോക്‌സോ നിയമത്തിന് ലിംഗഭേദമില്ല; ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്ന സ്ത്രീയുടെ ഹരജി തള്ളി
X

ബെംഗളൂരു: ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 52കാരി നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള നിയമത്തിന് ലിംഗഭേദമില്ലെന്ന് ഹരജി തള്ളി ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. ''ബാല്യത്തിന്റെ പവിത്രത സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള പുരോഗമനപരമായ നിയമമാണ് പോക്‌സോ. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമത്തില്‍ ലിംഗ വിവേചനമില്ല.''ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.

ആരോപിക്കപ്പെടുന്ന സംഭവം കഴിഞ്ഞ് നാലുവര്‍ഷം കഴിഞ്ഞാണ് കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതെന്ന് ഹരജിക്കാരി വാദിച്ചു. കുട്ടിയുടെ പ്രായം കണക്കിലെടുക്കുമ്പോള്‍ പരാതി പറയുന്നതില്‍ വൈകിയതില്‍ അസ്വാഭാവികതയില്ലെന്ന് കോടതി ഇതിന് മറുപടി നല്‍കി. സംഭവസമയത്ത് 13 വയസുമാത്രമായിരുന്നു കുട്ടിക്ക് പ്രായം. തനിക്ക് ലൈംഗികശേഷിയുണ്ടോയെന്ന് പോലിസ് പരിശോധിച്ചിട്ടില്ലെന്നും ഹരജിക്കാരി വാദിച്ചു.

ഒരു ലൈംഗികപ്രവൃത്തിയില്‍ സ്ത്രീ നിഷ്‌ക്രിയ പങ്കാളി മാത്രമാണെന്നും പുരുഷന്‍ സജീവ പങ്കാളിയാണെന്നുമുള്ള വാദത്തെ ശക്തമായി തള്ളിക്കളയുകയാണെന്ന് കോടതി പറഞ്ഞു. പീഡനത്തിന് ഇരയാവുന്നതില്‍ 54.4 ശതമാനവും ആണ്‍കുട്ടികളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it