Latest News

പിഎം ശ്രീ; 'സര്‍ക്കാര്‍ ബിജെപിയുമായി ചേര്‍ന്ന് വര്‍ഗീയ വല്‍ക്കരണം നടത്തുന്നു'- പി വി അന്‍വര്‍

പിണറായിസത്തെ താഴെയിറക്കുകയാണ് ലക്ഷ്യം

പിഎം ശ്രീ; സര്‍ക്കാര്‍ ബിജെപിയുമായി ചേര്‍ന്ന് വര്‍ഗീയ വല്‍ക്കരണം നടത്തുന്നു- പി വി അന്‍വര്‍
X

കണ്ണൂര്‍: പിഎം ശ്രീയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആരെ പറ്റിക്കാനാണ് ഒപ്പുവെച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമാക്കണമെന്നും, ഓഫീസിലല്ല മുഖ്യമന്ത്രി കണ്ടത്, സല്‍ക്കാരമായി സ്വീകരിച്ച് വീട്ടിലാണ് കണ്ടതെന്നും പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒറ്റ നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രി ഈ തീരുമാനമെടുത്തതെന്ന് പി വി അന്‍വര്‍ ആരോപിച്ചു.

ആര്‍എസ്എസും ബിജെപിയുമായി പിണറായി സര്‍ക്കാര്‍ അധാര്‍മ്മികമായ രാഷ്ട്രീയ ബന്ധം ഇപ്പോഴും തുടരുകയാണ്. ഒരു ബജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത 1,500 കോടിക്കായി കേരളത്തിന്റെ മതേതരത്വം വിറ്റു. അതാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതിലൂടെ തെളിഞ്ഞതെന്നും പി വി അന്‍വര്‍ ആരോപിച്ചു.

പിണറായിസത്തിനും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ പി വി അന്‍വര്‍ പിണറായിസത്തെ താഴെ ഇറക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിനെ സഹായിക്കുന്ന നിലപാടുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും പി വി അന്‍വര്‍ കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

'സിപിഐ ശക്തമായ നിലപാട് സ്വീകരിച്ചു. ആ തീരുമാനത്തിന്റെ ആയുസ് എത്രയാണെന്ന് 27ന് അറിയാം. സിപിഐ മന്ത്രിമാര്‍ക്ക് വിവരം നല്‍കുന്നത് പത്രക്കാരാണ്. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. സിപിഐ നിലപാടിന് 72 മണിക്കൂര്‍ മാത്രമാണോ, അതോ അവര്‍ ശക്തമായി നില്‍ക്കുമോയെന്ന് നോക്കാം'- പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പിഎം ശ്രീയില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്താനാണ് സാധ്യത. ചര്‍ച്ചയ്ക്ക് മുന്നോടിയായി മന്ത്രി വി ശിവന്‍കുട്ടി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി എം എന്‍ സ്മാരകത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നതുവരെ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന്റെ തീരുമാനം.

അതിനിടെ പി എം ശ്രീ പദ്ധതിയിലെ ധാരണ പത്രത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന സര്‍ക്കാറിന്റെ നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.

Next Story

RELATED STORIES

Share it