Latest News

സച്ചാര്‍ സമിതി റിപോര്‍ട്ട് സ്‌കോളര്‍ഷിപ്പിന് മാത്രമുള്ളതല്ല; മുസ്‌ലിം ന്യൂനപക്ഷ അവകാശ സംരക്ഷണ രേഖയെന്നും പികെ കുഞ്ഞാലിക്കുട്ടി

സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് സച്ചാര്‍ സംരക്ഷണസമിതി സംഘടിപ്പിച്ച മുസ്‌ലിം സംഘടന നേതാക്കളുടെ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍ണക്ക് ശേഷം സംരക്ഷണസമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

സച്ചാര്‍ സമിതി റിപോര്‍ട്ട് സ്‌കോളര്‍ഷിപ്പിന് മാത്രമുള്ളതല്ല; മുസ്‌ലിം ന്യൂനപക്ഷ അവകാശ സംരക്ഷണ രേഖയെന്നും പികെ കുഞ്ഞാലിക്കുട്ടി
X

തിരുവനന്തപുരം: സച്ചാര്‍ സമിതി റിപോര്‍ട്ട് സ്‌കോളര്‍ഷിപ്പിന് മാത്രമുള്ളതല്ലന്നും അത് മുസ്‌ലിം ന്യൂനപക്ഷ അവകാശ സംരക്ഷണ രേഖയാണെന്നും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് സച്ചാര്‍ സംരക്ഷണസമിതി സംഘടിപ്പിച്ച മുസ്‌ലിം സംഘടന നേതാക്കളുടെ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഈ സമരം. സച്ചാര്‍ സമിതി നിര്‍ദ്ദേശങ്ങള്‍ എന്നത് കുറച്ച് സ്‌കോളര്‍ഷിപ്പിന്റെ മാത്രം പ്രശ്‌നമല്ല. ഒരു 80; 20 യുടെ മാത്രം പ്രശ്‌നമവുല്ല. അത് മന്‍മോഹന്‍ സിങിന്റെ കാലത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ഒരു അവകാശ സംരക്ഷണ രേഖയാണ്.

ഏതെങ്കിലും സമുദായങ്ങളുമായി ഷെയര്‍ ചെയ്യാനുള്ള ഏര്‍പ്പാടല്ല. ഏതെങ്കിലും സമുദായത്തിന് നഷ്ടമാവുന്ന അവകാശങ്ങള്‍ ഉറക്കെപ്പറയാന്‍ പാടില്ല എന്നുപറയുന്നത് തെറ്റാണ്. ഈ അവകാശം ഉറക്കെപ്പറയാതിരുന്നാല്‍ പിന്നെ ആര് പറയും. അതിന് ഒരുതരം വിഭാഗീയതയുടെ മുദ്രചാര്‍ത്തി, നിങ്ങള്‍ മിണ്ടാന്‍ പാടില്ല എന്നുള്ളത് കൂടി ബ്രേക്ക് ചെയ്യാനുള്ളതാണ് ഈ ധര്‍ണ. അത് ബ്രേക്ക് ചെയ്യണം. അതുകൊണ്ടാണ് അന്തര്‍ദേശീയ തലത്തില്‍ ഉപയോഗിക്കുന്ന ഇസ്‌ലാംമോഫോബിയ ആണ് ഇതെന്ന് പറയാന്‍ കാരണം.

പിന്നാക്ക സമുദായം അവരുടെ അവകാശം ഉറക്കെ പറയുമ്പോ അത് വിഭാഗീയത എന്നാണ് പറയുന്നത്. ഒരോ ജനവിഭാഗങ്ങളും അവരുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ജനാധിപത്യപരമായി സംസാരിക്കുന്നത് തെറ്റല്ല.

സച്ചാര്‍ കമ്മിറ്റി 80:20ന്റെ പ്രശ്‌നമല്ലാ, സ്‌കോളര്‍ഷിപ്പിന്റെ പ്രശ്‌നവുമല്ല, ഒരുപാട് പ്രശ്‌നങ്ങളുടെ സമാഹാരമാണ്. അത് നേടിയെടുക്കുന്നതിന് വേണ്ടിയാണ് സാദിഖലി ശിഹാബ് തങ്ങളെ അധ്യക്ഷനായി സച്ചാര്‍ സമിതി രൂപീകരിച്ചത്. സച്ചാര്‍ സ്‌കീമെ ഇല്ലാതാകുന്ന രീതിയാണ് ഇപ്പോഴുള്ളത്.

മറ്റ് പിന്നാക്കവിഭാഗങ്ങള്‍ക്കായി ധാരാളം കമ്മിറ്റികള്‍ നിലവിലുണ്ട്, ഇനിയും പലതും വരാനുണ്ട്. അത് അവര്‍ക്കുള്ളതാണ്. സച്ചാര്‍ കമ്മിറ്റി മുസ്‌ലിം പിന്നാക്കാവസ്ഥയ്ക്കുള്ളതാണ്. മറ്റു വിഭാഗങ്ങള്‍ക്കുള്ളതല്ല. ഇത് മനസ്സിലാക്കാതെ വര്‍ത്തമാനം പറയുന്നതാണ് സാമൂഹിക സ്പര്‍ധ വളര്‍ത്തുന്നത്. ഇപ്പോള്‍ സച്ചാര്‍ സ്‌കീമ് തന്നെ ഇല്ലാതായിരിക്കുകയാണ്. അത് പുനസ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ ധര്‍ണ. അവരവര്‍ക്കുള്ളത് അവര്‍ക്ക് തന്നെ ലഭിക്കണം എന്ന സമീപനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചത്.

സച്ചാര്‍ സമിതി സ്‌കീം കേരളത്തില്‍ മാത്രം ഇല്ലാതാകുന്നത് ശരിയല്ല. അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് ശ്രമം. എത്രയും പെട്ടന്ന് ഈ പ്രശ്‌നം പരിഹരിച്ച് സമുദായ സൗഹാര്‍ദ്ദം നിലനിര്‍ത്തണം. ഇന്ന് ഈ ആവശ്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രിയെ കാണും'- അദ്ദേഹം പറഞ്ഞു.

ധര്‍ണക്ക് ശേഷം പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ സംരക്ഷണസമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ.ബഹാവുദ്ദീന്‍ നദ്‌വി, ഡോ. എന്‍എഎം അബ്ദുല്‍ ഖാദര്‍(സമസ്ത കേരള ജംഇത്തുല്‍ ഉലമ), ടിപി അബ്ദുല്ലക്കോയ മദനി, ഡോ. അബ്ദുല്‍ മജീദ് സ്വലാഹി(കെഎന്‍എം), എം ഐ അബ്ദുല്‍ അസീസ്, പി മുജീബ് റഹ്മാന്‍(ജമാഅത്തെ ഇസലാമി), അഡ്വ. മുഹമ്മദ് ഹനീഫ, എഎം ബഷീര്‍ മദനി(കെഎന്‍എം മര്‍ക്കസുദഅ്‌വ), പിഎന്‍ അബ്ദുല്‍ ലത്തീഫ് മദനി, ടികെ അഷ്‌റഫ്( വിസ്ഢം ഇസലാംമിക് ഓര്‍ഗനൈസേഷന്‍), കെകെ കുഞ്ഞാലി മുസലിയാര്‍, എപി അഹ്മദ് ബാഖവി അലൂര്(കേരള സംസ്ഥാന ജംഇത്തുല്‍ ഉലമ), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, കെഎച്ച് മുഹമ്മദ് മൗലവി(ദക്ഷിണ കേരള ജംഇത്തുല്‍ ഉലമ), എന്‍ജിനീയര്‍ മുഹമ്മദ് കോയ, പുനത്തില്‍ ഇബ്രാഹിം(എംഎസ്എസ്), ഹാഫിദ് അബ്ദുല്‍ ശുക്കൂര്‍ അല്‍ഖാസിമി, ഓണമ്പള്ളി അബ്ദുല്‍ സത്താര്‍ ബാഖവി(ജംഇത്തുല്‍ ഉലമായെ ഹിന്ദ്), അഡ്വ,. എം താജുദ്ദീന്‍, കമാല്‍ മാക്കിയില്‍(കേരള മുസലിം ജമാഅത്ത് കൗണ്‍സില്‍), പ്രഫ. ഇ അബ്ദുല്‍ റഷീദ്, എന്‍കെ അലി(മെക്ക), അബുല്‍ ഹൈര്‍ മൗലവി(തബ് ലീഗ് ജമാഅത്ത്), കരമന ബയാര്‍, മുഹമ്മദ് ബഷീര്‍ ബാബു(മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), എം അലാവുദ്ദീന്‍, ചുനക്കര ഹനീഫ(റാവുത്തര്‍ ഫെഡറേഷന്‍), അബ്ദുല്‍ ഖാദര്‍, മാമുക്കോയ ഹാജി(കേരള വഖഫ് സംരക്ഷണ സമിതി), ഡോ.പി നസീര്‍(ന്യൂനപക്ഷ ക്ഷേമവകുപ്പ് മുന്‍ ഡയറക്ടര്‍), ജോണ്‍ ജോണ്‍(ഭാരതീയ ജനതാദള്‍), പിഎംഎ സലാം(മുസ്‌ലിം ലീഗ്), പികെ ഫിറോസ് (യൂത്ത് കോണര്‍ഡിനേഷന്‍)സംബന്ധിച്ചു.

Next Story

RELATED STORIES

Share it