Latest News

ദലിതനായതിനാല്‍ വിവാഹബന്ധത്തെ എതിര്‍ത്തു; കുഞ്ഞിനെ തട്ടിയെടുത്തതിന് സിപിഎം നേതാവായ പിതാവിനെതിരേ പരാതിയുമായി മകള്‍

ഡിവൈഎഫ്‌ഐ പേരൂര്‍ക്കട മേഖലാ പ്രസിഡന്റായിരുന്ന അജിത്തും എസ്എഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറിയായ അനുപമയും തമ്മില്‍ പ്രണയത്തിലായിരുന്നു. അജിത്ത് ദലിത് ക്രിസ്ത്യാനിയായതിനാല്‍ പാര്‍ട്ടി കുടുംബം ബന്ധത്തെ എതിര്‍ത്തു. കുടുംബം തട്ടിയെടുത്ത കുഞ്ഞിനെ തേടിയാണ് പരാതി.

ദലിതനായതിനാല്‍ വിവാഹബന്ധത്തെ എതിര്‍ത്തു; കുഞ്ഞിനെ തട്ടിയെടുത്തതിന് സിപിഎം നേതാവായ പിതാവിനെതിരേ പരാതിയുമായി മകള്‍
X

തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം നാള്‍ ചോരകുഞ്ഞിനെ തട്ടിയെടുത്തതിന് സിപിഎം നേതാവായ പിതാവിനെതിരേ പരാതിയുമായി മകള്‍. സിപിഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രനെതിരെയാണ് മകള്‍ അനുപമ രംഗത്തെത്തിയത്.

കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് എഴുതി തന്നതിനാലാണ് ശിശുക്ഷേമ സമിതിയില്‍ ഏല്‍പിച്ചതെന്നാണ് പിതാവ് ജയച്ചന്ദ്രന്‍ പറയുന്നത്. എന്നാല്‍, അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും തന്നെ കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും അനുപമ പറയുന്നു.

ഡിവൈഎഫ്‌ഐ പേരൂര്‍ക്കട മേഖലാ പ്രസിഡന്റായിരുന്ന അജിത്തും എസ്എഫ്‌ഐ ഏരിയ ജോയിന്റ് സെക്രട്ടറി കൂടിയായ അനുപമയും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അജിത്ത് ദലിത് ക്രിസ്ത്യാനിയായതിനാല്‍ കുടുംബം ബന്ധത്തെ എതിര്‍ത്തു. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയായി. ഇതോടെ കുടുംബം യുവതിയെ വീട്ടില്‍ തടഞ്ഞുവച്ചു. അജിത്തുമായി സംസാരിക്കുന്നത് വിലക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അനുപമ സിസേറിയനിലൂടെ ആണ്‍ കുഞ്ഞിന് ജന്മംനല്‍കി. പ്രസവിച്ച് മൂന്നാം ദിവസം അച്ഛനും വീട്ടുകാരും കുഞ്ഞിനെ അനുപമയില്‍നിന്ന് ബലംപ്രയോഗിച്ച് മാറ്റി. സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ട് കുഞ്ഞിനെ തിരിച്ചുനല്‍കാമെന്നാണ് അന്ന് അച്ഛന്‍ പറഞ്ഞത്. ഇതിനിടയില്‍ സഹോദരിയുടെ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് അനുപമയില്‍നിന്ന് പാര്‍ട്ടി വക്കീല്‍ അടക്കം രണ്ടുപേരെത്തി ചില പേപ്പറുകള്‍ ഒപ്പിട്ടുവാങ്ങി. വിശദാംശങ്ങള്‍ ചോദിച്ചെങ്കിലും വെളിപ്പെടുത്തിയില്ല. അതേസയമം, അജിത് ആദ്യ ഭാര്യയില്‍നിന്ന് വിവാഹമോചനവും നേടി. എന്നാല്‍, സഹോദരിയുടെ വിവാഹം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ അനുപമയ്ക്ക് തിരിച്ചു നല്‍കിയില്ല. കുട്ടിയെ തിരിച്ചുകിട്ടാനായി പേരൂര്‍ക്കട പോലിസില്‍ നിരവധി തവണ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പിച്ചിരുന്നുവെന്നാണ് പിന്നീട് ലഭിച്ച വിവരം. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അനുപമ അജിത്തിനൊപ്പമാണ് താമസം.

തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ മുന്നില്‍നിന്ന നേതാവായ പേരൂര്‍ക്കട സദാശിവന്റെ മകനാണ് അനുപമയുടെ പിതാവ് പിഎസ് ജയചന്ദ്രന്‍. സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു സദാശിവന്‍. ഇങ്ങനെ സജീവപാര്‍ട്ടി കുടുംബമാണ് ജയചന്ദ്രന്റേത്. പാര്‍ട്ടി ബന്ധം മകളുടെ കാര്യത്തിലും അച്ഛന്‍ ഉപയോഗിച്ചു. അധികൃതരില്‍നിന്ന് നീതി ലഭിക്കാതായതോടെ അനുപമയും അജിത്തും പാര്‍ട്ടിയെ പലതവണ സമീപിച്ചിരുന്നു. എന്നാല്‍, അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്.

സിപിഎം നേതാക്കളായ എ വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, പി സതീദേവി, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവരെയെല്ലാം കണ്ടു പരാതി ബോധിപ്പിച്ചു. ഒരിടത്തുനിന്നും അനുകൂലമായ ഇടപെടലുണ്ടായില്ല. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യാമെന്ന് മുന്‍ മന്ത്രി ശ്രീമതി ടീച്ചര്‍ അറിയിച്ചെങ്കിലും അതുമുണ്ടായില്ല. അമ്മയ്ക്കും അച്ഛനുമെതിരെ എങ്ങനെ നടപടിയെടുക്കുമെന്നു ചോദിക്കുകയും ചെയ്തു. പിന്നീട് എകെജി സെന്ററുമായും നേരിട്ടും ഇമെയില്‍ വഴിയും ബന്ധപ്പെട്ടു. അതിനും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ഒടുവില്‍ ദേശീയ നേതാവ് വൃന്ദ കാരാട്ടിനെയും സമീപിച്ചു. അവര്‍ മാത്രമായിരുന്നു വിഷയം പരിഗണിച്ചതെന്ന് അനുപമ പറയുന്നു. ഒടുവില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ശിശുക്ഷേമ സമിതിക്കുമെല്ലാം പരാതി നല്‍കി. പരാതി നല്‍കി മാസങ്ങളായിട്ടും ഒരു തരത്തിലുമുള്ള ഇടപെടലുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.

അജിത് വിവാഹിതനായതിനാലാണ് ബന്ധത്തെ എതിര്‍ത്തതെന്നാണ് പിതാവ് ജയച്ചന്ദ്രന്‍ വിശദീകരിക്കുന്നത്.

Next Story

RELATED STORIES

Share it