- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെന്‍ഷന്‍ പ്രായം 57 ആക്കണം; എയ്ഡഡ് നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും ശമ്പള കമ്മീഷന്‍ ശുപാര്‍ശ
മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള 40% സംവരണത്തില്‍ സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ക്ക് ചെലവുള്ള കോച്ചിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെടാന്‍ മെച്ചപ്പെട്ട അവസരം കിട്ടുന്നു. സംവരണ ക്വാട്ടയില്‍ 20% ഈ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സംവരണം ചെയ്യണം.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താന്‍ ശുപാര്‍ശ. 56 വയസില്‍ നിന്നും 57 ലേക്ക് ഉയര്‍ത്താനാണ് 11ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. സര്‍വ്വീസില്‍ ഇരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനു പുറമേ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറക്കാമെന്നും ദിവസവും ഒരുമണിക്കൂര്‍ അധികമായി രാവിലെ 9.30 മുതല്‍ 5.30 വരെ പ്രവര്‍ത്തി സമയം നിശ്ചയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടുതല്‍ ജനസമ്പര്‍ക്കമുള്ള ഓഫിസുകളില്‍ നിലവിലുള്ളതില്‍ ഒരു ഉദ്യോഗസ്ഥനെ പബ്ലിക്ക് കോണ്ടാക്ട് ഓഫിസറായി നിയമിക്കണം. പൊതുജനങ്ങളുമായി ഇടപെടുന്ന എല്ലാ ഉദ്യോഗസ്ഥരും പേര് വെച്ച ബാഡ്ജ് ധരിക്കണമെന്നും ശുപാര്‍ശയിലുണ്ട്.
1.കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പോലെയുള്ള ഉന്നത സര്‍വീസുകളിലേക്കു ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുകയും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും വകുപ്പ് മേധാവികളും അംഗങ്ങളായ ഡിപ്പാര്‍ട്‌മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാനായിരിക്കുകയും ശിക്ഷണ നടപടികള്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് കാര്യങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കേണ്ട പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിലവാരം ഉയര്‍ന്നതായിരിക്കണം. പിഎസ്‌സി മെമ്പര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും പരിചയ സമ്പത്തുമുള്ളവരായിരിക്കണമെന്നതിനാല്‍ അവരുടെ നിയമനത്തിനു ഒരു ആഭ്യന്തര ഗൈഡ് ലൈന്‍ ഉണ്ടായിരിക്കേണ്ടതാണ്.
2. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കു ഇപ്പോഴുള്ള അനുപാതം മൂന്നിലൊന്നു നേരിട്ട് നിയമനവും മൂന്നില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് മത്സര പരീക്ഷവഴിയുള്ള നിയമനവുമാണ്. ആദ്യ സെലക്ഷനില്‍ മികച്ചവര്‍ തിരഞ്ഞെടുക്കപ്പെടുന്നു. ബാക്കി വരുന്നവരില്‍ നിന്നാകും പിന്നീടുള്ള സെലക്ഷന്‍. അതുകൊണ്ട് ആദ്യ സെലക്ഷന്‍ കഴിഞ്ഞു ജീവനക്കാര്‍ക്കുള്ള കോട്ട മൂന്നിലൊന്നായി നിശ്ചയിക്കുകയും, അഞ്ചു വര്‍ഷം കഴിഞ്ഞു അത് പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യണം.
3. മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള 40% സംവരണത്തില്‍ സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ക്ക് ചെലവുള്ള കോച്ചിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെടാന്‍ മെച്ചപ്പെട്ട അവസരം കിട്ടുന്നു. സംവരണ ക്വാട്ടയില്‍ 20% ഈ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സംവരണം ചെയ്യണം. ഇത് പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍ക്കും വേണ്ടതാണെങ്കിലും ഭരണ ഘടനയും കോടതി വിധികളും അനുസരിച്ച് അതിന്റെ സാധ്യത പരിശോധിക്കേണ്ടതാണ്.
4. സര്‍വിസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്ന പദ്ധതി അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമല്ല. മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കണം. എന്നാല്‍ ഭരണഘടന പ്രകാരം മൗലികാവകാശങ്ങളില്‍പ്പെട്ട ആര്‍ട്ടിക്കിള്‍ 16ന്റെ അന്തസ്സത്ത ലംഘിക്കുന്നതുകൊണ്ടും സര്‍വീസിലെ കാര്യക്ഷമതയില്‍ കാര്യമായ ഇടിവ് വരുത്തുന്നതുകൊണ്ടും പൊതു ഉദ്യോഗാര്‍ഥികളുടെ അവസരങ്ങള്‍ കുറയ്ക്കുന്നതുകൊണ്ടും സര്‍ക്കാര്‍ ജോലി പാരമ്പര്യമായി നല്‍കുന്നതിലെ അനൗചിത്യം കണക്കിലെടുത്തും ആശ്രിതനിയമനം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
5. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരും കോളജ് മറ്റ് ജീവനക്കാരും മെറിറ്റ് അനുസരിച്ചു സുതാര്യതയോടെ തിരഞ്ഞെടുക്കപ്പെടണം. ഇതിന് മാനേജ്‌മെന്റ്കളുടെ കൂടെ പങ്കാളിത്തത്തോടെ കേരള റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഫോര്‍ പ്രൈവറ്റ് സ്‌കൂള്‍സ് ആന്‍ഡ് കോളജസ് രൂപീകരിക്കണം. സുതാര്യത ഉറപ്പുവരുത്താന്‍ ഇന്റര്‍വ്യൂകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള സംവിധാനം ഒരുക്കണം. പരാതികള്‍ പരിശോധിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ഓംബുഡ്‌സ്മാനായുള്ള ഒരു സംവിധാനവും ആവശ്യമാണ്.
6. ജീവനക്കാര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ ഇന്‍ഡക്ഷന്‍ ട്രയിനിങ്ങും, പിന്നീട് ഇന്‍സര്‍വീസ് ട്രെയിനിങ്ങും മാറ്റങ്ങള്‍ക്കനുസരിച്ച് റീസ്‌ക്കില്ലിങ് പരിപാടികളും ആവശ്യമാണ്.
7. പ്രൊമോഷന്‍ യോഗ്യതകളില്‍ ഇളവുനല്‍കുന്ന എല്ലാ വ്യവസ്ഥകളും ഒഴിവാക്കണം. സ്‌റ്റേറ്റ് സര്‍വീസിലേക്ക് പ്രൊമോഷന് ടെസ്റ്റുകള്‍ പാസ്സായിരിക്കണം. വകുപ്പ് മേധാവികളുടെ നിയമനത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഒരു ബോര്‍ഡ് രൂപീകരിക്കണം.
8. പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കാം. ദിവസവും ഒരു മണിക്കൂര്‍ അധികമായി രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയായി പ്രവൃത്തി സമയം നിശ്ചയിക്കണം. കേന്ദ്ര സര്‍ക്കാരിലെ പോലെ ലീവ് നിജപ്പെടുത്തുകയും അവധി ദിവങ്ങളുടെ എണ്ണം കുറയ്ക്കുകയും വേണം. വീട്ടിലിരുന്നു ജോലി ചെയ്യുന്ന സമ്പ്രദായത്തിലേക്കു മാറ്റം ശുപാര്‍ശ ചെയ്യുന്നില്ലെങ്കിലും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അത് അനുവദിക്കേണ്ടതാണ്.
9. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ഒരു വര്‍ഷത്തേക്ക് നീട്ടിവയ്ക്കാന്‍ റിട്ടയര്‍മെന്റ് പ്രായം 57 ആക്കി വര്‍ധിപ്പിക്കാവുന്നതാണ്.
10. പൊതുജന സേവനം മികച്ചതാക്കാന്‍ ഏറ്റവും ആവശ്യമുള്ള കാര്യം ഡിജിറ്റലൈസേഷനാണ്. എല്ലാ വകുപ്പുകളിലും സമയ ബന്ധിതമായി നടപടിക്രമങ്ങളുടെ ഉടച്ചുവാര്‍ക്കലോടുകൂടി (re-engineering) ഇത് നടപ്പാക്കാന്‍ മുന്‍ഗണന നല്‍കി ബഡ്ജറ്റില്‍ ഫണ്ട് അനുവദിക്കേണ്ടതാണ്.
11. സേവനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ ഒരു ചീഫ്കമ്മീഷണറെ നിയമിക്കേണ്ടതാണ്.
12. കൂടുതല്‍ ജന സമ്പര്‍ക്കമുള്ള ഓഫിസുകളില്‍ നിലവിലുള്ളതില്‍ ഒരു ഉദ്യോഗസ്ഥനെ പബ്ലിക് കോണ്ടാക്ട് ഓഫിസറായി നിയമിക്കണം. പൊതുജനങ്ങളുമായി ഇടപെടുന്ന എല്ലാ ഉദ്യോഗസ്ഥരും പേര് വച്ച ബാഡ്ജ് ധരിക്കണം.
13. പാവപ്പെട്ട സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീയ്ക്ക് നല്‍കാവുന്ന ചുമതലകള്‍ അവര്‍ക്ക് നല്‍കുന്നത് സാമൂഹ്യനീതിക്ക് സഹായകമാണ്.
14. ഓരോ വകുപ്പിന്റെയും ഏജന്‍സിയുടേയും ലക്ഷ്യങ്ങളും പ്രവൃത്തികളും ചുമതലകളും സ്വതന്ത്രമായി പരിശോധിക്കാന്‍ ഒരു സിവില്‍ സര്‍വീസ് റിവ്യൂ മിഷന്‍ രൂപീകരിക്കണം.
15. സല്‍ഭരണത്തിന് (good governance) ഒരു തിങ്ക് ടാങ്ക് (think tank) എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ഇഗവേണന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതിന് മുഖ്യമന്ത്രി അധ്യക്ഷനായി പ്ലാനിങ് ബോര്‍ഡിന് സമാനമായി ഒരു ഗുഡ് ഗവേണന്‍സ് ബോര്‍ഡ് രൂപീകരിക്കേണ്ടതാണ്.
16. കുട്ടികള്‍ തീരെ കുറവുള്ള സ്‌കൂളുകളില്‍ പഠിക്കേണ്ടിവരുന്ന കുട്ടികള്‍ക്ക് മത്സരത്തിനുള്ള അവസരവും സാമൂഹ്യ ബന്ധങ്ങളും നഷ്ടപ്പെടുന്നു, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതുകൊണ്ടും ആധുനിക പഠനോപകരണങ്ങള്‍ നല്‍കാത്തതുകൊണ്ടും ആ കുട്ടികള്‍ പിന്തള്ളപ്പെടുന്നു. കുട്ടികള്‍ കുറവുള്ള സ്‌കൂളുകള്‍ അധ്യാപകരുടെ താല്പര്യത്തിനു മാത്രമായി നിലനിര്‍ത്തുന്നത് കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണ്. അതുകൊണ്ട് കുട്ടികള്‍ കുറവുള്ള സ്‌കൂളുകള്‍ മറ്റ് സ്‌കൂളുകളുമായി സംയോജിപ്പിക്കേണ്ടതും ആവശ്യമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ടതുമാണ്.
17. സഹകരണ ആഡിറ്റ് ഘട്ടം ഘട്ടമായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെ ഏല്‍പ്പിക്കുകയും പത്തു വര്‍ഷംകൊണ്ട് ഈ മാറ്റം പൂര്‍ണമാക്കുകയും ചെയ്യണം.
18. ടൈപ്പിസ്റ്റ് / കംപ്യൂട്ടര്‍ അസിസ്റ്റന്റ് / പ്യൂണ്‍ / ഓഫിസ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള പുതിയ നിയമനം ഓരോ വകുപ്പിലെയും ആവശ്യകത പരിശോധിച്ച ശേഷം മാത്രമേ നടത്താവൂ.
19. സ്ത്രീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ ഫണ്ട് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നല്‍കേണ്ടതാണ്.
20. കേരള സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത ശമ്പള പരിഷ്‌കരണം കേന്ദ്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് ശേഷം മാത്രമേ പരിഗണിക്കാവൂ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















