Latest News

രാജ്യസ്‌നേഹം ഒരു പാര്‍ട്ടിയുടെ കുത്തകയല്ല; ബിജെപിയെ കടന്നാക്രമിച്ച് ശിവസേന

മുഖപത്രമായ സാമ്‌നയില്‍ ഉദ്ധവ് താക്കറെ എഴുതിയ എഡിറ്റോറിയലിലാണ് സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബിജെപി നിലപാടിനെതിരേ ശിവസേന ആഞ്ഞടിച്ചത്.

രാജ്യസ്‌നേഹം ഒരു പാര്‍ട്ടിയുടെ കുത്തകയല്ല;  ബിജെപിയെ കടന്നാക്രമിച്ച് ശിവസേന
X

മുംബൈ: രാജ്യസ്‌നേഹം ഒരു പാര്‍ട്ടിയുടെ കുത്തകയല്ലെന്നും രാഷ്ട്രീയ എതിരാളികളെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും ശിവസേന. മുഖപത്രമായ സാമ്‌നയില്‍ ഉദ്ധവ് താക്കറെ എഴുതിയ എഡിറ്റോറിയലിലാണ് സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബിജെപി നിലപാടിനെതിരേ ശിവസേന ആഞ്ഞടിച്ചത്.

രാഷ്ട്രീയ എതിരാളികളെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നു മാത്രമല്ല അത് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോകസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിജെപിക്കെതിരേ ശിവസേന വിമര്‍ശനമുയര്‍ത്തിയത്. പുല്‍വാമ ആക്രമണത്തിന് ശേഷം പാകിസ്താന് സൈന്യം നല്‍കിയ തിരിച്ചടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പല രാഷ്ട്രീയക്കാരും വരുന്നുണ്ട്. പല നേതാക്കളും പാര്‍ട്ടികളും തങ്ങളുടെ രാഷ്ട്രീയ വിജയമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

പട്ടാള യൂനിഫോമിലാണ് പല ബിജെപി എംപിമാരും റാലികളെ അഭിസംബോധന ചെയ്യുന്നത്. പട്ടാള വേഷത്തിലെത്തി ഡല്‍ഹിയില്‍ നിന്നുള്ള എംപി മനോജ് തിവാരി വോട്ട് അഭ്യര്‍ഥിക്കുക പോലും ചെയ്തു. ഇത്തരം ചെയ്തികള്‍ പ്രതിപക്ഷത്തിനേ ഗുണം ചെയ്യൂവെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.

ബലാക്കോട്ട് വ്യോമാക്രമണം അടക്കം രാഷ്ട്രീയ നേട്ടത്തിനായാണ് നടത്തിയതെന്ന പ്രതിപക്ഷ ആരോപണത്തെ ഇത് ശക്തിപ്പെടുത്തും. വ്യോമാക്രമണത്തിന്റെ ആധികാരികത ചോദ്യം ചെയ്യുന്നതുപോലെ തന്നെ ഗുരുതരമായ തെറ്റാണ് സൈനിക നീക്കങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളെന്നും മുഖപത്രം വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും സഖ്യമായാണ് മത്സരിക്കുന്നത്. നാല് ഘട്ടങ്ങലിലായി ഏപ്രില്‍ 11-29 കാലയളവിലാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്. സഖ്യം അനുസരിച്ച് 23 സീറ്റുകളില്‍ ശിവസേനയും 25 സീറ്റുകളില്‍ ബിജെപിയുമാണ് മത്സരിക്കുക.

Next Story

RELATED STORIES

Share it