Latest News

കാമധേനു പരീക്ഷ അന്ധവിശ്വാസ പ്രചാരണം ലക്ഷ്യമിട്ട്: യുജിസി നിര്‍ദേശം പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

ഗോമാതാവിന്റെ പാലും തൈരും മൂത്രവും ചാണകവും ചേര്‍ത്തു തയ്യാറാക്കുന്ന പഞ്ചഗവ്യം സിദ്ധ ഔഷധമെന്ന് കൈപ്പുസ്തകം

കാമധേനു പരീക്ഷ അന്ധവിശ്വാസ പ്രചാരണം ലക്ഷ്യമിട്ട്: യുജിസി നിര്‍ദേശം പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്
X

തിരുവനന്തപുരം: യുജിസി വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തില്‍, 'കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍ പ്രസാര്‍ എക്‌സാമിനേഷന്‍' എന്ന പേരിലുള്ള പരീക്ഷ അന്ധവിശ്വാസ പ്രചാരണം ലക്ഷ്യമിട്ടായതിനാല്‍ യുജിസി നിര്‍ദേശം പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്.

ഒരു സര്‍ക്കാര്‍ ഏജന്‍സിയായ രാഷ്ട്രീയ കാമധേനു ആയോഗ് ആണ് ഫെബ്രുവരി 25ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. അതിനുവേണ്ടി മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളില്‍ പഠന സാമഗ്രികളും തയ്യാറാക്കിയിട്ടുണ്ട്. യാതൊരു തെളിവോ യുക്തിയോ ശാസ്ത്രീയ പിന്‍ബലമോ ഇല്ലാത്ത നിരവധി അസംബന്ധങ്ങളുടേയും മണ്ടത്തരങ്ങളുടേയും നീണ്ടനിര തന്നെ ഈ പുസ്തകങ്ങളിലുണ്ട്.

നാടന്‍ പശുക്കളുടെ (അവയുടെ മാത്രം) സൂര്യനാഡി സുര്യപ്രകാശം ആഗിരണം ചെയ്ത് വൈറ്റമിന്‍ ഡി നിര്‍മിക്കുന്നു, പശുക്കളുടെ കണ്ണുകള്‍ ബുദ്ധിയുടെ കേന്ദ്രങ്ങളാണ്, അവയുടെ അകിടില്‍ നിന്നു ചുരത്തുന്നത് അമൃതാണ്, അവയുടെ വാല്‍ ഉയര്‍ന്ന അദ്ധ്യാത്മിക മണ്ഡലങ്ങളിലേക്കു പോകാനുള്ള ചവിട്ടു പടിയാണ്, നാടന്‍ പശുക്കളുടെ പാല്‍ മനുഷ്യരെ അണു പ്രസരത്തില്‍നിന്ന് സംരക്ഷിക്കുന്നു, നാടന്‍ പശുക്കളുടെ (അവയുടെ മാത്രം) ഇളം മഞ്ഞ പാലില്‍ സ്വര്‍ണം കാണപ്പെടുന്നു, ഗോമാതാവില്‍ നിന്നു ലഭിക്കുന്ന പാലും തൈരും മൂത്രവും ചാണകവും നെയ്യും തുല്യ അളവില്‍ ചേര്‍ത്തു തയ്യാറാക്കുന്ന പഞ്ചഗവ്യം ഒരു സിദ്ധ ഔഷധമാണ്, ഭൂമികുലുക്കങ്ങളും ഗോവധ സമയത്തുണ്ടാകുന്ന നെഗറ്റീവ് ഊര്‍ജ തരംഗങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് തുടങ്ങിയവ പുസ്തകങ്ങളിലുള്ള അസംബന്ധ പ്രസ്താവനകള്‍ക്ക് ഉദാഹരണങ്ങളാണ്.

ശാസ്ത്രബോധവും അന്വേഷണത്വരയും വളര്‍ത്തുന്നത് പൗരജനങ്ങളുടെ കടമയാണെന്ന് നമ്മുടെ ഭരണഘടനയിലെ അനുഛേദം 51എ (എച്ഛ്) അനുശാസിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ അന്ധവിശ്വാസ പ്രചാരണത്തിന് കൂട്ടുനില്‍ക്കുന്നത് അപമാനകരമാണ്. മതേതരവും ശാസ്ത്രാധിഷ്ഠിതവുമായി നിലനില്‍ക്കേണ്ട രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയയെ കാവിവല്‍ക്കരിക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടി. ഇന്ത്യയിലെ സര്‍വകലാശാലകളെയും വിദ്യാഭ്യാസത്തെയും ലോകത്തിനുമുന്നില്‍ നാണം കെടുത്താനേ ഇത് ഇടയാക്കൂ.

ഭരണഘടയുടെ അന്തസ്സത്തയ്ക്ക് എതിരായ ഈ കത്ത് പിന്‍വലിക്കണമെന്നും ഈ പരീക്ഷ തന്നെ റദ്ദാക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടണമെന്നും യുജിസിയോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it