Latest News

നെല്ല് സംഭരണം: ദ്വിതല മാതൃക സംവിധാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

നെല്ല് സംഭരണം: ദ്വിതല മാതൃക സംവിധാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: നെല്ല് സംഭരണ രംഗത്ത് സഹകരണകര്‍ഷക കേന്ദ്രീകൃത ബദല്‍ സംവിധാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ്വിതല സംഭരണ മാതൃക നടപ്പാക്കാന്‍ തീരുമാനമായത്. വരാനിരിക്കുന്ന സീസണില്‍ തന്നെ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനായി ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.

സംഭരണത്തിന് തയ്യാറായ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പിആര്‍എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി, സംഭരണത്തിന് പിന്നാലെ കാലതാമസമില്ലാതെ നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. ജില്ലാ/താലൂക്ക് തലത്തില്‍ സഹകരണ സംഘങ്ങള്‍, പാടശേഖര സമിതികള്‍, കര്‍ഷകര്‍ എന്നിവരുടെ ഓഹരി പങ്കാളിത്തത്തോടെ നോഡല്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കും. അതാത് പ്രദേശങ്ങളിലെ നെല്ല് സഹകരണ സംഘങ്ങള്‍ വഴി സംഭരിക്കുകയും, നോഡല്‍ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ വാടകയ്ക്ക് എടുക്കുന്ന മില്ലുകളിലോ സ്വകാര്യ മില്ലുകള്‍ വഴിയോ സംസ്‌കരണം നടത്തുകയും ചെയ്യും. നിശ്ചയിച്ച ഔട്ട്-ടേണ്‍ റേഷ്യോ പ്രകാരം നെല്ല് സംസ്‌കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. നിലവില്‍ സ്വകാര്യ മില്ലുകള്‍ക്ക് ലഭിക്കുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയ ഉപോല്‍പ്പന്നങ്ങളും പ്രോസസ്സിംഗ് ചാര്‍ജും നോഡല്‍ സഹകരണ സംഘങ്ങള്‍ക്ക് ലഭ്യമാക്കും. നെല്ല് സംഭരണത്തിന്റെ നോഡല്‍ ഏജന്‍സിയായി സപ്ലൈകോ തുടരും.

പ്രവര്‍ത്തന മൂലധനത്തിന്റെ അപര്യാപ്തത മൂലം സംഭരണത്തിലേക്ക് കടക്കാന്‍ കഴിയാത്ത സഹകരണ സംഘങ്ങള്‍ക്കായി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപീകരിക്കും. നോഡല്‍ സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തന മൂലധന വായ്പകളും കേരള ബാങ്ക് വഴി ലഭ്യമാക്കും. പദ്ധതിയുടെ ഫലപ്രദമായ നടപ്പാക്കലിന് സഹകരണ വകുപ്പ്, ഭക്ഷ്യ-പൊതു വിതരണ വകുപ്പ്, കൃഷി വകുപ്പ്, പാടശേഖര സമിതികള്‍, നെല്ല് കര്‍ഷക പ്രതിനിധികള്‍, കേരള ബാങ്ക്, നോഡല്‍ സഹകരണ സംഘങ്ങള്‍ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിക്കും. നെല്ല് സംഭരണം, തുക വിതരണം എന്നിവയുടെ കാര്യക്ഷമമായ നിരീക്ഷണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനവും ഏര്‍പ്പെടുത്തും.

സംഭരണ സമയത്ത് തന്നെ കര്‍ഷകര്‍ക്ക് തുക ലഭ്യമാക്കുന്നതിലൂടെ കാലതാമസം ഒഴിവാക്കുകയും ഉല്‍പ്പന്ന നാശം തടയുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഭാവിയില്‍ സഹകരണ ബ്രാന്‍ഡിംഗിലൂടെ വിലസ്ഥിരതയും മൂല്യവര്‍ദ്ധനവും ഉറപ്പാക്കാനും സംഭരണത്തിനാവശ്യമായ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും പദ്ധതി വഴിയൊരുക്കും. കേരളത്തിന്റെ സ്വന്തം അരിയായ 'കേരള റൈസ്' പുറത്തിറക്കാനുള്ള സാധ്യതയും ഈ മാതൃക മുന്നോട്ടുവെക്കുന്നു.

Next Story

RELATED STORIES

Share it