Latest News

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍
X

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്. 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സ് പിടിയിലായത്. വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകള്‍ വരിക്കോലിയില്‍ നിര്‍മാണം പൂര്‍ത്തിയായ 55,000 ചതുരശ്രയടിയുള്ള 15 കോടി രൂപ മുടക്കി നിര്‍മിച്ച ഗോഡൗണിന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് ഓവര്‍സിയര്‍ 15 ലക്ഷംരൂപ കൈക്കൂലി ചോദിച്ചത്.

ഇന്നലെ രാത്രി 8.30നു കാക്കനാട് കലക്ടറേറ്റിന് സമീപത്തേക്ക് പരാതിക്കാരനെ വിളിച്ചുവരുത്തി സ്വന്തം കാറില്‍വച്ച് പണം കൈപ്പറ്റുകയായിരുന്നു. അഞ്ചുലക്ഷം രൂപ പണമായും 10 ലക്ഷം രൂപയുടെ ചെക്കുമാണ് പരാതിക്കാരന്‍ നല്‍കിയത്. പണം ലഭിച്ചയുടന്‍ തടഞ്ഞുവച്ച ഗോഡൗണിന്റെ അനുമതിപത്രം കാറില്‍വച്ചുതന്നെ അനുവദിച്ചുനല്‍കി. പണം വാങ്ങിയ ഉടന്‍ വിജിലന്‍സ് സംഘം ഓവര്‍സിയറെ പിടികൂടി കൈകള്‍ രാസലായനിയില്‍ മുക്കി തെളിവ് ശേഖരിച്ചു.

ഇയാള്‍ ഒരു മാസം മുന്‍പാണ് പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്തില്‍ ജോലിക്കെത്തിയത്. മുന്‍പ് കടമക്കുടി, ചേരാനല്ലൂര്‍ പഞ്ചായത്തിലായിരുന്നു ജോലിചെയ്തിരുന്നത്. പരാതി ലഭിച്ചശേഷം ഇയാള്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് ഡിവൈഎസ്പി വര്‍ഗീസ് ടി എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Next Story

RELATED STORIES

Share it