Latest News

മുംബൈയിലെ കനത്ത മഴയില്‍ എല്ലാവര്‍ഷവും മരിക്കുന്നത് 2000ത്തിലധികം ആളുകള്‍, റിപോര്‍ട്ട്

മുംബൈയിലെ കനത്ത മഴയില്‍ എല്ലാവര്‍ഷവും മരിക്കുന്നത് 2000ത്തിലധികം ആളുകള്‍, റിപോര്‍ട്ട്
X

മുംബൈ: മുംബൈയിലെ കനത്ത മഴയില്‍ എല്ലാവര്‍ഷവും മരിക്കുന്നത് നിരവധി പേരെന്ന് റിപോര്‍ട്ട്. ഏകദേശം 2,500 പേരെങ്കിലും എല്ലാ വര്‍ഷവും മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തല്‍. പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മൂലം, അതിശക്തമായ മഴയ്ക്ക് ശേഷം കുറഞ്ഞത് അഞ്ച് ആഴ്ചയെങ്കിലും മരണനിരക്ക് നിലനില്‍ക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

മഴ മൂലമുണ്ടാകുന്ന ആഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും ചേരികളില്‍ താമസിക്കുന്നവരെയുമാണ്. മഴ മൂലമുണ്ടാകുന്ന മരണനിരക്കും അര്‍ബുദബാധിതരുടെ മരണനിരക്കും ഏകദേശം ഒന്നാണെന്ന് ഗവേഷകര്‍ കണ്ടെത്തി. മുങ്ങിമരണം, വൈദ്യുതാഘാതം അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിവക്കു പുറമെ, ഡെങ്കിപ്പനി, വയറിളക്കം, എലിപ്പനി, മലേറിയ, ടൈഫോയ്ഡ് തുടങ്ങിയ പകര്‍ച്ചവ്യാധികളും മരണകാരണങ്ങളാണ്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസത്തെ മഴക്കാലത്ത് മുംബൈയില്‍ പലപ്പോഴും അതിശക്തമായ മഴയാണ് മുംബൈയില്‍ ലഭിക്കാറുള്ളത്. 24 മണിക്കൂറിനുള്ളില്‍ 204 മില്ലിമീറ്ററോ അതില്‍ കൂടുതലോ മഴ പെയ്യുന്നതാണ് അതിശക്തമായ മഴ എന്നു പറയുന്നത്. 1980 നും 2020 നും ഇടയില്‍ നഗരത്തില്‍ കുറഞ്ഞത് 15 തവണകളായി 300 മില്ലിമീറ്ററോ അതില്‍ കൂടുതലോ മഴ പെയ്തു. 2005 ജൂലൈ 26 ന് 944 മില്ലിമീറ്ററായിരുന്നു മഴ. ഏറ്റവും ഉയര്‍ന്ന മഴയാണ് അന്നു രേഖപ്പെടുത്തിയത്. 50 മില്ലിമീറ്റര്‍ മഴ പെയ്താലും മരണസാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി.

മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍, മെച്ചപ്പെട്ട ശുചിത്വം, തുടങ്ങിയവ മരണങ്ങള്‍കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ലോകമെമ്പാടുമുള്ള മറ്റ് തീരദേശ മെഗാസിറ്റികളിലെ ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാന്‍ മുംബൈയില്‍ നിന്നുള്ള വിലപ്പെട്ട പാഠങ്ങള്‍ക്കാവുമെന്ന് ഗവേഷകര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it