Latest News

സാധാരണ വീഞ്ഞ് മതിയാവില്ല

സാധാരണ വീഞ്ഞ് മതിയാവില്ല
X

പ്രഫ. പി കോയ

പെണ്ണാടുകള്‍ മുസ്‌ലിം യുവാക്കളുടെ കശാപ്പുശാലയിലേക്ക് വേലിചാടുന്നു എന്ന കള്ളക്കഥയുണ്ടാക്കി വിശ്വാസികളെ ഭയപ്പെടുത്തി നിര്‍ത്തിയ പാലാ ബിഷപ്പ് ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് വായിച്ചു രസിക്കേണ്ട ചില വിവരങ്ങളുണ്ട്. അഫ്ഗാനിസ്ഥാനിലെ പെണ്ണുങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്തതിനാല്‍ പ്രഭാത കൂദാശ കഴിഞ്ഞ ഉടനെ താലിബാനെതിരെ ശാപ പ്രാര്‍ത്ഥന നടത്തുന്ന ഇമ്മാനുവല്‍ മാക്രോന്റെ നാട്ടില്‍ കഴിഞ്ഞ 70 വര്‍ഷത്തിന്നുള്ളില്‍ മൂന്നു ലക്ഷം ബാലന്‍മാരെയാണത്രെ പുരോഹിതന്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചത്. വിവരമറിഞ്ഞു ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രഞ്ച് കത്തോലിക്കാ സഭയിലെ കര്‍ദ്ദിനാള്‍മാരും ബിഷപ്പുമാരും 'പാപമോചനത്തിന്നായി' കഠിനാധ്വാനം ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

സഭയിലെ ലൈംഗികപീഡനത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു സ്വതന്ത്ര കമ്മീഷനിലെ അംഗങ്ങള്‍ പുരോഹിതന്മാരുടെ വഷളന്‍ രീതികളെ കുറിച്ചറിഞ്ഞുള്ള മനംപുരട്ടല്‍ കാരണം പല പ്രാവശ്യം ശുചിമുറിയിലേക്ക് പോയിക്കാണും. കമ്മീഷന്‍ റിപോര്‍ട്ട് കുറ്റകൃത്യങ്ങളുടെ മേല്‍പ്പാളി മാത്രമാണെന്നു ചെയര്‍മാന്‍ ഷാന്‍ മാര്‍ക് സ്വാവെ തന്നെ കുമ്പസരിക്കുന്നുണ്ട്. സഭയുടെ അന്തപ്പുരങ്ങളില്‍ നടക്കുന്ന കാമകേളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നിട്ടും സഭാ പിതാക്കന്മാര്‍ അതൊക്കെ പൂഴ്ത്തിവയ്ക്കുകയായിരുന്നു. 6000ത്തിലധികം സാക്ഷിമൊഴികളെയാണ് റിപോര്‍ട്ട് തയ്യാറാക്കാന്‍ കമ്മീഷന്‍ ആശ്രയിച്ചത്.

വികാരിമാര്‍ തൊട്ട് കര്‍ദിനാളന്‍ വരെ, അവസരം കിട്ടുമ്പോഴോ അവസരം സൃഷ്ടിച്ചോ ബാലന്‍മാരെ കിടപ്പുമുറിയിലേക്കോ കുമ്പസാര കൂട്ടിലേക്കോ സൗകര്യം പോലെ വശീകരിച്ചു കൊണ്ടുപോയിരുന്നു. ഇക്കാര്യത്തില്‍ വത്തിക്കാന്റെ ഇണ്ടാസുകള്‍ പുരോഹിതന്‍മാര്‍ ചവറ്റുകുട്ടയിലേക്കെറിഞ്ഞു. ഈയിടെയായി ഫ്രാന്‍സില്‍ കുര്‍ബാനക്കെത്തുന്ന വിശ്വാസികളുടെ എണ്ണം കുറഞ്ഞുവരുന്നതിന്റെ കാരണം രാജ്യത്ത് ശക്തിപ്രാപിക്കുന്ന ലൈംഗിക അരാജകത്വം മാത്രമായിരിക്കില്ല.

ഇത് ഫ്രാന്‍സില്‍ മാത്രമു സംഭവങ്ങളല്ല. യു.എസ്., ജര്‍മനി, ആസ്‌ത്രേലിയ, പോളണ്ട്, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം അനേകം ഒത്തിരി കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ ലൈംഗിക പീഡനത്തിന്നിരയാക്കപ്പെട്ടവരുടെ പരാതികള്‍ സഭയില്‍ വലിയ കോളിളക്കമാണുണ്ടാക്കിയത്. പല പ്രദേശങ്ങളിലും വലിയ തുക നഷ്ടപരിഹാരം നല്‍കിയാണ് സഭ പ്രശ്‌നത്തില്‍ നിന്നു തലയൂരിയത്. പരാതികള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചതിനു ഒരു കര്‍ദിനാളിനു സ്ഥാനമൊഴിയേണ്ടിവന്നു. 2019ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ കര്‍ദിനാളായ തിയഡര്‍ മകാരിക്കിനോട് ളോഹയഴിച്ചു വെച്ചു മഠത്തില്‍ നിന്നിറങ്ങിപ്പോവാന്‍ കല്‍പിച്ചു.

കത്തോലിക്കര്‍ക്ക് മഹാഭൂരിപക്ഷമുള്ള അയര്‍ലന്റില്‍ കാല്‍ലക്ഷത്തിലധികം പീഡനകേസുകള്‍ ഉണ്ടായി. പല ബിഷപ്പുമാരെയും പുരോഹിതന്‍മാരെയും സഭ ശിക്ഷിച്ചു. എല്ലാ രാജ്യങ്ങളിലും കണ്ടപോലെ മഠങ്ങളും സ്‌കൂളുകളും അനാഥാലയങ്ങളും പീഡനകേന്ദ്രങ്ങളായിരുന്നു. 2009 ല്‍ പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ട് അനുസരിച്ച് സഭ പരാതികളെ കുറിച്ച് മൗനം പാലിക്കുകയായിരുന്നു. സഭ അത്തരം അന്വേഷണങ്ങളെ തടസ്സപ്പെടുത്തുന്നുവെന്ന് ഭരണകൂടം തന്നെ ആക്ഷേപിച്ചപ്പോള്‍ പ്രതിഷേധസൂചകമായി വത്തിക്കാന്‍ അതിന്റെ അംബാസഡറെ പിന്‍വലിക്കുക വരെ ചെയ്തു.

ജര്‍മ്മന്‍ സഭ ഇതു സംബന്ധിച്ചു 2018ല്‍ നടത്തിയ ഒരു പഠനം സ്വവര്‍ഗരതി പുരോഹിതന്മാര്‍ക്കിടയില്‍ വ്യാപകമാണെന്ന് നിരീക്ഷിക്കുന്നു. 13 വയസ്സിനു താഴെയുള്ള ബാലന്‍മാരായിരുന്നു മിക്കപ്പോഴും ഇരകള്‍. സഭ ആരെയും ശിക്ഷിച്ചില്ല; പകരം പണം കൊടുത്തു പരാതികള്‍ ഒതുക്കി.

ആസ്‌ത്രേലിയയില്‍ പുരോഹിതന്‍മാരില്‍ ഏഴ് ശതമാനം സ്വവര്‍ഗ സംഭോഗത്തില്‍ വലിയ താല്‍പര്യം കാണിക്കുന്നതായി കണ്ടെത്തി. ചില ഇടവകകളില്‍ ഇതു 15 ശതമാനത്തിലധികമായിരുന്നു. വത്തിക്കാന്റെ ധനകാര്യവകുപ്പ് മേധാവിയായ ആസ്‌ത്രേലിയക്കാരന്‍ ജോര്‍ജ് പെല്‍ മെല്‍ബണില്‍ ചര്‍ച്ച് ഗായകസംഘത്തിലെ കുട്ടികളെയായിരുന്നു ലൈംഗികമായി ഉപയോഗിച്ചിരുന്നത്. ഒരു കോടതി തടവു ശിക്ഷ നല്‍കിയ പെല്ലിനെ അപ്പീല്‍ കോടതിയാണ് മോചിപ്പിച്ചത്.

ഈ റിപോര്‍ട്ടുകളും കണ്ണീര്‍മഠങ്ങളില്‍ നിന്നുള്ള നീണ്ടകഥകളും വായിച്ചാറെ, പാലാ ബിഷപ്പിനു ഉറക്കം വരാന്‍ സാധാരണ വീഞ്ഞൊന്നും മതിയാവില്ല.

Next Story

RELATED STORIES

Share it