Latest News

ഇന്ധന വില വര്‍ധനയ്‌ക്കെതിരേ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ഇന്ധന വില വര്‍ധനയ്‌ക്കെതിരേ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
X

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ നയങ്ങള്‍ക്കെതിരേയും വര്‍ധിച്ചുവരുന്ന ഇന്ധന വിലവര്‍ധനയ്‌ക്കെതിരേയും ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. 2021 ധനബില്ലില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷം ആഞ്ഞടിച്ചത്. രാജ്യത്തെ പൗരന്മാര്‍ക്കിടയിലുള്ള സാമ്പത്തിക അന്തരം വര്‍ധിച്ചുവരുന്നതും ഇന്ധനവിലവര്‍ധനയും കോണ്‍ഗ്രസ് വിഷയമാക്കി. ഇന്ധനവില ഇതേ തോതില്‍ വര്‍ധിക്കുകയാണെങ്കില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിക്കില്ലെന്ന് ശിവസേനാ നേതാക്കള്‍ മുന്നറിയിപ്പുനല്‍കി.

''രാജ്യത്ത് അസമത്വം വര്‍ധിക്കുകയാണ്. നിങ്ങളുടെത്തന്നെ കണക്കുകളനുസരിച്ച് രാജ്യത്തെ 73 ശതമാനം സമ്പത്തും 1 ശതമാനത്തിന്റെ കയ്യിലാണ്. നിങ്ങള്‍ പാവങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നു. എന്നാല്‍ പാവപ്പെട്ടവരുടെ നികുതി വര്‍ധിപ്പിക്കുന്നു. എന്തുകൊണ്ടാണ് പെട്രോള്‍- ഡീസല്‍ വില പ്രതിദിനം വര്‍ധിക്കുന്നത്? കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവിലേക്കുപോകുന്ന എല്ലാ സെസ്സുകളും നിങ്ങള്‍ വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് ഒരു ഉപയോഗവുമില്ല. ജിഎസ്ടി നഷ്ടപരിഹാരവും നല്‍കുന്നില്ല. ഇത് ചെയ്യരുത്, സംസ്ഥാനങ്ങള്‍ സഹിക്കുകയാണ്- പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അമര്‍ സിങ് പറഞ്ഞു.

ശിവസേനയുടെ എംപി വിനായക് റാവത്തും ഇന്ധനവിലയുടെ പ്രശ്‌നം എടുത്തിട്ടു. ''ഒരു ഭാഗത്ത് നിങ്ങള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാവുന്നതിനെക്കുറിച്ച് പറയുന്നു. മറുഭാഗത്ത് ഡീസലിന്റെയും പെട്രോളിന്റെയും വില കാര്‍ഷിക സെസ്സ് എന്ന പേരില്‍ വര്‍ധിപ്പിക്കുന്നു. കര്‍ഷകരുടെ കടത്തുകൂലി വര്‍ധിപ്പിച്ച് നിങ്ങള്‍ അവരെ ഞെരിക്കുകയാണ്. കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുകയാണ്. ആദ്യത്തെ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും നിങ്ങള്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നില്ല- റാവത്ത് പറഞ്ഞു.

എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധനയെക്കുറിച്ചും റാവത്ത് സംസാരിച്ചു. ജനങ്ങള്‍ വീണ്ടും വിറകിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിറകടുപ്പില്‍ പാചകം ചെയ്ത് ജനങ്ങളെ വീണ്ടും രോഗികളാക്കിമാറ്റാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

പാചകവാതകവും ഇന്ധനവും ജിഎസ്ടിയിലേക്ക് കൊണ്ടുവരണമെന്ന് റാവത്ത് ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയെ എല്ലാതിനും കാരണമായി സര്‍ക്കാര്‍ ഉയര്‍ത്തിപ്പറയുകയാണെന്ന് അമര്‍ സിങ് കുറ്റപ്പെടുത്തി. പത്ത് ശതമാനം ഈ വര്‍ഷം വളര്‍ന്നാല്‍ പോലും നാം പൂജ്യത്തിലാണ് എത്തുകയെന്നും 2018-19ലെ നിലവാരത്തിലേക്ക് എന്നാണ് നാം എത്തിച്ചേരുകയെന്നും സിങ് ചോദിച്ചു.

Next Story

RELATED STORIES

Share it