Latest News

പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത് ദീര്‍ഘിപ്പിച്ച് ഉത്തരവ്

പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത് ദീര്‍ഘിപ്പിച്ച് ഉത്തരവ്
X

പത്തനംതിട്ട: മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം ആഗസ്റ്റ് 16 വരെ ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.

ജില്ലയിലെ ക്വാറികള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ പോലിസ് മേധാവി, തിരുവല്ല സബ് കളക്ടര്‍, അടൂര്‍ ആര്‍ഡിഒ, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.

ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കണം. ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ ജനങ്ങളുടെ പരാതികളില്‍ന്മേല്‍ സത്വര നടപടികള്‍ സ്വീകരിച്ച് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തണം. ഉത്തരവു ലംഘിക്കുന്ന ക്വാറി ഉടമകള്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം നടപടികള്‍ സ്വീകരിക്കണം.

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പെയ്തതിനാലും, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും ആഗസ്റ്റ് 10 വരെ ജില്ലയിലെ പാറമടകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിരോധിച്ച് ഉത്തരവായിരുന്നു. ജൂലൈ 28 മുതല്‍ അതിശക്തമായ മഴ ജില്ലയില്‍ തുടര്‍ച്ചയായി പെയ്തുവരുകയാണ്. 2018ലെ ആഗസ്റ്റിലെ മഴയില്‍, ജില്ലയിലെ ഏറ്റവും അധികം പാറമടകള്‍ സ്ഥിതി ചെയ്യുന്ന കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട് വില്ലേജുകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചു പേര്‍ മരണപ്പെട്ടിരുന്നു. ഇതിനു പുറമേ കോന്നി, റാന്നി താലൂക്കിലെ പാറമടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങള്‍ അപകട സാധ്യതാ മേഖലയില്‍ ഉള്‍പ്പെട്ടതാണെന്ന് ജിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. കോന്നി താലൂക്കിലെ മൂഴിയാര്‍ ഭാഗത്തും, റാന്നി താലൂക്കിലെ അട്ടത്തോട് ഭാഗത്തും നിലവില്‍ മഴ മൂലം മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പാറമടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് സമീപ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ /ഉരുള്‍പൊട്ടലിന് കാരണമാകാന്‍ സാധ്യത ഉണ്ടെന്നുള്ള സാഹചര്യത്തിലാണ് നിരോധനം ദീര്‍ഘിപ്പിച്ചത്.

Next Story

RELATED STORIES

Share it