Latest News

സമയമായപ്പോള്‍ 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ്' തനിനിറം പുറത്തെടുത്തു: സ്ഥാപക നേതാവ് മത്സരിക്കുന്നത് എന്‍ഡിഎ പിന്തുണയില്‍

ഒഐഒപി സ്ഥാപക നേതാക്കളില്‍ ഒരാളായ വിനോദ് കെ ജോസ് കടുത്തുരുത്തിയില്‍ എന്‍ഡിഎ പിന്തുണയോടെയാണ് മത്സരിക്കുന്നത്.

സമയമായപ്പോള്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് തനിനിറം പുറത്തെടുത്തു: സ്ഥാപക നേതാവ് മത്സരിക്കുന്നത് എന്‍ഡിഎ പിന്തുണയില്‍
X
കോഴിക്കോട്: 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും 10,000 രൂപ വീതം സാര്‍വത്രിക പെന്‍ഷന്‍ ആവശ്യപ്പെട്ട് കേരളത്തില്‍ ആരംഭിച്ച വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിന്റെ (ഒഐഒപി) തനിനിറം വീണ്ടും വെളിച്ചത്തു വന്നു. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്ത 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ്' നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ വീണ്ടും ബിജെപി അനുകൂല നിലപാടുകളുമായി രംഗത്തുവന്നു.


ഒഐഒപി സ്ഥാപക നേതാക്കളില്‍ ഒരാളായ വിനോദ് കെ ജോസ് കടുത്തുരുത്തിയില്‍ എന്‍ഡിഎ പിന്തുണയോടെയാണ് മത്സരിക്കുന്നത്. കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സംഘടനയുടെ എഫ്ബി പേജില്‍ വരുന്നതിലധികവും ബിജെപി അനുകൂല പോസ്റ്റുകളാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും 10,000 രൂപ വീതം പെന്‍ഷന്‍ എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ ബിജെപിക്ക് മണ്ണൊരുക്കുകയാണ് ഒഐഒപി ചെയ്യുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു . ഇത് ശരിവെക്കുന്ന തരത്തിലാണ് ഔദ്യോഗിക എഫ്ബി പേജില്‍ പ്രചരണങ്ങള്‍ നടക്കുന്നത്. 60 കഴിഞ്ഞ എല്ലാവര്‍ക്കും 10000 രൂപ പെന്‍ഷന്‍ നല്‍കുമ്പോള്‍ അതില്‍ നിന്നും മുസ്‌ലിം വിഭാഗത്തെ മാറ്റിനിര്‍ത്തണം എന്നുവരെ ഒഐഒപി സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നു. ഇക്കാര്യം ഔദ്യോഗിക എഫ്ബി പേജില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.


അതേ സമയം വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിനു പിന്നില്‍ ബിജെപി ആണെന്നു വ്യക്തമായതോടെ സംഘടനയെ അനുകൂലിച്ചവരിലധികവും ഔദ്യോഗിക എഫ്ബി പേജില്‍ നിന്നും മാറി ഒഐഒപി വാട്‌സ്ആപ്പ് സ്റ്റാറ്റസ് എന്ന പേരില്‍ വേറെ ഗ്രൂപ്പിന് രൂപം നല്‍കിയിട്ടുണ്ട്. പുതിയ ഗ്രൂപ്പില്‍ ഇരുപതിനായിരത്തോളം അംഗങ്ങളും പഴയ ഗ്രൂപ്പില്‍ 6500 അംഗങ്ങളുമാണ് ഇപ്പോഴുള്ളത്. 10000 രൂപ പെന്‍ഷന്‍ ആവശ്യത്തിന്റെ മറവില്‍ ബിജെപിക്കു വേണ്ടി തട്ടിപ്പു പ്രവര്‍ത്തനത്തിന് ഇറങ്ങിയ സ്ഥാപക നേതാക്കളെ ഒഴിവാക്കിയാണ് പുതി ഗ്രൂപ്പിന് രൂപം നല്‍കിയത്. എന്നാല്‍ ഈ ഗ്രൂപ്പിനെ ട്വന്റി 20യുമായി ചേര്‍ത്തും ബിജെപി അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.


വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന മുദ്രാവാക്യത്തില്‍ ആകര്‍ഷിക്കപ്പെട്ട് ഒഐഒപിയില്‍ ചേര്‍ന്ന പലര്‍ക്കും ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള രണ്ടാം തരം സംഘടനയാണ് ഇതെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേ സമയം ഒഐഒപിയുടെ പേരില്‍ പത്തോളം ഫെയ്‌സ്ബുക്ക് പേജുകളും നിലവിലുണ്ട്.




Next Story

RELATED STORIES

Share it