Latest News

സി പി ജലീലിനെ വെടിവെച്ചു കൊന്നിട്ട് ഒന്നര വര്‍ഷം: അന്വേഷണ റിപോര്‍ട്ട് പുറത്തുവിടാതെ പോലീസ്

മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നതിന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ എല്ലാ തെളിവുകളുമുണ്ടെന്നു പറഞ്ഞ പോലിസ് ഒന്നര വര്‍ഷമാകാറായിട്ടും അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

സി പി ജലീലിനെ വെടിവെച്ചു കൊന്നിട്ട് ഒന്നര വര്‍ഷം: അന്വേഷണ റിപോര്‍ട്ട് പുറത്തുവിടാതെ പോലീസ്
X

കോഴിക്കോട്: മാവോവാദി നേതാവ് സി പി ജലീലിനെ പോലീസ് വെടിവെച്ചു കൊന്നിട്ട് ഒന്നര വര്‍ഷമാകുമ്പോഴും പോലീസ് അന്വേഷണ റിപോര്‍ട്ട് പുറത്തുവിടുന്നില്ല. അന്വേഷ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. ഫോറന്‍സിക് പരിശോധനയ്ക്ക് പോലീസ് ഹാജരാക്കിയ ആയുധങ്ങള്‍ തിരികെ ആവശ്യപ്പെട്ട് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കോടതിയെ സമീപിച്ചതിനെ എതിര്‍ത്ത് ജലീലിന്റെ സഹോദരന്‍ സി പി റഷീദ് കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ റിപോര്‍ട്ട് സംബന്ധിച്ച് കോടതി ഇടപെടല്‍ നടത്തിയത്.

2019 മാര്‍ച്ച് 6നായിരുന്നു വയനാട് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് രാത്രി 9 മണിയോടെ സി.പി. ജലീലിനെ പോലീസ് വെടിവെച്ചു കൊന്നത്. ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സിപി ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. രാത്രി ഒമ്പത് മണിയോടെ റിസോര്‍ട്ടില്‍ എത്തിയ മാവോവാദികള്‍ ഉടമയോട് പണം ആവശ്യപ്പെട്ടുവെന്നും ഇത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചുവെന്നും പോലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് നടത്തിപ്പുകാര്‍ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പോലിസ് സംഘവും തണ്ടര്‍ബോള്‍ട്ടും മാവോവാദികളെ നേരിടുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

എന്നാല്‍ ജലീലിന്റേത് പൊലീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഏറ്റമുട്ടല്‍ കൊലപാതകമായിരുന്നെന്ന് ജലീലിന്റെ കുടുംബം ആരോപിച്ചിരുന്നു. വസ്തുതകള്‍ പുറത്ത് കൊണ്ടുവരുന്നതിന് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നു. 2019 ജൂലൈയില്‍ ജലീലിന്റെ സഹോദരനും 'ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം' സംസ്ഥാന സെക്രട്ടറിയുമായ സി.പി. റഷീദ് വയനാട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി.

തലക്കേറ്റ വെടി കാരണമാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പുറത്തുവന്നിട്ടുണ്. ജലീലിന്റെ ശരീരത്തില്‍ മൂന്നിടങ്ങളിലായി വേറെയും വെടിയേറ്റിരുന്നു. ഏക പക്ഷീയമായ വെടിവെപ്പാണ് ഉണ്ടായതെന്നതിനുള്ള തെളിവായി ഇതെല്ലാമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വയനാട് ജില്ലാ സെഷന്‍സ് കോടതി ജലീലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന്റെ പരാതികള്‍ കൂടെ പരിഗണിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് 2019ല്‍ ആവശ്യപ്പെട്ടിരുന്നു. മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നതിന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ എല്ലാ തെളിവുകളുമുണ്ടെന്നു പറഞ്ഞ പോലിസ് ഒന്നര വര്‍ഷമാകാറായിട്ടും അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

Next Story

RELATED STORIES

Share it