Latest News

ഓണാഘോഷം: കോഴിക്കോട് നഗരത്തെ ഉണര്‍ത്തി നാടന്‍പാട്ടും മാജിക് ഷോയും

ഓണാഘോഷം: കോഴിക്കോട് നഗരത്തെ ഉണര്‍ത്തി നാടന്‍പാട്ടും മാജിക് ഷോയും
X

കോഴിക്കോട്: ജില്ലാതല ഓണാഘോഷത്തോടനുബന്ധിച്ച് മാനാഞ്ചിറ മൈതാനിയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കേരള ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ഗിരീഷ് ആമ്പ്ര നയിച്ച പാട്ടുകൂട്ടം നാടന്‍ പാട്ടുകളുമായെത്തിയപ്പോള്‍ മാനാഞ്ചിറയില്‍ ജനം തടിച്ചു കൂടി. സംഘം അവതരിപ്പിച്ച മണ്ണിന്റെ മണമുള്ള പാട്ടുകള്‍ സായാഹ്നം ആസ്വദിക്കാന്‍ എത്തിയവരെ ആവേശത്തിലാഴ്ത്തി. താരക പെണ്ണാളേ എന്ന പാട്ടില്‍ നിന്നാരംഭിച്ച നാടന്‍ പാട്ടിന്റെ ശീലുകള്‍ ഓരോന്നായി നഗരത്തില്‍ പെയ്തിറങ്ങി. സംഘം അവതരിപ്പിച്ച കൂട്ടായ്മയുടെ പാട്ടുകള്‍ കാണികളും ഏറ്റു പാടി. കലാഭവന്‍ മണിയുടെ പാട്ടുകള്‍ കോര്‍ത്തിണക്കിയ ഗാനം സംഗീത പ്രേമികള്‍ കൈത്താളത്തോടെ സ്വീകരിച്ചു. മണ്ണും, വാനവും, ഊരുമെല്ലാം നാടന്‍ പാട്ടിലൂടെ വീണ്ടുമറിഞ്ഞപ്പോള്‍ മാനാഞ്ചിറയിലെത്തിയവര്‍ മെയ്ത്താളത്തോടെ കൂടെയാടി.

പരിപാടിയുടെ ഭാഗമായി നടന്ന മാജിക് ഷോ കാണികളില്‍ ആവേശം തീര്‍ത്തു. പ്രശസ്ത മജീഷ്യന്‍ സനീഷ് വടകരയാണ് കണ്‍കെട്ടു വിദ്യകളിലൂടെ കാണികളെ കയ്യിലെടുത്തത്.ശൂന്യതയില്‍ നിന്നും വര്‍ണ്ണാഭമായ പൂക്കളും നിറപ്പകിട്ടാര്‍ന്ന കടലാസുകളും പുറത്തെടുത്തത് കാഴ്ചക്കാര്‍ കൗതുകത്തോടെ നോക്കി നിന്നു. കണ്ണിന് കുളിര്‍മയേകുന്ന ജാലവിദ്യകള്‍ കാണികള്‍ കരഘോഷത്തോടെ സ്വീകരിച്ചു.ഗാനത്തിനൊപ്പമുള്ള മജീഷ്യന്റെ ചുവടുകളും കൂടിച്ചേര്‍ന്നപ്പോള്‍ കാണികള്‍ അകമഴിഞ്ഞു ആസ്വദിച്ചു.

Next Story

RELATED STORIES

Share it