Latest News

ഇന്ധന വിലവര്‍ധന: മോഡി ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നുവെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ

കഴിഞ്ഞ പത്തു ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയുമാണ് കൂട്ടിയത്. സബ്‌സിഡി സിലിണ്ടറിന് വില ആയിരം കടന്നു

ഇന്ധന വിലവര്‍ധന: മോഡി ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നുവെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ
X

തിരുവനന്തപുരം: അന്യായമായ ഇന്ധന വില വര്‍ധനയിലൂടെ മോഡിയും പരിവാരങ്ങളും രാജ്യത്തെ ജനങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. പെട്രോള്‍, ഡീസല്‍, പാചക വാതകം, പ്രകൃതി വാതകം, മണ്ണെണ്ണ തുടങ്ങി സര്‍വ ഇന്ധനങ്ങള്‍ക്കും തീപിടിക്കുന്ന രീതിയിലാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയുമാണ് കൂട്ടിയത്. സബ്‌സിഡി സിലിണ്ടറിന് വില ആയിരം കടന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 256 രൂപയാണ്. ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില 2250 രൂപയായിരിക്കുന്നു. ഒരു കിലോ സിഎന്‍ജിക്ക് ഒന്‍പത് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എല്ലാറ്റിനുമുപരിയായി മണ്ണെണ്ണ ലിറ്ററിന് 28 രൂപയും വര്‍ധിപ്പിച്ചിരിക്കുന്നു.

ഈ വര്‍ഷമാദ്യം 53 രൂപയായിരുന്ന മണ്ണെണ്ണ രണ്ടു തവണത്തെ വര്‍ധനയോടെ റേഷന്‍ കടകളില്‍ ഈ മാസം മുതല്‍ ഒരു ലിറ്ററിന് 81 രൂപ നല്‍കണം. കൂടാതെ മണ്ണെണ്ണ വിഹിതം 40 ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഇന്ധന വില വര്‍ധിക്കാത്തത് പൊതുതിരഞ്ഞെടുപ്പ് വേളയില്‍ മാത്രമായി മാറിയിരിക്കുന്നു. ഇന്ധന വിലയ്ക്കു പുറമേ അവശ്യമരുന്നുകളുടെ വില 11 ശതമാനത്തോളം വര്‍ധിച്ചിരിക്കുന്നു. കാന്‍സര്‍ മരുന്നുകള്‍, ബൈപാസ് സ്‌റ്റെന്റുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വില അമിതമായി വര്‍ധിച്ചതിനാല്‍ രോഗികളുടെ അതിജീവിനം പോലും അസാധ്യമായിരിക്കുന്നു. ഇത്തരത്തില്‍ രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ടും അവശ്യമരുന്നുകള്‍ പോലും കിട്ടാക്കനിയാക്കിയും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ശക്തമായ പോരാട്ടങ്ങള്‍ക്ക് ഇന്ത്യന്‍ ജനത തയ്യാറാവണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it