Latest News

ഒഡീഷ ജിന്‍ഡാല്‍ സ്റ്റീല്‍ പ്ലാന്റ്; പ്രതിഷേധക്കാര്‍ക്കെതിരേ നടന്നത് ക്രൂരമായ ആക്രമണമെന്ന് വസ്തുതാന്വേഷണ റിപോര്‍ട്ട്

ഒഡീഷ ജിന്‍ഡാല്‍ സ്റ്റീല്‍ പ്ലാന്റ്; പ്രതിഷേധക്കാര്‍ക്കെതിരേ നടന്നത് ക്രൂരമായ ആക്രമണമെന്ന് വസ്തുതാന്വേഷണ റിപോര്‍ട്ട്
X

ഒഡീഷയില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ പ്ലാന്റിനു വേണ്ടി ഭൂമി പിടിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചവര്‍ നേരിട്ട ആക്രമണങ്ങള്‍ വെളിപ്പെടുത്തി വസ്തുതാന്വേഷണ റിപോര്‍ട്ട്. ഒഡീഷയിലെ ജഗസ്ത്സിംഗ്പൂര്‍ ജില്ലയില്‍ ദിങ്കിയ ഗ്രാമത്തില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ വര്‍ക്‌സ് ലിമിറ്റഡിനുവേണ്ടി ഭൂമി പിടിച്ചെടുക്കുന്നതിനെതിരേ നടന്ന സമരമാണ് ഒഡീഷ പോലിസ് കടുത്ത രീതിയില്‍ അടിച്ചമര്‍ത്തിയത്. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ വനിതാപോലിസില്ലാതെ കൈകാര്യം ചെയ്തതും പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നേരിട്ട കസ്റ്റഡി മര്‍ദ്ദനത്തിന്റെ വിവരങ്ങളും റിപോര്‍ട്ടിലുണ്ട്. സിവില്‍ സൊസൈറ്റി ഫോറം ഓണ്‍ ഹ്യൂമണ്‍ റൈറ്റ്‌സ്, ഹ്യൂമണ്‍ റൈറ്റ്‌സ് ഡിഫെന്‍ഡേഴ്‌സ് അലെര്‍ട്ട്-ഇന്ത്യ, ഇന്ത്യന്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം എന്നിവര്‍ സംയുക്തമായാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

സമരത്തിനു നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റിലായ ദേബേന്ദ്ര സ്വെയ്‌നും അദ്ദേഹത്തിന്റെ കുടുംബവും ദിങ്കിയയിലെ ഗ്രാമീണരും നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. അറസ്റ്റിലായവര്‍ക്കെതിരേ പോലിസ് കള്ളക്കേസുകള്‍ ചുമത്തി. പോലിസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കമ്പനി ഗുണ്ടകളും അതിനുവേണ്ടി ഗൂഢാലോചന നടത്തി. ഗ്രാമീണരുടെ വെറ്റില അടക്കമുള്ള കാര്‍ഷിക വിളകള്‍ പോലിസും ഗുണ്ടകളും ചേര്‍ന്ന് നശിപ്പിച്ചു. വീടുകള്‍ക്കുനേരെയും ആഗ്രമണമുണ്ടായി. പോലിസും തദ്ദേശ അധികാരികളും ചേര്‍ന്ന് പ്രദേശത്തെ ഹൈ സെക്യൂരിറ്റി സോണ്‍ ആക്കി മാറ്റി. മൂന്ന് പോലിസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. ആധാര്‍ കാര്‍ഡ് കാണിച്ചാണ് ഗ്രാമീണരെ കടത്തിവിടുന്നത്- എന്നിവയാണ് പ്രധാന കണ്ടെത്തലുകള്‍.



2022 ജനുവരി 12ന് ഒഡീഷ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷന്‍ പദ്ധതിക്കു ചുറ്റും ഒരു മതില് നിര്‍മിക്കാന്‍ തുടങ്ങിയതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അതിനുവേണ്ടി കമ്പനി പുറത്തുനിന്നും തൊഴിലാളികളെ കൊണ്ടുവന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. അവര്‍ ഒഡീഷയിലെ മറ്റ് ആക്റ്റിവിസ്റ്റുകളോടും സഹായം അഭ്യര്‍ത്ഥിച്ചു.


ജനുവരി 14ന് അവര്‍ ഗ്രാമത്തില്‍ ഒരു പ്രതിഷേധ റാലി നടത്തി. വിളവുകള്‍ നശിപ്പിച്ചതിനെതിരേയും പ്രതിഷേധിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ നൂറുകണക്കിന് പോലിസുകാര്‍ റാലി തടഞ്ഞു. ഒരു മുന്നറിയിപ്പും കൂടാതെ പ്രതിഷേധക്കാരെ തല്ലിച്ചതച്ചു. അതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.


പ്രതിഷേധക്കാരില്‍ കൂടുതലും സ്ത്രീകളായിരുന്നുവെങ്കിലും അവരെ നേരിട്ടത് പുരുഷ പോലിസുകാരായിരുന്നു. ആക്രമണത്തില്‍ 30 ഗ്രാമീണര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും ആക്രമണത്തിനിരയായി. ആയിരത്തോളം പോലിസുകാരാണ് പ്രതിഷേധക്കാരുടെ വീടുകളിലേക്ക് ഇരച്ചുകയറിയത്.

സമരത്തിനു നേതൃത്വം നല്‍കുന്ന ദേബേന്ദ്ര സ്വെയ്ന്‍, മുരളീധര്‍ സാഹു, നരേന്ദ്ര മൊഹന്ദി മറ്റ് മൂന്ന് പേര്‍ എന്നവര്‍ക്കെതിരേ അഭയ്ചന്ദ്പൂര്‍ പോലിസ് കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐപിസിയിലെ 147, 148, 323, 324, 354, 353, 307, 427, 506, 186, 149 തുടങ്ങിയവയാണ് പ്രധാന വകുപ്പുകള്‍. പോലിസിനെ ആക്രമിച്ചതിനും കേസുണ്ട്.

പ്രതിഷേധക്കാരില്‍ മിക്കവര്‍ക്കും പരിക്കുകളുണ്ട്. അവര്‍ പിന്നീട് പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡി പീഡനത്തിനും ഇരയായി. പുലര്‍ച്ചെ 2 മണിക്ക് അവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിച്ചു. അഭിഭാഷകരെയോ കുടുംബത്തെയോ മാധ്യമങ്ങളെയോ സമീപിക്കാനുള്ള അവസരം നിഷേധിച്ചു. ലോക്കല്‍ പോലിസിന്റെ നടപടികള്‍ സംശയാസ്പദമാണെന്നാണ് റിപോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് വസ്തുതാന്വേഷണത്തിന് നേതൃത്വം നല്‍കിയ സിവില്‍ സൊസൈറ്റി ഫോറം ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രസിഡന്റ് ബഘംബര്‍ പട്‌നായിക്, ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫെന്‍ഡര്‍ അലെര്‍ട്ട് ഇന്ത്യ നാഷണല്‍ വര്‍ക്കിങ് സെക്രട്ടറി ഹെന്‍ട്രി ടിഫാഗ്നെ, ഇന്ത്യന്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം നാഷണല്‍പ്രസിഡന്റ് വിദ്യ ദിന്‍കെര്‍ എന്നിവര്‍ ഒഡീഷ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷനും അവര്‍ പരാതി നല്‍കിയിട്ടുണ്ട്.

2021 ഡിസംബര്‍ 18നാണ് വസ്തുതാന്വേഷണം നടത്തിയത്. ജനുവരി 16ന് റിപോര്‍ട്ട് പുറത്തുവിട്ടു.

സൗത്ത് കൊറിയന്‍ കമ്പനിയായ പോസ്‌കൊ പിന്‍മാറിയ ശേഷമാണ് ജിന്‍ഡാല്‍ ദിങ്കിയ പദ്ധതി ഏറ്റെടുക്കുന്നത്.

Next Story

RELATED STORIES

Share it