Latest News

ഇരയല്ല; അതിജീവിതയെന്ന് നടി ഭാവന

ഇരയല്ല; അതിജീവിതയെന്ന് നടി ഭാവന
X

മലയാളി സിനിമാ താരം ഭാവന തനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമം തുന്നുപറഞ്ഞു. പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് നടത്തുന്ന വി ദി വുമണ്‍ എന്ന പരിപാടിയിലാണ് അവര്‍ അഞ്ച് വര്‍ഷത്തിനുശേഷം തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. മോജോ സ്‌റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്.

കോടതിയിയുടെ പരിഗണനയിലായതിനാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പറയാനാവില്ലെന്ന് തുന്നുപറഞ്ഞുകൊണ്ടായിരുന്നു അവര്‍ വെറുമൊരു ഇരയെന്നതിലുപരി അതിജീവിതയായി വേണം തന്നെ അടയാളപ്പെടുത്താനെന്ന് ആവശ്യപ്പെട്ടത്.

ലൈംഗികാതിക്രമങ്ങള്‍ നടന്നിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായി. ഏറെ ബുദ്ധിമുട്ടേറിയ ജീവിതമായിരുന്നു അതിനുശേഷം കടന്നുപോയത്. ഒരു പാട് പേര്‍ കൂടെ നിന്നു. അതുപോലെത്തന്നെ വ്യക്തിപരമായി അറിയാത്തവര്‍ പോലും എതിരേ ചാനലുകളിലിരുന്ന് വിമര്‍ശനം ഉന്നയിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പലരും താന്‍തന്നെ കെട്ടിച്ചമച്ച കേസാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. അതൊക്കെ ഒരുപാട് വേദനിപ്പിച്ചു. കുറേകാലം സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനിന്നു. ദീര്‍ഘകാലത്തിനുശേഷം തിരിച്ചുവന്നപ്പോള്‍പോലും മോശം കമന്റുകള്‍ കേള്‍ക്കേണ്ടിവന്നു. കുറേകഴിഞ്ഞപ്പോള്‍ ഈ നാട് വിട്ടുപോകാന്‍ പോലും തോന്നി. വേറെ എവിടെയെങ്കിലും പോയി ജീവിക്കാന്‍ ആലോചിച്ചിരുന്നു.

കോടതി അനുഭവങ്ങള്‍ വേദനാജനകമായിരുന്നു. മാനസികമായി ബുദ്ധിമുട്ടുണ്ടായി. ആക്രമണത്തിനു വിധേയയായ താന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യതപോലും ഉണ്ടായി. അപ്പോള്‍ ഒറ്റയ്ക്കായപോലെ തോന്നി. പിന്നീട് തെറ്റുകാരിയെന്ന് പറഞ്ഞവര്‍ക്കുമുന്നില്‍ സ്വയം തെളിയിക്കണമെന്ന് തോന്നി. 15 ദിവസത്തെ കോടതിജീവിതമാണ് അങ്ങനെയൊരു ചിന്തയ്ക്ക് കാരണമായത്.

എതിര്‍ത്തവരെപ്പോലെ അനുകൂലിച്ചവരും കൂടെനിന്നവരും ഒരുപാടുണ്ടായിരുന്നു. പൃഥ്വിരാജ്, ആഷിക്ക് അബു, ഷാജി കൈലാസ്, ഭദ്രന്‍, ജയസൂര്യ തുടങ്ങി ചിലരുടെ പേരുകളും എടുത്തുപറഞ്ഞു.

സംഭവത്തിനുശേഷം ഒരുപാട് അവസരങ്ങള്‍ നഷ്ടമായി. പിന്നീട് ചിലര്‍ അവസരം തന്നെങ്കിലും അത് ഉപയോഗിച്ചില്ല. മറ്റ് ഭാഷകളില്‍ അഭിനയിക്കാനായി. ഭര്‍ത്താവ്, കുടുംബം, സുഹൃത്തുക്കള്‍, അറിയുകപോലും ചെയ്യാത്ത ഒരു പാട് മനുഷ്യര്‍ ഇവരൊക്കെ കൂടെനിന്നു. അവിചാരിതമായി കണ്ടുമുട്ടുമ്പോള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞു. അതൊക്കെ ആശ്വാസം നല്‍കി. കേസ് ജയിക്കും തന്റെ പോരാട്ടം വിജയിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ലൈംഗിക പീഡനത്തിനിരയാകുന്നവരുടെ പേരും സ്വത്വവും മറച്ചുവയ്ക്കുന്നതാണ് പൊതു രീതി. അതിലൊരു പൊളിച്ചെഴുത്താണ് ഭാവന ഇന്ന് നടത്തിയത്.

Next Story

RELATED STORIES

Share it